ദി ഗ്രേറ്റ് ടേസ്റ്റി കിച്ചൺ
text_fieldsതനിനാടൻ വിഭവങ്ങൾ മുതൽ അപൂർവങ്ങളായ ആയിരക്കണക്കിന് അറബിക് രുചിക്കൂട്ടുകൾ വരെ. സ്വാദൂറും വിഭവങ്ങളുടെ പാചക രഹസ്യമറിയാൻ കാത്തിരിക്കുന്നവരും ഭക്ഷണപ്രിയരും പാചകതല്പരരുമായ 15 ലക്ഷത്തിലേറെ പേർ. ഇവരെയെല്ലാം സംതൃപ്തരാക്കുന്ന രുചിക്കൂട്ടുകൾ ഒരുങ്ങുന്നത് ഉമ്മുൽഖുവൈനിലെ ഒരു അടുക്കളയിൽനിന്നാണ്.
ഭാഷയുടെയും ദേശത്തിെൻറയുമെല്ലാം അതിരുകൾ മായ്ക്കുന്ന ഇൗ സ്നേഹരുചികൾക്ക് പിന്നിൽ മലപ്പുറം തിരൂർ സ്വദേശിയായ ആയിഷ എന്ന യുവതിയാണ്. പാചകത്തിലെ പുതുപരീക്ഷണങ്ങൾ തേടി ഒരിക്കലെങ്കിലും യൂട്യൂബിൽ കയറിയവർക്ക് സംഗതി പെട്ടെന്ന് കത്തും - Ayesha's Kitchen എന്നപേരിൽ ഏതാണ്ട് 1.33 മില്യൺ പേർ പിന്തുടരുന്ന യൂട്യൂബ് ചാനലിെൻറ ഉടമ. രുചിവൈവിധ്യം വിളമ്പി യൂട്യൂബിൽ നിന്ന് ആയിഷ പ്രതിമാസം വാരിയെടുക്കുന്നത് ലക്ഷങ്ങൾ.
ഭക്ഷണം കഴിക്കാൻവേണ്ടി മാത്രം അടുക്കളയിൽ കയറിയിരുന്ന ഒരു പെൺകുട്ടിയായിരുന്നു നേരത്തെ ആയിഷ. ഉമ്മയും സഹോദരങ്ങളും ബന്ധുക്കളുമെല്ലാം തയാറാക്കുന്ന കൊതിയൂറും വിഭവങ്ങൾ കഴിച്ച് അഭിപ്രായം പറഞ്ഞ് അടങ്ങിയിരുന്ന അവൾ, ആയിരക്കണക്കിന് പാചകപ്രിയരുടെ പ്രിയപ്പെട്ട ഉപദേശകയുടെ സ്ഥാനത്തേക്ക് മാറിയത് പെട്ടെന്നായിരുന്നു.
കാര്യങ്ങൾ മാറിയത് കല്യാണത്തോടെ
കുടുംബങ്ങളിലെ വിവാഹങ്ങളിലും വിരുന്നുസൽക്കാരങ്ങളിലും വിളമ്പുന്ന വിഭവങ്ങളെല്ലാം സ്വന്തം വീട്ടുകാരുടെ കൈപ്പുണ്യമായിരുന്നിട്ടു പോലും ആയിഷ അതിലൊന്നും അൽപം പോലും ശ്രദ്ധിച്ചിരുന്നില്ല. അക്കാലത്ത് ആയിഷക്ക് ആകെ അറിയാവുന്നത് പുഡിങ്ങുണ്ടാക്കാൻ മാത്രം. മെക്കാനിക്കൽ എൻജിനീയറായ മുഹമ്മദ് തൻവീർ ഭർത്താവായി കടന്നുവന്നതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്ന് ആയിഷ പറയുന്നു. രുചിയുള്ള ഫുഡ് എവിടെയുണ്ടെന്ന് കേട്ടാലും അവിടം വരെ കാറെടുത്ത് പോയി കഴിച്ചുമടങ്ങുന്ന തരത്തിൽ ഫുഡിനോട് അത്രയും ക്രേസാണ് തൻവീറിന്.
തനി നാടൻ വിഭവങ്ങളാണേൽ പറയുകയേ വേണ്ട!. ഭർത്താവിനൊപ്പം യു.എ.ഇയിലേക്ക് താമസം മാറിയതോടെ പുഡിങ് കൊണ്ട് അധികകാലമൊന്നും പിടിച്ചുനിൽക്കാനാവില്ലെന്ന തിരിച്ചറിവിലാണ് നേരെ അടുക്കളയിലേക്ക് കയറിയത്. ഉമ്മയുടെയും ബന്ധുക്കളുടെയും സഹായത്തോടെ ആദ്യം ഫോൺ വഴി പാചകപഠനം തുടങ്ങി. അൽപമൊന്ന് പഠിച്ചതോടെ പരീക്ഷണങ്ങളായി, ആദ്യ ശ്രമങ്ങൾ അടിപൊളിയായി പാളി. ഒടുവിൽ സന്തോഷം പകർന്ന വിജയം... ഇങ്ങനെയായി കാര്യങ്ങൾ. തോറ്റുപിന്മാറാനില്ലെന്ന ദൃഢനിശ്ചയംതന്നെയാണ് തന്നെ തുണച്ചതെന്ന് ആയിഷ ഇന്ന് മന്ദഹാസത്തോടെ പറയുന്നു.
ഫേസ്ബുക്ക് വഴി വ്ലോഗിങിലേക്ക്
തയാറാക്കുന്ന ഓരോ ഭക്ഷണവും രുചിച്ചുനോക്കി ഭർത്താവ് കൃത്യമായി അഭിപ്രായം പറയും. വിമർശനാത്മകമായ ഇൗ പ്രതികരണങ്ങൾ തന്നെയാണ് ആയിഷയെ നല്ലൊരു പാചകക്കാരിയാക്കിയത്. പത്തും പതിനഞ്ചും തവണ പരാജയപ്പെട്ടുപോയ വിഭവങ്ങൾ പിന്നീട് നന്നാക്കി തയാറാക്കിയെടുത്ത സന്ദർഭങ്ങൾ നിരവധിയാണ്. പാചകത്തിൽ ശ്രദ്ധ പതിഞ്ഞതോടെ ചെറിയൊരു ബ്ലോഗ് തുടങ്ങി. റെസിപ്പികളും ഫോട്ടോകളും പബ്ലിഷ് ചെയ്തിരുന്ന ബ്ലോഗ് എന്നാൽ അധികമാർക്കും അറിയില്ലായിരുന്നു.
താമസിയാതെ ഫേസ്ബുക്കിലൊരു അക്കൗണ്ട് തുടങ്ങി. പിന്നാലെ ഒരു പേജും. ഇന്ന് നാലു ലക്ഷത്തിലേറെ പേരിലേക്കാണ് പേജിലെ ഓരോ പോസ്റ്റുകളുമെത്തുന്നത്. രണ്ടു വർഷം മുമ്പ് യൂട്യൂബ് ചാനൽ ആരംഭിച്ചു. അമ്പരപ്പിച്ച പ്രതികരണമാണ് യൂട്യൂബ് ചാനലിൽ വിഡിയോ അപ് ലോഡ് ചെയ്തതോടെ ലഭിച്ചതെന്ന് ആയിഷ.
ഇന്ന് 1.33 മില്യൺ സബ്ക്രൈബേഴ്സാണ് ആയിഷയുടെ കൈപുണ്യം അറിയാനായി കാത്തിരിക്കുന്നത്. തുടക്കത്തിൽ പാചകനിപുണരായ ബന്ധുക്കളിൽ നിന്ന് റെസിപ്പി വാങ്ങിയാണ് വിഡിയോ ഷൂട്ട് തുടങ്ങിയത്. ഭർതൃമാതാവിെൻറ തനി നാടൻ പാചകരീതികളും ഹോം റെമഡീസുമെല്ലാം യൂട്യൂബിൽ നല്ലപ്രതികരണമുണ്ടാക്കി.
ഇപ്പോൾ സ്വീറ്റ്സും സ്നാക്സുമാണ് ആയിഷാസ് കിച്ചനിലെ സ്പെഷൽ. പ്രേക്ഷകരിൽ കൂടുതൽ പേർ ആവശ്യപ്പെടുന്നതും ഇതാണ്.പാചകത്തിനും ഷൂട്ടിനും മുഴുവൻ സമയ പിന്തുണയുമായി ഭർത്താവിെൻറ മാതാവാണ് ആയിഷക്ക് കൂട്ട്. നാട്ടിലെത്തിയാൽ ഇൗ റോൾ ഭർതൃസഹോദരിക്കാണ്. ചാനലിൽ വീഡിയോ ഇടുന്നതിൽ മാത്രം തീരുന്നില്ല വ്ലോഗറുടെ റോൾ. വീഡിയോ കാണുന്നവരുടെ സംശയങ്ങൾ, പ്രതികരണങ്ങൾ, അഭിപ്രായങ്ങൾ എല്ലാത്തിനും കൃത്യമായി റിെപ്ലെ ചെയ്യാനും സമയം കണ്ടെത്തണം. വിദ്യാർഥികളായ ഫാത്തിമ റിസറീൻ, ആയിഷ സെബ റോസ്, ആമിന റുഹി സോയൽ എന്നിവരാണ് മക്കൾ.
റിവ്യൂവാണ് മെയിൻ
മല്ലു ഫുഡ് വ്ളോഗറെന്ന് പറഞ്ഞാൽ നാട്ടിലും പ്രവാസിലോകത്തും ആദ്യത്തെ പേരുകളിലൊന്ന് ആയിഷാസ് കിച്ചൺ തന്നെ. അതുകൊണ്ടു തന്നെ നാട്ടിലെയും ഗൾഫ്നാട്ടിലെയും പ്രമുഖ സ്ഥാപനങ്ങൾക്കെല്ലാം ആയിഷയുടെ റിവ്യൂ വളരെ പ്രധാനപ്പെട്ടതാണ്. പുതിയൊരു ഉല്പന്നമോ സേവനമോ സ്ഥാപനമോ ലോഞ്ച് ചെയ്യുന്നവർ ആദ്യം ഓടിയെത്തുന്നതും ഇൗ വ്ളോഗറുടേ അടുത്തേക്കാണ്. പുതിയ മൊബൈൽ ആപ്പുകളുടെ ലോഞ്ചിംഗിന് ആയിഷയുടെ സഹായം തേടുന്നവരും നിരവധി.
അറിഞ്ഞു നോക്കി കൃത്യമായ അഭിപ്രായം പറയുമെന്നത് തന്നെയാണ് വലിയ പ്രത്യേകത. ഫേസ്ബുക്കിൽ നാല് ലക്ഷത്തോളം പേർ ആയിഷയെ പിന്തുടരുമ്പോൾ ഇൻസ്റ്റഗ്രാമിലെ സ്റ്റോറികൾ ദിവസവും ശ്രദ്ധിക്കാനെത്തുന്നത് 91000ൽപ്പരം പേരാണ്. കൊതിയൂറും റെസിപ്പികൾക്കൊപ്പം പ്രോഡക്ട് അൺബോക്സിംഗ്, റസ്റ്റാറൻറ് റിവ്യൂ, പ്രോഡക്ട് റിവ്യൂ എന്നിവ അറിയാൻ ആയിഷാസ് കിച്ചൺ യൂട്യൂബ് ചാനലിലെത്തുന്നവരും നിരവധിയാണ്. ഇതിനകം നൂറുകണക്കിന് ഉല്പന്നങ്ങളുടെയും സ്ഥാപനങ്ങളുടെയും റിവ്യൂ ആയിഷ നടത്തിക്കഴിഞ്ഞു.
റസ്റ്റാറൻറുകളിലെ വിഭവങ്ങളാണെങ്കിൽ രുചിച്ചു നോക്കി നല്ലാതാണെങ്കിൽ മാത്രമേ പ്രമോട്ട് ചെയ്യൂ. ഉല്പന്നങ്ങൾ സ്വയം ഉപയോഗിച്ച് നോക്കാതെ എങ്ങനെ മറ്റുള്ളവരോട് നിർദേശിക്കാനാവും. എന്നെ വിശ്വാസമുള്ളവരാണ് യൂട്യൂബിലും ഇൻസ്റ്റയിലുമെല്ലാം പിന്തുടരുന്നത്. ആ വിശ്വാസം തകർക്കാൻ എനിക്കാവില്ല -കൃത്യമായ ചേരുവകൾ പോലെ തന്നെ കിറുകൃത്യമാണ് ആയിഷയുടെ വാക്കുകളും.
(Ayesha's Kitchen +971 55 681 7689)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.