പ്രവൃത്തിപരിചയ മേള: പരിമിതികളെ അതിജീവിച്ച് നന്ദനക്ക് ഒന്നാം സ്ഥാനം
text_fieldsകോഴഞ്ചേരി: കോഴഞ്ചേരി ഉപജില്ല പ്രവൃത്തിപരിചയ മേളയിൽ ഇക്കണോമിക് ന്യൂട്രീഷൻ ഫുഡ് ഐറ്റംസ് ആൻഡ് വെജിറ്റബിൾ ഫ്രൂട്ട് പ്രിസർവേഷൻ ഐറ്റം നിർമാണത്തിൽ (ഹൈസ്കൂൾ വിഭാഗം) പരിമിതികളെ അതിജീവിച്ച് നന്ദന ഒന്നാം സ്ഥാനം നേടി.
നാരങ്ങാനം ഗവ. ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. ജന്മന അരക്കുതാഴെ തളർന്ന് ചലനശേഷി നഷ്ടപ്പെട്ട നന്ദന ഗൃഹാധിഷ്ഠിത വിദ്യാഭ്യാസമാണ് നടത്തുന്നത്. പഠനത്തിലും മിടുക്കിയായ ഈ പെൺകുട്ടി പാചകത്തോടൊപ്പം സീഡ് പെന്‍, എൻവലപ്, പേപ്പർഫയൽ എന്നിവയുടെ നിർമാണത്തിലും ഏർപ്പെടുന്നുണ്ട്.
പ്ലാവില തോരൻ, ചേന മീൻ കറി, വൈറ്റ് സോസ്, ചെമ്പരത്തിപ്പൂവ് ജ്യൂസ്, ഫ്രൈഡ് റൈസ്, കപ്പ പുഴുങ്ങിയത് കാന്താരി ചമ്മന്തി, ഫ്രൂട്ട് സലാഡ്, വെജിറ്റബിൾ സലാഡ്, സംഭാരം, കാരറ്റ് പുട്ട് തുടങ്ങിയ പതിനൊന്നിലധികം ഭക്ഷ്യവിഭവങ്ങൾ രണ്ടുമണിക്കൂർ കൊണ്ട് പാചകം ചെയ്താണ് ഒന്നാം സ്ഥാനം നേടിയത്.
നന്ദനയുടെ പഠന പഠനേതര പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയും സഹായവും നൽകുന്നത് കോഴഞ്ചേരി ബി.ആർ.സിയിലെ സ്പെഷൽ എജുക്കേറ്ററായ പ്രിയ പി. നായരാണ്. നാരങ്ങാനം ചാന്ദ്രത്തിൽപടി കുറിയനേത്ത് വീട്ടിൽ ഓട്ടോ ഡ്രൈവറായ മനോജിന്റെയും ശ്രീവിദ്യയുടെയും മകളാണ്.
ഹൃദ്രോഗബാധയെ തുടര്‍ന്ന് വീട്ടിൽ വിശ്രമിക്കുന്ന മനോജ് ജീവിതപ്രാരാബ്ധങ്ങൾക്ക് നടുവിലും എല്ലാ പിന്തുണയുമായി മകൾക്കൊപ്പമുണ്ട്. നാരങ്ങാനം ജി.എച്ച.എസില്‍ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കീര്‍ത്തന ഏക സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.