പിസ ഓർഡർ കാൻസൽ ചെയ്ത സൊമാറ്റോ 10,000 രൂപ നഷ്ടപരിഹാരം നൽകണം; ഒപ്പം ഒരു ഫ്രീ പിസയും
text_fieldsഓൺലൈനിലൂടെ ഉപഭോക്താവ് നൽകിയ പിസ ഓർഡർ കാൻസൽ ചെയ്ത സംഭവത്തിൽ സൊമാറ്റോ 10,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ചണ്ഡീഗഡ് ഉപഭോക്തൃ കമീഷന്‍റെ ഉത്തരവ്. ഒപ്പം ഒരു ഫ്രീ പിസയും ഉപഭോക്താവിന് നൽകണം. സേവനം നൽകുന്നതിലെ വീഴ്ചയും ശരിയല്ലാത്ത കച്ചവടരീതിയും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
അജയ് ശർമ എന്നയാളാണ് പരാതിക്കാരൻ. ഒരു ദിവസം രാത്രി 10.15ന് ഇയാൾ ഓൺലൈനിലൂടെ പിസക്ക് ഓർഡർ ചെയ്തിരുന്നു. ഓൺലൈനിലൂടെ ഇതിന്‍റെ ചാർജും സൊമാറ്റോയുടെ 'ഓൺ-ടൈം' ഡെലിവറിക്കുള്ള അധിക ചാർജും അടച്ചിരുന്നു. എന്നാൽ, 10.30ഓടു കൂടി സൊമാറ്റോ ഈ ഓർഡർ സ്വയം കാൻസൽ ചെയ്യുകയും തുക റീഫണ്ട് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്നാണ് അജയ് ശർമ ഉപഭോക്തൃ കമീഷനിൽ പരാതി നൽകിയത്.
ഭക്ഷണം എത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ സൊമാറ്റോ ഓർഡർ സ്വീകരിക്കരുതായിരുന്നുവെന്ന് ഇയാളുടെ പരാതിയിൽ ചൂണ്ടിക്കാട്ടി. ഓൺ-ടൈം ഡെലിവറി എന്ന് വാഗ്ദാനം ചെയ്താണ് 10 രൂപ അധികം വാങ്ങിക്കുന്നത്. ഇതിലും വീഴ്ചവരുത്തിയതിലൂടെ മോശമായ വ്യാപാരരീതിയാണ് സൊമാറ്റോ നടത്തുന്നത് -പരാതിയിൽ പറയുന്നു.
ഉപഭോക്താവ് നേരിട്ട പ്രയാസത്തിന് സൊമാറ്റോ ഉത്തരവാദിയാണെന്ന് ഉപഭോക്തൃ കമീഷൻ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരവും നിയമപോരാട്ടത്തിന്‍റെ ചെലവുമായാണ് 10,000 രൂപ നൽകാൻ വിധിക്കുന്നത്. ഒപ്പം സൗജന്യമായി ഒരു ഭക്ഷണവും പരാതിക്കാരന് നൽകണം. 30 ദിവസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്നും കമീഷൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.