തണുപ്പല്ലേ; കുടിക്കാൻ പറ്റിയ ചൂടു പാനീയങ്ങൾ എന്തൊക്കെ?
text_fieldsബഹ്റൈൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ തണുപ്പ് നന്നായി കൂടി വരുന്നു. ഒപ്പം ശക്തമായ ശീതക്കാറ്റും. തണുത്തു വിറക്കുമ്പോൾ ചൂടുള്ളതെന്തെങ്കിലും കുടിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ആരും കൊതിച്ചുപോകും.
തണുപ്പു കാലത്ത് കുടിക്കാൻ പറ്റിയ ചൂട് പാനീയങ്ങൾ എന്തൊക്കെയെന്ന് വിശദമാക്കുകയാണ് ഗൾഫ് ഹെൽത്ത് കൗൺസിൽ. ആരോഗ്യകരമായ പാനീയങ്ങളും തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയെന്ന് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലുടെ പ്രസിദ്ധീകരിച്ച ലഘുലേഖയിൽ കൗൺസിൽ വിശദീകരിക്കുന്നുണ്ട്.
കറക്ക് ചായ
കറക്ക് ചായ ആണ് ഈ സമയത്ത് കുടിക്കാൻ പറ്റിയ പാനീയങ്ങളിൽ ഒന്ന്. ശീതകാലത്ത് ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട പാനീയമാണ് കറക്ക് ചായ. ഓരോ രാജ്യത്തും കറക്ക് തയാറാക്കുന്നതിൽ ചെറിയ വ്യത്യാസമുണ്ട്. തേയില തിളപ്പിച്ച്, അതിൽ പാലും ഏലക്കായ, കുങ്കുമം തുടങ്ങിയവയും ചേർത്താണ് സാധാരണ കറക്ക് ടീ തയാറാക്കുന്നത്. ചിലർ കറുവാപ്പട്ടയും ഇഞ്ചിയും ചേർക്കാറുണ്ട്.
വായുസ്തംഭനം, വയറിന്റെ അസ്വസ്ഥതകൾ എന്നിവ തടഞ്ഞ് ദഹനത്തെ സഹായിക്കുന്ന ഏലക്കാ വായ്നാറ്റം തടയാനും ഉത്തമമാണ്. നിരവധി ഔഷധ ഗുണങ്ങളുള്ള ഇഞ്ചി ചേർത്ത കറക്ക് ചായ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഹൃദ്രോഗം ചെറുക്കുന്ന ആന്റി ഓക്സിഡന്റുകൾ അടങ്ങിയതാണ് നമ്മുടെ ഇഞ്ചി.
ഹോട്ട് ചോക്ലറ്റ് ഡ്രിങ്ക്
ഹോട്ട് ചോക്ലറ്റ് ഡ്രിങ്ക് കുടിക്കുന്നതും ശീതകാലത്ത് ഉത്തമമാണ്. കൊക്കോ പൗഡർ ഉപയോഗിച്ചോ അലിഞ്ഞ ചോക്ലറ്റ് ഉപയോഗിച്ചോ ഹോട്ട് ചോക്ലറ്റ് ഡ്രിങ്ക് തയാറാക്കാം. പാൽ അല്ലെങ്കിൽ വെള്ളം, ഒരു നുള്ള് കറുവാപ്പട്ടയുടെ പൊടി എന്നിവയും ചേർക്കാം. ഹൃദ്രോഗം തടയുന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയതാണ് ഡാർക്ക് ചോക്ലറ്റ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ കറുവാപ്പട്ട ഉപകരിക്കും. ഒരു ചെറിയ കപ്പ് ഹോട്ട് ചോക്ലറ്റ് ഡ്രിങ്കിൽ ഏകദേശം അഞ്ച് ടീസ്പൂൺ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ, മധുരമില്ലാത്ത ഡാർക്ക് ചോക്ലറ്റും കൊഴുപ്പു കുറഞ്ഞ ചൂടു പാൽ അല്ലെങ്കിൽ വെജിറ്റബിൾ മിൽക്കോ വെള്ളമോ ഉപയോഗിക്കുക.
ചായ
ലോകത്തെ ഏറ്റവും പ്രചാരമുള്ള പാനീയമാണ് ചായ. ഗ്രീൻ ടീ, ബ്ലാക്ക് ടീ, വൈറ്റ് ടീ എന്നീ ചായകളുണ്ട്. പഞ്ചസാര ചേർക്കാതെ ദിവസവും രണ്ടോ മൂന്നോ കപ്പ് ചായ കുടിക്കുന്നത് പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം എന്നിവ തടയും. ഉറക്കം നഷ്ടപ്പെടാതിരിക്കാൻ രാത്രി ഒമ്പതിനും പുലർച്ച മൂന്നിനും ഇടയിൽ കഫീൻ ചേർന്ന പാനീയം കുടിക്കുന്നത് ഒഴിവാക്കണമെന്ന് ഗൾഫ് ഹെൽത്ത് കൗൺസിൽ നിർദേശിക്കുന്നു.
പഞ്ചസാരയുടെ ഉപയോഗം പരമാവധി കുറക്കുകയോ പൂർണമായും ഒഴിവാക്കുകയോ ചെയ്യുന്നതാണ് ആരോഗ്യത്തിന് നല്ലത്. ദിവസവും ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവ് ക്രമേണ കുറച്ചു കൊണ്ടുവരുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കാം.
പഞ്ചസാരക്ക് പകരം തേൻ ഉപയോഗിക്കാമെന്ന് കരുതുന്നവരുണ്ട്. എന്നാൽ, പരിമിതമായ അളവിലേ തേൻ ഉപയോഗിക്കാൻ പാടുള്ളൂ. ദിവസവും അമിതമായ തോതിൽ തേൻ കഴിക്കുന്നത് ആരോഗ്യത്തിന് അപകടകരമാണ്. ഇഞ്ചിയും ചെറിയ അളവിൽ കഴിക്കുന്നത് നല്ലതാണ്. എന്നാൽ, രക്തം കട്ടപിടിക്കാതിരിക്കാൻ ആസ്പിരിൻ, വാർഫാരിൻ തുടങ്ങിയ മരുന്ന് കഴിക്കുന്നവർ അധികമായി ഇഞ്ചി കഴിച്ചാൽ ബ്ലീഡിങ്ങിന് സാധ്യതയുണ്ട്.
കാപ്പി
കാപ്പിയാണ് ഈ സമയത്ത് കുടിക്കാൻ പറ്റിയ മറ്റൊരു പാനീയം. ദിവസം 400 മില്ലി ഗ്രാം എന്ന തോതിൽ, അതായത് നാല് കപ്പ് കട്ടൻ കാപ്പി, കുടിച്ചാൽ വിഷാദം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽനിന്ന് മോചനം നേടാം. ക്ഷീണം മാറ്റി ഊർജം നൽകാനും കാപ്പി ഉത്തമമാണ്.
ഹെർബൽ ഡ്രിങ്ക്സ്
ഉണങ്ങിയ ചെടികൾ, പഴങ്ങൾ, വിത്തുകൾ എന്നിവയിൽനിന്ന് ഉണ്ടാക്കുന്നതാണ് ഹെർബൽ ഡ്രിങ്ക്സ്. ഇതിൽ കഫീൻ അടങ്ങിയിട്ടുണ്ടാകില്ല. മിന്റ് ചായ, ഇഞ്ചി ചായ, ജമന്തി ചായ, മഞ്ഞൾ ചായ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ളവയാണ് ഈ പാനീയങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.