ഓർമയാകുന്നു 'ഇടിയുണി'
text_fieldsഒരുകാലത്ത് കൊച്ചിയുടെ വീടുകളിൽ കണ്ടു വന്നിരുന്ന ഒരു ഉപകരണമാണ് ഇടിയുണി. അന്ന് കൊച്ചിക്കാരുടെ പ്രധാന പ്രാതൽ ഭക്ഷണമായിരുന്നു മണിപ്പുട്ട് . അരിപ്പൊടി മണി രൂപത്തിലാക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണമാണ് ഇടിയുണി. അയൽക്കാർ തമ്മിലെ സഹകരണത്തിന്റെ പഴയകാല തെളിവുകൂടിയാണ് ഇടിയുണി.
മരത്തിന്റെ ബെഞ്ചിന് മധ്യഭാഗം വട്ടത്തിൽ തുരന്ന് ഇതിനുള്ളിൽ ചെറിയ തുളകളോടുകൂടിയ നീളത്തിലുള്ള ലോഹപാത്രം ഇറക്കി വെക്കും. ഈ പാത്രത്തിൽ വെള്ളത്തിൽ കുഴച്ച പുട്ടിന്റെ മാവ് ഇടും. പാത്രത്തിന്റെ വ്യാസത്തിന് കണക്കാക്കി നിർമിച്ച മരക്കഷണത്തെ ബെഞ്ചിന്റെ നീളത്തിൽ പണിത തടിയുടെ മധ്യഭാഗത്ത് ഘടിപ്പിച്ചിരിക്കും.
ഈ തടി ലോഹപാത്രത്തിൽ നിറച്ച പുട്ട് മാവിന് മുകളിൽ വെച്ച് തടിയുടെ രണ്ടുഭാഗത്തും രണ്ടുപേർ ഇരിക്കുമ്പോൾ ഇവരുടെ ശരീരഭാരത്താൽ മരക്കഷണം അമർന്ന് മാവ് ലോഹപാത്രത്തിലുള്ള നേരിയ തുളകളിലൂടെ മണിരൂപത്തിൽ താഴെ വെച്ചിരിക്കുന്ന മുറത്തിലേക്ക് വീഴും. ഇത് പുട്ട് കുറ്റിയിൽ നിറച്ച് മണിപ്പുട്ട് ഉണ്ടാക്കുന്നതാണ് രീതി.
പലപ്പോഴും അയൽവാസികൾ സഹകരിച്ചായിരിക്കും മാവ് ഇത്തരത്തിൽ തയാറാക്കുന്നത്. പുതിയ അച്ചുകളും മറ്റ് സംവിധാനങ്ങളും വന്നതോടെ ഇടിയുണി അപ്രത്യക്ഷമായി. എന്നാൽ, മട്ടാഞ്ചേരി ചക്കരയിടുക്കിലെ എം.കെ. സൈയ്തലവി - അഫ്സ ദമ്പതികൾ ഇന്നും ഇടിയുണി ഭദ്രമായി സൂക്ഷിക്കുന്നു. പഴമയുടെ ഈ ഉപകരണം കാണാനും പ്രവർത്തനം മനസ്സിലാക്കാനും പുതിയ തലമുറയിൽപെട്ടവരും സൈയ്തലവിയുടെ വീട്ടിൽ വരാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.