ശരിക്കും പറഞ്ഞാൽ, ഉണ്ടറിയണം ഓണം
text_fieldsഒറ്റപ്പാലം: ഓണത്തിന് പൂക്കളം ഒരുക്കുന്നതിനോളം പ്രാധാന്യം വിഭവസമൃദ്ധമായ സദ്യക്കുമുണ്ട്. കാണംവിറ്റും ഓണമുണ്ണണം എന്ന ചൊല്ലിൽ ഇതിന്റെ പ്രാധാന്യം വ്യക്തമാണ്. തൂശനിലയിൽ പുന്നെല്ലരിയുടെ ചോറും നിശ്ചിത സ്ഥാനങ്ങളിൽ കൂട്ടുകറികളും ഓണസദ്യയുടെ ചിട്ടവട്ടങ്ങളാണ്. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ് സദ്യയിലെ പ്രധാന വിഭവങ്ങൾ.
അവിയലും സാമ്പാറും കറികളും പായസവും തൈരും മോരും ഉൾപ്പെടെ ചേരുവകൾ ഇതിനു പുറമെയാണ്. വലിയ സ്പെഷൽ പപ്പടവും ഉപ്പേരിയും ഒഴിച്ചുകൂട്ടാനാവാത്തതാണ്. കാരറ്റ്, കൈതച്ചക്ക, വിവിധ ഇനം പഴങ്ങൾ എന്നിവയും അടുത്ത കാലത്തായി നാക്കിലയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 28 കൂട്ടം വിഭവങ്ങൾ വരെ ആഡംബര സദ്യകളിൽ കാണപ്പെടുന്നു.
ഉപ്പിലിട്ടത് നാലുകൂട്ടം ഉണ്ടെങ്കിലേ ഓണസദ്യ കേമമാകൂ എന്നതാണ് പരമ്പരാഗത വിലയിരുത്തൽ. കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിത്തൈര് എന്നിവയാണവ. ചേന, പയർ, വഴുതനങ്ങ, പാവക്ക എന്നിങ്ങനെ ഉപ്പേരിയും നാലുതരം ആവാം. മാധുര്യമേറിയ ശർക്കരവരട്ടിയും പഴനുറുക്കും പാലട പായസവും ഒഴിച്ചുകൂടാൻ വയ്യാത്ത സദ്യവട്ടങ്ങളാണ്. സദ്യ വിളമ്പുന്നതിലും ഉണ്ണുന്നതിനും പരമ്പരാഗതമായി ചില ചിട്ടവട്ടങ്ങളുണ്ട്. വാഴയിലയുടെ അഗ്രഭാഗം ഉണ്ണുന്ന ആളിന്റെ ഇടത് വശത്ത് വരുംവിധമാണ് നാക്കില ഇടുന്നത്. ഓരോ കറിക്കും നാക്കിലയിൽ നിശ്ചിത സ്ഥാനങ്ങളുണ്ട്.
തൊട്ടുകൂട്ടുന്ന കറി, കൂട്ടുകറി, ചാറുകറി എന്നിങ്ങനെ വിഭവങ്ങളെ തരം തിരിച്ചിരിക്കുന്നു. ഇലയുടെ ഇടത് ഭാഗത്തായി ആദ്യം വിളമ്പുന്നത് ശർക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ്. ഇടത്തെ മൂലയിലായി അച്ചാർ, ഇഞ്ചിപ്പുളി തുടങ്ങിയ തൊട്ടുകൂട്ടൽ കറികൾ വിളമ്പും. തുടർന്ന് മധ്യത്തിലായി അവിയൽ, തോരൻ, കാളൻ തുടങ്ങിയ കൂട്ടുകറികൾ സ്ഥാനം പിടിക്കും. ചോറ് വിളമ്പിയ ശേഷമായിരിക്കും സാമ്പാർ ഉൾപ്പെടെയുള്ള ചാറുകറികൾ ഒഴിക്കുന്നത്.
ആദ്യവട്ടം പരിപ്പും നെയ്യും ചേർത്തും പിന്നീട് പുളിശ്ശേരി ചേർത്തും തുടർന്ന് സാമ്പാർ കൂട്ടിയും ആസ്വദിച്ചാണ് ചോറ് ഉണ്ണേണ്ടത്. അടപ്രഥമൻ പഴവും പപ്പടവും ചേർത്ത് കഴിച്ചശേഷം തൈര് ചേർത്ത് ഒരുപിടി ചോറുകൂടി കഴിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണരീതിയെന്ന് പഴമക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.