മെസ്സിപ്പടക്ക് അർമാദിക്കാൻ 'ബീഫ് അസാഡോ'; ഇഷ്ട വിഭവത്തെ കുറിച്ചറിയാം
text_fieldsദോഹ: ലയണൽ മെസ്സിക്കും അർജന്റീന ടീമിലെ സഹതാരങ്ങൾക്കും ഏറെ ഇഷ്ട വിഭവം എന്തായിരിക്കും? ലാറ്റിൻ അമേരിക്കക്കാരുടെ പ്രിയപ്പെട്ട ബീഫ് തന്നെ. അർജന്റീനക്കാർക്ക് ബീഫ് ബാർബിക്യൂവും ബീഫ് അസാഡോയും തയാറാക്കാൻ 900 കിലോ ബീഫാണ് നാട്ടിൽനിന്ന് കപ്പലിൽ ദോഹയിലെത്തിച്ചത്. നാട്ടിലെ വിഭവം ദോഹയിലും ആസ്വദിക്കാൻ മുഴുവൻ സജ്ജീകരണങ്ങളും ടീം മാനേജ്മെന്റ് ഒരുക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച ബീഫ് അർജന്റീനയിൽനിന്നുള്ളതാണ്. മെസ്സിയടക്കം ബീഫ് ബാർബിക്യൂ തയാറാക്കാറുമുണ്ട്. സപ്ത നക്ഷത്ര ഹോട്ടലുകളിൽ വരെ താമസിക്കാമെങ്കിലും സൂപ്പർ താരവും ടീമും അന്തിയുറങ്ങുന്നത് ഖത്തർ സർവകലാശാലയുടെ സ്റ്റുഡന്റ് ഹാളിലാണ്. ഇഷ്ടഭക്ഷണം സ്വന്തമായി പാകം ചെയ്ത്, കഴിച്ച് അർമാദിക്കാനാണ് ഹോട്ടലുകൾ ഒഴിവാക്കിയത്.
വിശാലമായ യൂനിവേഴ്സിറ്റി കെട്ടിടവും പരിസരവും മെസ്സിപ്പടക്ക് ഏറെ ഇഷ്ടപ്പെട്ടു. ചിക്കൻ, പോർക്ക്, ബീഫ് എന്നിവ കനലിൽ ചുട്ടെടുത്ത് പാകം ചെയ്യുന്ന വിഭവമാണ് അസാഡോ. ഗ്രില്ലിൽവെച്ച് വേവിക്കുന്ന അസാഡോ പാചകം ചെയ്യാനുള്ള വിദഗ്ധരും അർജന്റീന ടീമിനൊപ്പമുണ്ട്.
യൂനിവേഴ്സിറ്റി കാമ്പസ് തെരഞ്ഞെടുത്തത് മികച്ച സൗകര്യങ്ങളുള്ളതുകൊണ്ട് മാത്രമല്ലെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ വൃത്തങ്ങൾ പറയുന്നു. ''അസാഡോ പാകം ചെയ്യാനുള്ള വിശാലമായ ഓപൺ എയർ സ്ഥലമുണ്ടെന്നതാണ് കാരണം. അസാഡോ കളിക്കാർക്കും സകല അർജന്റീനക്കാർക്കും അത്രമേൽ പ്രിയങ്കരമാണ്. സംസ്കാരത്തിന്റെ ഭാഗമാണിത്. കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾതന്നെ നാട്ടിലാണെന്ന തോന്നലുണ്ടാകാനാണ് നാടൻ ഭക്ഷണം തയാറാക്കുന്നത്'' -അസോസിയേഷൻ വ്യക്തമാക്കുന്നു.
ലോകത്തെ ഏറ്റവും മികച്ച ടീമായ തങ്ങൾക്ക് ഏറ്റവും മികച്ച ബീഫ് കഴിക്കാനാകണമെന്നാണ് അർജന്റീന ടീമധികൃതരുടെ പക്ഷം. അതിനാലാണ് ഹോട്ടൽ ഒഴിവാക്കിയത്. 90 മുറികളാണ് യൂനിവേഴ്സിറ്റി സമുച്ചയത്തിലുള്ളത്. എല്ലാ അത്യാധുനിക സൗകര്യങ്ങളുമുണ്ട്. നീന്തൽകുളവും പരിശീലനത്തിനായി തകർപ്പൻ മൈതാനവുമുണ്ട്.
സാക്ഷാൽ ഡീഗോ മറഡോണയും ബീഫ് അസാഡോയുടെ ആരാധകനായിരുന്നു. ചുട്ടെടുത്ത ബീഫ് വിഭവങ്ങളുമായുള്ള ഡീഗോയുടെ പടങ്ങൾ അക്കാലത്ത് പതിവായിരുന്നു. ടീം കോച്ച് ലയണൽ സ്കലോണിക്ക് ബീഫ് അസാഡോയെക്കുറിച്ച് പറയാൻ നാവേറെയാണ്. ''എന്റെ ഇഷ്ട ഭക്ഷണമാണിത്. ടീമിൽ സംഘബോധവും ഒത്തൊരുമയുടെ രസതന്ത്രവും ഈ വിഭവം പ്രദാനം ചെയ്യുന്നു. സംസ്കാരത്തിന്റെ ഭാഗമാണിത്. അസാഡോ കഴിക്കുന്ന സമയത്താണ് ഞങ്ങൾ സംസാരിക്കുന്നതും ചിരിക്കുന്നതും അടുത്തുപെരുമാറുന്നതും'' -കോച്ച് പറഞ്ഞു.
പഞ്ചനക്ഷത്ര ഹോട്ടലായ പുൾമാൻ ദോഹ വെസ്റ്റ് ബേയിലാണ് ഉറുഗ്വായ് ടീം താമസിക്കുന്നത്. ആവശ്യത്തിന് ബീഫുമായാണ് ഉറുഗ്വായുടെ സംഘവുമെത്തിയത്. അതേസമയം, ബ്രസീലുകാർക്ക് അസാഡോ അത്ര പ്രിയങ്കരമല്ല? ബ്രസീലിന്റെ തനത് കാപ്പിയും 30 കിലോ മരച്ചീനിപ്പൊടിയും ബ്രസീലുകാർ ദോഹയിലെത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.