മധുരമൂറും ഈ 700 അടിയിലും
text_fieldsകണ്ണൂർ: 2800 കിലോ തൂക്കം, അഞ്ച് സെ.മീ ഉയരം, ഒരു അടി വീതി, 700 അടി നീളം... കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ഒരുങ്ങിയ ഒറ്റ കേക്കിന്റെ വിശേഷണമാണിത്. മധുരവും ചരിത്രവും വിളമ്പി കണ്ണൂരിൽ ഒരുങ്ങിയ സ്വാദിന്റെ ‘ബ്രൗണി കേക്ക്’ മേള അങ്ങനെ ഗിന്നസ് റെക്കോഡിലിടവും നേടി.
കണ്ണൂരിലെ ബ്രൗണീസ് ബേക്കറിയും കോഴിക്കോട്ടെ കൊച്ചിൻ ബേക്കറിയുമാണ് കണ്ണൂരിൽ മെഗാ കേക്ക് മേള ഒരുക്കിയിരിക്കുന്നത്. ഏറ്റവും നീളമുള്ള കവേർഡ് ബ്രൗണി കേക്ക് എന്ന മഹിമയിലൂടെയാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിൽ ചരിത്രവും സംസ്കാരവും കലയുമായും ബന്ധപ്പെട്ട ചിത്രങ്ങളും ഉൾപ്പെടുന്ന ഫോട്ടോ കേക്കുകളും ഇവിടെ പ്രദർശനത്തിനുണ്ട്.
കണ്ണൂരിന്റെ സാംസ്കാരിക തനിമയും രാഷ്ട്രീയ, സാഹിത്യ -സാംസ്കാരിക നായകരുടെ ചിത്രങ്ങളും അടങ്ങിയ കേക്കുകളും മേളയുടെ സവിശേഷതയാണ്. രുചിയിൽ കേക്കിനോട് സാദൃശ്യമുള്ള ബ്രൗണി അമേരിക്കയുടെ ഉൽപന്നമാണ്. കശുവണ്ടി, ചോക്ലറ്റ്സ്, വെജിറ്റബിൾസ് ഓയിൽ എന്നിവ ഉപയോഗിച്ചാണ് ബ്രൗണിയുടെ നിർമാണം. രണ്ടു ദിവസങ്ങളിലായുള്ള മേളയുടെ ഉദ്ഘാടനം മേയർ ടി.ഒ. മോഹനൻ നിർവഹിച്ചു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മേള സന്ദർശിച്ചു.
തുടർന്ന് സംഘാടകർക്കുള്ള ഗിന്നസ് റെക്കോർഡ് രേഖകളും അദ്ദേഹം കൈമാറി. ഞായറാഴ്ച വൈകീട്ട് പൊതുജനങ്ങൾക്കടക്കം കേക്ക് രുചിച്ചു നോക്കാനും അവസരമുണ്ടാകുമെന്ന് കൊച്ചിൻ ബേക്കറി ഡയറക്ടർ എം.പി. രമേശ്, ബ്രൗണീസ് ബേക്കറി ഡയറക്ടർ എം.കെ. രഞ്ജിത്ത് എന്നിവർ അറിയിച്ചു.
പ്രദർശനത്തിന്റെ സമാപനം ഇന്ന് വൈകീട്ട് നാലിന് കഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷയാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യാതിഥിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.