ക്രിസ്മസ് കേക്കുകൾ ഒരുങ്ങുന്നു; പുതിയ രുചിയിലും രൂപത്തിലും
text_fieldsസൊഹാർ: ക്രിസ്മസ് ആഘോഷത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത രുചി വിഭവമാണ് കേക്ക്. ആഘോഷദിനങ്ങൾ അടുത്തെത്തുമ്പോൾ പ്രവാസലോകത്തെ ബേക്കറികളിലും വീടുകളിലും കേക്കിനുള്ള ഒരുക്കങ്ങൾ തകൃതിയായി.ക്രിസ്മസിൽ ഒന്നാമൻ പ്ലം കേക്കാണ്. കുറച്ചധികം മുന്നൊരുക്കങ്ങളോടെ തയാറാക്കുന്ന പ്ലം കേക്ക് രുചിയിലും കേമൻ തന്നെയാണ്. ക്രിസ്മസ് വിഭവങ്ങളിൽ പ്ലം കേക്ക് രുചി ഒഴിച്ചുകൂടാൻപറ്റാത്ത അടയാളപ്പെടുത്തലാണ്. ഡ്രൈ ഫ്രൂട്സ് കൂടുതലായി ഉപയോഗിച്ച് ഉണ്ടാക്കുന്ന ആൽക്കഹോളിക്ക് പ്ലം കേക്കിനാണ് രുചി കൂടുതൽ എന്ന് വീടുകളിൽ ഉണ്ടാക്കുന്ന കേക്കിന്റെ രുചിക്കൂട്ട് പറയുന്ന മാവേലിക്കര സ്വദേശിനി ആനി പറയുന്നു.
ബേക്കറികളിൽ ഉണ്ടാക്കുന്ന കേക്കുകളിൽ ആൽക്കഹോൾ ചേർക്കാറില്ല. വിവിധ നിറത്തിലും രൂപത്തിലും രുചിയിലും ഉള്ള കേക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.സാധാരണയായി മൈദമാവ്, പഞ്ചസാര, മുട്ട, പാൽ, വെണ്ണ, സുഗന്ധ ദ്രവ്യങ്ങൾ എന്നിങ്ങനെയാണ് കേക്കിന്റെ മുഖ്യ ചേരുവകൾ. പേരിലും രുചിയിലും അകൃതിയിലും നിറത്തിലും വ്യത്യസ്തമായ കേക്ക് നിർമിക്കുമ്പോൾ ഇതിന്റെ ചേരുവകളിലും നിർമാണത്തിലും മാറ്റം ഉണ്ടാകും.
നാട്ടിൽ കെ.എസ്.ആർ.ടി.സി ബസ് മുതൽ മുറിച്ചുവെച്ച തണ്ണി മത്തൻ വരെ കേക്കിൽ തീർത്തുവെച്ചിട്ടുണ്ടാവും. ആ ട്രെൻഡ് പ്രവാസലോകത്ത് ഇല്ലെന്നാണ് സൊഹാർ ബേക്ക് വൺ ബേക്കറി പ്രതിനിധി റഈസ് അഭിപ്രായപ്പെടുന്നത്. കേക്കുകളുടെ ആവശ്യക്കാർ കൂടുകയും ആഘോഷവേളകളിലെല്ലാം കേക്കുമുറി ആചാരമാകുകയും ചെയ്തതോടെ കേക്ക് വിപണി വലിയ കുതിച്ചുചാട്ടം നടത്തി എന്നാണ് ബേക്കറി മേഖലയിലുള്ളവർ പറയുന്നത്.
മുമ്പ് ക്രിസ്മസ് വേളയിൽ ഉണരാറുള്ള കേക്ക് വിപണി ഇപ്പോൾ പ്രത്യേക സീസൺ ഒന്നുമില്ലാതെ വിപണിയിൽ തരക്കേടില്ലാത്ത കച്ചവടം നടക്കുന്നുണ്ടെന്ന് ഈ രംഗത്തുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. കേക്ക് വിപണി കൂടുതൽ സജീവമാകുന്നത് ഡിസംബർ മാസത്തിലാണ്. ക്രിസ്മസ്, ന്യൂ ഇയർ സീസണിൽ നല്ല കച്ചവടമാണ് നടക്കുന്നത്.
നാട്ടിലെ മേത്തരം കമ്പനികളുടെ പ്ലം കേക്കുകൾ ഒമാനിൽ വിൽപനക്ക് എത്തിയിട്ടുണ്ട്. മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും പ്ലം കേക്കിനായി പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്.ബേക്കറികളും സജീവമാണ്. കേക്ക് നിർമിക്കാനുള്ള സാധനങ്ങൾക്കും നല്ല ഡിമാൻഡാണ്. ക്രിസ്മസ് വേളയിൽ ഒരു തുണ്ട് കേക്ക് രുചിക്കാത്തവർ ചുരുക്കമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.