ക്രിസ്മസ് മധുരം നുണഞ്ഞ് കേക്ക് വിപണി
text_fieldsകൊല്ലം: ക്രിസ്മസ് ആഘോഷരാവിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കേക്ക് വിപണിയിൽ മധുരം നിറയുന്നു. വീടുകളിലും സ്ഥാപനങ്ങളിലും ആഘോഷങ്ങൾക്ക് മധുരം പകരാനും പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനും കേക്ക് വാങ്ങാനെത്തുന്നവരുടെ തിരക്കിലാണ് ബേക്കറികളും കടകളും.
ക്രിസ്മസിന്റെ താരമായ പ്ലം കേക്കിന് തന്നെയാണ് ആവശ്യക്കാരേറെ. സാദാ പ്ലം കേക്ക് കൂടാതെ, റിച്ച്പ്ലം കേക്കും വിപണിയിൽ താരമാണ്. 250 ഗ്രാം മുതൽ കേക്ക് ലഭ്യമാണ്.
ഒരു കിലോക്ക് 340 രൂപ മുതലാണ് സാദാ പ്ലംകേക്കിന് വില. 400 രൂപ വരെയും വില ഉയരുന്നുണ്ട്. റിച്ച് പ്ലമ്മിന് 360 മുതൽ 450 രൂപ വരെയാണ് വില. പ്ലം കേക്ക് കഴിഞ്ഞാൽ ഫ്രൂട്ട്, ബട്ടർ കേക്കുകൾക്കാണ് ഈ സീസണിൽ പ്രധാനമായും ആവശ്യക്കാർ എത്തുന്നത്. 140 രൂപ മുതൽ 400 രൂപ വരെ ഈ കേക്കുകൾക്ക് നൽകണം.
ആഘോഷങ്ങളുടെ ഭാഗമായി വിവിധ തരത്തിലുള്ള ഐസിങ് ക്രീം കേക്കുകളും ഡിലൈറ്റ് കേക്കുകളും വലിയ തോതിൽ വിറ്റുപോകുന്നുണ്ട്. ഇവക്ക് താരതമ്യേന വിലകൂടുതലാണ്. ബ്രാൻഡഡ് കേക്കുകൾക്കും വലിയ രീതിയിൽ ആവശ്യക്കാരുണ്ട്.
പല കമ്പനികളും ഒന്നിനൊപ്പം ഒന്ന് എന്നതുൾപ്പെടെ ഓഫറുകൾ നൽകി ആളുകളെ ആകർഷിക്കുന്നതും വിജയിക്കുന്ന കാഴ്ചയാണ് കടകളിലെ കേക്ക് കൗണ്ടറുകളിലുള്ളത്. വീടുകളിലും ചെറു സംഘങ്ങളായും കേക്കുകൾ നിർമിച്ച് വിതരണം ചെയ്യുന്നവരുടെ എണ്ണം പതിന്മടങ് വർധിച്ചതോടെ വലിയ മത്സരമാണ് ഈ രംഗത്ത് വ്യാപാരികൾ നേരിടുന്നത്.
ക്രിസ്മസ് ദിനമടുക്കുന്നതോടെ വിൽപന പൊടിപൊടിച്ച് കേക്ക് വിപണി കൂടുതൽ മധുരതരമാകുന്നതിനുള്ള കാത്തിരിപ്പിലാണ് വ്യാപാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.