ഉത്സവപ്രതീതിയിൽ റിയാദിൽ ഈത്തപ്പഴമേളക്ക് തുടക്കം
text_fieldsറിയാദ്: മധുരം കിനിയുന്ന അറേബ്യൻ ഈത്തപ്പഴങ്ങളുടെ പ്രദർശനവും വിൽപനയുമായി റിയാദിൽ ഈത്തപ്പഴമേളക്ക് തുടക്കം. നഗരത്തിലെ വാണിജ്യകേന്ദ്രമായ ബത്ഹയിൽനിന്ന് 10 കിലോമീറ്റർ അകലെ പലവ്യഞ്ജന വ്യാപാരകേന്ദ്രമായ അതീഖയിലാണ് രണ്ടാമത് റിയാദ് ഈത്തപ്പഴമേള നടക്കുന്നത്. അതീഖ കമ്പോളത്തിന്റെ ഹൃദയഭാഗത്തുള്ള മൈതാനിയിൽ പ്രത്യേകം സജ്ജീകരിച്ച മനോഹരവും വിശാലവുമായ തമ്പിലാണ് മൂന്നുമാസം നീളുന്ന മേള.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഈത്തപ്പഴ കച്ചവടക്കാരും കർഷകരുമെത്തിയിട്ടുണ്ട്. ഈത്തപ്പഴ വിൽപന സ്ഥാപനങ്ങൾക്ക് അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപന നടത്താനും പ്രത്യേക പവിലിയനുകളുണ്ട്. മേളയിലെത്തുന്ന സന്ദർശകരെ അറബ് ആതിഥേയ ശൈലിയിൽ സ്വീകരിക്കാൻ എല്ലാ ദിവസവും സൗദി കലാകാരന്മാർ അവതരിപ്പിക്കുന്ന അർദ പാരമ്പര്യനൃത്തം ഉൾപ്പെടെ വ്യത്യസ്ത കലാപ്രകടനങ്ങളും കവിയരങ്ങും വേദിയിലുണ്ട്.
അജ്വ, സുക്കരി, മബ്റൂം, സാരി, റബീഅ, അംബർ, മജ്ഹുൽ, സഫാവി, അൽ ഖലാസ് തുടങ്ങി പലയിനം ഈത്തപ്പഴങ്ങളുള്ള പ്രദർശനനഗരിയിൽ സന്ദർശകർക്ക് വാങ്ങുന്നതിനും ഈത്തപ്പഴത്തിന്റെ കാർഷികരീതികൾ പഠിക്കുന്നതിനും അവസരമുണ്ട്.
ആകർഷകമായ അന്തരീക്ഷത്തിൽ ഒരുക്കിയ കൂടാരത്തിൽ ഈത്തപ്പഴങ്ങൾ മാത്രമല്ല അറേബ്യൻ ഗഹ്വ, ഈത്തപ്പഴത്തിൽ നിർമിക്കുന്ന സിറപ്പുകൾ, ബേക്കറി ഉൽപന്നങ്ങൾ, വിവിധ തരം ഊദുകൾ തുടങ്ങി അറേബ്യൻ സംസ്കാരത്തിന്റെ സമഗ്രമായ പ്രദർശനം കൂടിയാണ് അതീഖ ഈത്തപ്പഴമേള. മൂന്നു മാസം നീളുന്ന മേളയിലേക്ക് എല്ലാ ദിവസവും വൈകീട്ട് നാലു മുതൽ രാത്രി 11 വരെയാണ് സന്ദർശകർക്ക് പ്രവേശനം.
പൂർണമായും സൗജന്യമായ മേളയിലേക്ക് കുട്ടികൾക്കും മുതിർന്നവർക്കും പ്രവേശനമുണ്ട്. ഈത്തപ്പഴ കയറ്റുമതിയിൽ സൗദി അറേബ്യക്ക് ഒന്നാം സ്ഥാനമാണ്. കിരീടാവകാശിയുടെ പരിവർത്തനപദ്ധതിയായ വിഷൻ 2030ന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ് ഈത്തപ്പഴ കയറ്റുമതി.
രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി മൂന്നു കോടിയിലധികം ഈന്തപ്പനകൾ കൃഷി ചെയ്യുന്നുണ്ട്. 300ലധികം ഇനം ഈത്തപ്പഴങ്ങൾ സൗദി അറേബ്യയിൽ ഉൽപാദിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.