Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightഭക്ഷണ പ്രേമികളേ,...

ഭക്ഷണ പ്രേമികളേ, നിങ്ങൾ എത്ര വേണമെങ്കിലും പൊറോട്ട കഴിക്കൂ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

text_fields
bookmark_border
Eat as many porotas as you like; It is enough to pay attention to these things
cancel

ലോകത്ത് ഏതെങ്കിലും ഒരു ഭക്ഷണത്തിനെതിരേ ഏറ്റവും ശക്തമായ പ്രചരണം നടന്നിട്ടുള്ള നാടുകളിലൊന്നാണ് നമ്മുടെ കൊച്ചുകേരളം. ഈ ​പ്രചരണത്തിന്റെ ഇരയാകട്ടെ നമ്മുടെ സ്വന്തം പൊറോട്ടയും. ചിലർക്ക് ഈ പേര് കേൾക്കുന്നതുതന്നെ ഭയമാണ്. ചിലർക്കാകട്ടെ പൊറോട്ട കഴിച്ചാൽ പിന്നെ കുറ്റബോധമാണ്. എന്തോ ദ്രോഹം ശരീരത്തിനോട് ചെയ്തുപോയല്ലോ എന്ന അങ്കലാപ്പാണ് ഇവർക്ക്.

രാവിലെ വയറുനിറയെ ഇഡ്ഡലി വെട്ടിവിഴുങ്ങുന്നവർ പൊറോട്ട കഴിക്കുന്നവരെ നോക്കുന്നൊരു നോട്ടമുണ്ട്. പുച്ഛം നിറഞ്ഞ ആ നോട്ടത്തിന്റെ അർഥം കാൻസർ വന്ന് മരിക്കാറായല്ലോ എന്നാണ്. ബന്ന് പോലെ മൃദുലവും ഇലാസ്റ്റിക് പോലെ വലിയുന്നതും അപ്പം പോലെ മൊരിഞ്ഞതുമായ നമ്മുടെ പാവം പൊറോട്ട ഇത്രയധികം ഭത്സനങ്ങൾ അർഹിക്കുന്നുണ്ടോ​? മൈദ കൊണ്ട് നിർമിക്കുന്ന ബ്രെഡും, ബന്നും, ഖുബ്ബുസും, കേക്കുകളും ആർത്തിയോടെ വെട്ടിവിഴുങ്ങുന്ന മലയാളിക്ക് പൊ​റോട്ട മാത്രം അനഭിമതിമാകുന്നതെന്തുകൊണ്ടാണ്.

ഭക്ഷണം എന്തിന്?

മനുഷ്യരിൽ ആരോഗ്യത്തിനും അനാരോഗ്യത്തിനും കാരണമാകുന്നതില്‍ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. ചില ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ അനാരോഗ്യകരമായി കഴിച്ചാല്‍ ദോഷം വരുത്തും. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ആരോഗ്യകരമായി കഴിയ്ക്കാനും വഴിയുണ്ട്. മലയാളികള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണമായ പൊറോട്ടയും ഇൗ ഗണത്തില്‍ പെടും. പലര്‍ക്കും ഏറെ ഇഷ്ടമാണ് ഇത്. പൊറോട്ടയും ബീഫും പൊറോട്ടയും മുട്ടയും പൊറോട്ടയും ചിക്കനുമെല്ലാം പലര്‍ക്കും ഇഷ്‌പ്പെട്ട കോമ്പോയുമാണ്. എന്നാല്‍ പൊറോട്ട അനാരോഗ്യകരമാണെന്ന് പലര്‍ക്കുമറിയാം. ഇതിന് പുറകിലും ചില വസ്തുതകളുണ്ട്. പൊറോട്ട ദോഷകരമായി വരാതിരിയ്ക്കാന്‍ ചില വഴികളുമുണ്ട്.

എന്താണ് മൈദ

പൊറോട്ട മൈദ കൊണ്ടുണ്ടാക്കുന്ന ഭക്ഷണമാണ്. ഫൈബറുമില്ലാത്ത തികച്ചും പോളിഷ്ഡായ ഭക്ഷണവസ്തുവാണ് മൈദ. ഒരു ആവറേജ് പൊറോട്ടയില്‍ കലോറി 12-140 വരെയുണ്ട്. വലിപ്പം കൂടുമ്പോള്‍ കലോറിയും കൂടും. മൈദ, എണ്ണ, മുട്ട, ട്രാന്‍സ്ഫാറ്റുകള്‍ എന്നിവയെല്ലാം തന്നെ പൊറോട്ട ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കാറുണ്ട്. ഈ കോമ്പിനേഷനാണ് പൊറോട്ടക്ക് രുചി നല്‍കുന്നതും ശരീരത്തിന് അപകടമാകുന്നതും. ഇതില്‍ മൃദുവാകാന്‍ മുട്ടയോ എണ്ണയോ എല്ലാം ഉപയോഗിയ്ക്കുന്നു. ഇത് പാകം ചെയ്യാനും എണ്ണ ഉപയോഗിയ്ക്കുന്നു. ഇത് ക്രിസ്പി എന്ന രീതിയില്‍ വരണമെങ്കില്‍ ട്രാന്‍സ്ഫാറ്റ് വേണം. ഇതാണ് കൂടുതല്‍ ദോഷം. അതായത് മൈദ-ട്രാന്‍സ്ഫാറ്റ് കോമ്പോ ഏറെ ദോഷകരമാണ്. നല്ലതു പോലെ മൊരിഞ്ഞ പൊറോട്ടയുടെ രഹസ്യം ഇതാണ്. വനസ്പതി പോലുള്ളവയാണ് ട്രാന്‍സ്ഫാറ്റായി ഉപയോഗിയ്ക്കുന്നത്.

പൊറോട്ട തയ്യാറാക്കാനായി മുട്ട, എണ്ണ എന്നിവയും ചേര്‍ക്കുന്നുണ്ട്. മൈദ വെളുപ്പിക്കാനായി ഉപയോഗിക്കുന്നത് ബെന്‍സൈല്‍ പെറോക്സൈഡാണ്. കൂടാതെ അലാക്‌സാന്‍ എന്ന രാസവസ്‌തുവും മൈദയില്‍ അടങ്ങിയിരിക്കുന്നു. ഈ അലാക്‌സാന്‍ എലികളില്‍ കുത്തിവെച്ചപ്പോള്‍ അത് പ്രമേഹമുണ്ടാക്കുന്നതായും പ്രചരണങ്ങളുണ്ട്.


പൊറോട്ടയുടെ ഉത്ഭവം

പൊറോട്ട കേരളത്തിലേക്ക് എത്തിയത് തമിഴ്‌നാട് വഴിയാണ്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ തുറമുഖ നിര്‍മ്മാണത്തിനായി ശ്രീലങ്കയില്‍നിന്ന് എത്തിയ തൊഴിലാളികളാണ് ആദ്യമായി ഇന്ത്യയിലേക്ക് പൊറോട്ട കൊണ്ടുവന്നത്. തൂത്തുക്കുടിയില്‍നിന്ന് തമിഴ്‌നാട്ടില്‍ വ്യാപകമായും പിന്നീട് കേരളത്തിലേക്കും അവിടെനിന്ന് കര്‍ണാടക, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും പൊറോട്ടയുടെ ജനപ്രീതി വ്യാപിച്ചു. അങ്ങനെ ദക്ഷിണേന്ത്യയിലാകെ പൊറോട്ടയുടെ ഇഷ്‌ടക്കാരുടെ എണ്ണം കൂടി. ഉത്തരേന്ത്യയില്‍ മൈദകൊണ്ട് നിര്‍മ്മിക്കുന്ന പറാത്ത എന്ന വിഭവമുണ്ടെങ്കിലും അതിന് നമ്മുടെ നാട്ടിലെ പൊറോട്ടയുമായി വലിയ സാമ്യമൊന്നുമില്ല. കൊത്ത് പൊറോട്ട, ഗോതമ്പ് പൊറോട്ട, പൊരിച്ച പൊറോട്ട എന്നിങ്ങനെ ഇതിന്റെ പല വകഭേദങ്ങള്‍ ലഭ്യമാണ്.

പൊറോട്ട മാത്രമാണോ പ്രശ്നക്കാര

പൊറോട്ടയെ കുറ്റം പറയുന്നവർ ധാരാളമുണ്ടെങ്കിലും കേരളത്തില്‍ നിർമിക്കുന്ന ഒട്ടുമിക്ക പലഹാരങ്ങളിലും മൈദ ഉപയോഗിക്കുന്ന കാര്യം മിക്കവരും ഓര്‍ക്കുന്നില്ല. ബ്രഡ്, ബിസ്‌ക്കറ്റ്, ചിലതരം ചോക്ലേറ്റുകള്‍ ഉള്‍പ്പടെ ബേക്കറികളില്‍ ലഭിക്കുന്ന മിക്ക പലഹാരങ്ങളും മൈദ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. പഫ്സ്, പ്രവാസികള്‍ ഏറെ ഉപയോഗിക്കുന്ന കുബ്ബൂസ് എന്നിവയൊക്കെ മൈദ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇവയ്‌ക്കൊന്നുമില്ലാത്ത പേരുദോഷമാണ് പൊറോട്ടയ്‌ക്കുള്ളത്.

നാം കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന് രക്തത്തിലെ പ‌ഞ്ചസാരയുടെ അളവ് പെട്ടെന്ന വര്‍ദ്ദിപ്പിക്കുന്നത് സൂചിപ്പിക്കുന്ന ഗ്ലൈസീമിക് ഇന്‍ഡക്‌സ് പൊറോട്ടയില്‍ വളരെ കൂടുതലാണ്. പൊറോട്ടയില്‍ നാരുകളൊന്നും ഇല്ലാത്തിനാല്‍ പെട്ടെന്ന് ദഹിച്ച്, ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്നു. വെള്ള അരി കൊണ്ട് ഉണ്ടാക്കുന്ന പലഹാരങ്ങളും ഗ്ലൈസീമിക് ഇന്‍ഡക്സ് ഉയര്‍ത്തുന്നവയാണെന്ന കാര്യം നാം അറിഞ്ഞിരിക്കണം. പച്ചരികൊണ്ട് ഉണ്ടാക്കുന്ന അപ്പം, പുട്ട്, ദോശ, ഇഡലി എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. അതായത് പൊറോട്ടയ്‌ക്കുള്ള ദോഷഫലം ഇവയ്‌ക്കുമുണ്ടെന്ന് സാരം.

അലാക്‌സാന്‍ അപകടകാരിയോ

ഗോതമ്പ് കുറച്ചുനാള്‍ ചാക്കില്‍കെട്ടിവെച്ചാല്‍ തന്നെ അതിനുള്ളില്‍ അലാക്‌സാന്‍ എന്ന രാസവസ്‌തു ഉണ്ടാകും. അലാക്‌സാന്‍ അത്ര അപകടകാരിയല്ല. അത് ഉയര്‍ന്ന അളവില്‍ എലികളില്‍ കുത്തിവെയ്‌ക്കുമ്പോഴാണ് പ്രമേഹമുണ്ടാക്കുന്നത്. ചെറിയ അളവില്‍ അത് വിഷകരമല്ല. മൈദയില്‍ ബെന്‍സൈല്‍ പെറോക്‌സൈഡ് അടങ്ങിയിട്ടുണ്ടെങ്കിലും അത് ചൂടാക്കുമ്പോള്‍ നശിച്ചുപോകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ബെന്‍സൈല്‍ പെറോക്‌സൈഡും അലാക്‌സാനും മനുഷ്യര്‍ക്ക് ദോഷം ചെയ്യുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് പറയേണ്ടിവരും.


സാധാരണക്കാരുടെ ഭക്ഷണം

കഠിന ജോലികള്‍ ചെയ്യുന്ന സാധാരണക്കാരന്റെ ഇഷ്‌ട ഭക്ഷണമാണ് പൊറോട്ട. രാവിലെ രണ്ടു പൊറോട്ട കഴിച്ചാല്‍ ഉച്ചവരെ നന്നായി ജോലി ചെയ്താലും വിശപ്പ് തോന്നുകയില്ല എന്നതുകൊണ്ടാണ് ഇതിനോടുള്ള ഇഷ്‌ടം കൂടിയത്. ഒരു പൊറോട്ടയില്‍ ഏതാണ്ട് 139 കിലോ കാലറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. ഇഡലിക്ക് 60 കിലോ കാലറിയും ദോശയ്‌ക്ക് 120 കിലോ കാലറി എനര്‍ജിയുമാണുള്ളത്. അത് വെച്ച് നോക്കുമ്പോള്‍ പൊറോട്ടയിലെ കാലറി അത്ര കൂടുതലല്ല എന്നു കാണാം. മൂന്ന് പൊറോട്ട കഴിക്കുമ്പോള്‍ ഏകദേശം 400 കിലോ കാലറി ഊര്‍ജ്ജം നമ്മുടെ ശരീരത്തില്‍ എത്തുന്നു. ഇതിനോടൊപ്പം നാം കഴിക്കുന്ന ചിക്കന്‍, ബീഫ്, മട്ടണ്‍, മുട്ട എന്നിവ കൂടി ചേരുമ്പോള്‍ ശരീരത്തിന് ആവശ്യമുള്ള ഊര്‍ജ്ജം ലഭ്യമാകും.

ആരോഗ്യകരമായി എങ്ങനെ പൊറോട്ട കഴിക്കാം?

മലയാളികളുടെ ഇഷ്‌ടഭക്ഷണമായ പൊറോട്ട ആരോഗ്യകരമായി എങ്ങനെ കഴിക്കാമെന്ന് നോക്കാം. പൊറോട്ടയില്‍ നാരുകള്‍ അടങ്ങിയിട്ടില്ല. അതുകൊണ്ട് പൊറോട്ട കഴിക്കുമ്പോള്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം ഒപ്പം ഉള്‍പ്പെടുത്തുക. ഉദാഹരണത്തിന് പൊറോട്ടയൊടൊപ്പം സാലഡുകള്‍ കഴിക്കുക. അതായത് ഒരു പൊറോട്ട കഴിക്കുമ്പോള്‍ അതിന്റെ പകുതി സാലഡെങ്കിലും ഉള്‍പ്പെടുത്തണം. ഒന്നുമില്ലെങ്കിലും സവാളയെങ്കിലും അരിഞ്ഞ് പൊറോട്ടയോടൊപ്പം കഴിക്കുക.

ആഴ്‌ചയില്‍ ഒരു തവണ മാത്രമേ പൊറോട്ട കഴിക്കാന്‍ പാടുള്ളു. അതില്‍ കൂടുതല്‍ കഴിക്കുന്നത് അനാരോഗ്യകരമാണ്. നാരുകള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ ഇത് സ്ഥിരമായി വയറിലെത്തിയാല്‍, അസിഡിറ്റി ഉണ്ടാകാനിടയാക്കും. പൊറോട്ട കഴിച്ചാല്‍ ക്യാന്‍സര്‍ ഉണ്ടാകുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. എന്നാല്‍ പൊറോട്ടയോടൊപ്പം കഴിക്കുന്ന ബീഫ്, ചിക്കന്‍ ഫ്രൈ എന്നിവ അമിതമാകുന്നത് നല്ലതല്ല. പൊറോട്ടയോടൊപ്പം അമിതമായി പൊരിച്ച ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്.

പൊറോട്ട കഴിക്കുന്നത് ഏറ്റവും വിശ്വസനീയമായ കടകളില്‍നിന്ന് മാത്രമാക്കുക. അതായത് വനസ്‌പതി അഥവാ ട്രാന്‍സ്‌ഫാറ്റ് ഉപയോഗിക്കാത്തതെന്ന് ഉറപ്പുള്ള കടകള്‍ തെരഞ്ഞെടുക്കുക. മൈദ പൊറോട്ട അപകടമാണെന്ന പ്രചാരണത്തെ തുടര്‍ന്നാണ് ഗോതമ്പ് പൊറോട്ടയുടെ ജനപ്രീതി ഉയര്‍ന്നത്. എന്നാല്‍ അതിന് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമില്ല എന്ന വസ്തുത മനസിലാക്കുക. കാരണം ഗോതമ്പ് കൊണ്ട് പൊറോട്ട ഉണ്ടാക്കാന്‍ ധാരാളം എണ്ണ ആവശ്യമുണ്ട്. ഗോതമ്പ് പൊറോട്ട കഴിച്ചാല്‍ ശരീരത്തിലേക്ക് ധാരാളം എണ്ണ എത്തിപ്പെടും. അതുകൊണ്ട് ആവശ്യത്തിലേറെ കാലറി ശരീരത്തിലെത്താനേ ഇതും ഉപകരിക്കൂ.

പൊറോട്ട കഴിച്ച് നല്ലതു പോലെ വ്യായാമം ചെയ്താല്‍ കുഴപ്പമില്ല. എന്നാല്‍ ഇത് കഴിച്ച് വ്യായാമമില്ലാത്തത് ദോഷം വരുത്തും. പൊറോട്ട കഴിച്ചാല്‍ നല്ല വ്യായാമം എന്നത് നിര്‍ബന്ധമാക്കുക. ഇത് ദോഷം വലിയ തോതില്‍ ഒഴിവാക്കാന്‍ സഹായിക്കും. മാത്രമല്ല, പൊറോട്ട കഴിച്ചാലുണ്ടാകുന്ന ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇതേറെ നല്ലതാണ്.ഇതു പോലെ രാത്രി പൊതുവേ വ്യായാമം കുറവാണ്. ഇതിനാല്‍ പൊറോട്ട രാത്രി കഴിയ്ക്കുന്നതിന് പകരം ശാരീരിക അധ്വാനം കൂടുതലുള്ള രാവിലെയോ മറ്റോ കഴിയ്ക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health problemsporotta
News Summary - Eat as many porotas as you like; It is enough to pay attention to these things
Next Story