രുചി ഭൂപടത്തിൽ വീണ്ടും ‘ഹൈദരാബാദി ബിരിയാണി’
text_fieldsലോകത്തിന്റെ രുചി ഭൂപടത്തിൽ വീണ്ടും ഇടം നേടി ‘ഹൈദരാബാദി ബിരിയാണി’. ‘ടേസ്റ്റ് അറ്റ്ലസ്’ തയാറാക്കിയ ലോകത്തെ മികച്ച 100 ഭക്ഷണങ്ങളുടെ പട്ടികയിലാണ് ഹൈദരാബാദി ബിരിയാണി ഉൾപ്പെടെ നാല് ഇന്ത്യൻ വിഭവങ്ങൾ ഉൾപ്പെട്ടത്. 31ാം സ്ഥാനമാണ് ഹൈദരാബാദി ബിരിയാണിക്ക്. മുർഗ് മഖാനി (ബട്ടർചിക്കൻ) 29ാം സ്ഥാനം നേടിയപ്പോൾ ചിക്കൻ 65 97ാം സ്ഥാനവും കീമ നൂറാം സ്ഥാനവും നേടി.
പാചകരീതിയിൽ ഇന്ത്യക്ക് 12ാം സ്ഥാനമാണ്. ഗ്രീക്, ഇറ്റാലിയൻ, മെക്സിക്കൻ, സ്പാനിഷ്, പോർചുഗീസ് രീതികളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ. തുർക്കിയ, ഇന്തോനേഷ്യ, ഫ്രാൻസ്, ജപ്പാൻ, ചൈന, പോളണ്ട് എന്നിവയാണ് ആറു മുതൽ 11 വരെ ഇടംപിടിച്ച പാചക രീതികൾ.
15,000 ഭക്ഷണങ്ങളിൽനിന്ന് 4,77,287 റേറ്റിങ്ങുകളുടെ അടിസ്ഥാനത്തിലാണ് ‘ടേസ്റ്റ് അറ്റ്ലസ്’ തെരഞ്ഞെടുപ്പ് നടത്തിയത്. ഭക്ഷണപ്രേമികൾ നിർബന്ധമായും പരീക്ഷിച്ചിരിക്കേണ്ട മികച്ച ഇന്ത്യൻ വിഭവങ്ങളും അവർ ശ്രദ്ധയിൽപ്പെടുത്തുന്നു. നാലു വിഭവങ്ങൾക്കു പുറമെ, അമൃത്സരി കുൽചയും ബട്ടർ ഗാർലിക് നാനും നിർബന്ധമായും കഴിച്ചിരിക്കേണ്ട വിഭവങ്ങളിൽപെടും.
കൂടാതെ, ഇന്ത്യൻ പാചക പാരമ്പര്യത്തിന് സംഭാവനകൾ നൽകിയ റസ്റ്റാറന്റുകളുടെ പട്ടികയും ഇതോടൊപ്പമുണ്ട്. ദം പുഖ്ത് (ന്യൂഡൽഹി), ഗ്ലെനറിസ് (ഡാർജിലിങ്), രാം ആശ്രയ (മുംബൈ), ശ്രീ താക്കർ ഭോജനാലയ് (മുംബൈ) എന്നിവയാണവ.
ആഗോളതലത്തിൽ 100 മികച്ച ഭക്ഷ്യ നഗരങ്ങളുടെ റാങ്കിങ്ങിലും ഇന്ത്യൻ നഗരങ്ങൾ ഉൾപ്പെട്ടു. മുംബൈക്കാണ് അഞ്ചാം സ്ഥാനം. ഡൽഹി (45), ൈഹദരാബാദ് (50), കൊൽക്കത്ത (71), ചെന്നൈ (75) എന്നിങ്ങനെയാണ് മറ്റ് റാങ്കിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.