കർക്കടക കഞ്ഞിക്കൂട്ടുകൾക്ക് ആവശ്യക്കാരേറെ
text_fieldsഒറ്റപ്പാലം: കർക്കടകം പിറന്നതോടെ റെഡിമേഡ് ഔഷധ കഞ്ഞിക്കൂട്ടുകൾക്ക് വിപണിയിൽ വൻ ഡിമാൻഡ്. പാരമ്പര്യ വൈദ്യന്മാർ തയാറാക്കിയ കഞ്ഞിക്കൂട്ടുകൾക്കൊപ്പം പ്രമുഖ ആയുർവേദ മരുന്ന് നിർമാതാക്കളുടെ ഉൽപന്നങ്ങളും അലോപ്പതി മരുന്ന് വിൽപന കേന്ദ്രങ്ങളിൽ ഉൾപ്പടെ സുലഭമാണ്. കെട്ടിലും മട്ടിലും ആകർഷകമായ പാക്കറ്റുകളിൽ ലഭ്യമാകുന്ന കഞ്ഞിക്കിറ്റ് ഒരാൾക്ക് ഏഴ് ദിവസം സേവിക്കാനുള്ളതാണ്.
കുറുന്തോട്ടി, ചെറൂള, മൂവില, തഴുതാമ, ദേവതാരം, ഞെരിഞ്ഞിൽ, പതിമുഖം, വയൽ ചുള്ളി തുടങ്ങിയ 15 ഇനം പച്ചമരുന്ന് ചൂർണങ്ങളും അമുക്കുരം, ചുക്ക്, തിപ്പലി, കുരുമുളക്, ശതകുപ്പ, ജീരകം, കരിം ജീരകം, കക്കുംകായ തുടങ്ങിയ പൊടി മരുന്നുകളും ഞവരയരി, ഉലുവ, ആശാളി എന്നിവയും അടങ്ങിയതാണ് ഒരു പ്രമുഖ സ്ഥാപനത്തിന്റെ കഞ്ഞിക്കൂട്ട്. വിവിധ സ്ഥാപനങ്ങൾ പുറത്തിറക്കിയ കഞ്ഞി കിറ്റുകളിലെ മരുന്നുകളുടെ ചേരുവകളിൽ വ്യത്യാസം കാണാം. 37 ഇനം മരുന്നുകൾ ഉണ്ടെന്ന് അവകാശപ്പെടുന്ന കിറ്റും വിപണിയിലുണ്ട്. ഇതിന് പുറമെയാണ് പാരമ്പര്യ രീതിയിലുള്ളതെന്ന അവകാശത്തോടെയുള്ള കഞ്ഞിക്കൂട്ടുകൾ.
ശാരീരിക ശക്തി വീണ്ടെടുക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും ഇലക്കറികളും ഔഷധ കഞ്ഞിസേവയും ഉത്തമമെന്ന് ആയുർവേദം നിഷ്കർഷിക്കുന്ന മാസമാണ് കർക്കടകം. കുമ്പളം, മത്തൻ, ചേമ്പ്, ചേന, പയർ തുടങ്ങി പത്തില കറികൾ കർക്കടകത്തിൽ തയാറാക്കി കഴിക്കുന്നത് ശരീരത്തിന് ഉത്തമമെന്ന് ആയുർവേദ ആചാര്യന്മാർ പറയുന്നു.
തലമുറകളായി കൈമാറിപ്പോന്ന കഞ്ഞിക്ക് ആവശ്യമായ പച്ചമരുന്നുകൾ ശേഖരിച്ചാണ് പൂർവികർ കർക്കടകത്തിൽ കഞ്ഞി തയാറാക്കി സേവിച്ചിരുന്നത്. എന്നാൽ മരുന്ന് സസ്യങ്ങളെ കുറിച്ചുള്ള അജ്ഞതയും അവയുടെ ക്ഷാമവും ആളുകളുടെ അധ്വാനത്തോടുള്ള വിമുഖതയും മരുന്ന് നിർമാണ കമ്പനികൾക്ക് കർക്കടകത്തിൽ ഉൽപന്നം വിറ്റഴിക്കൽ എളുപ്പമാക്കി.
കർക്കടക കഞ്ഞി കിറ്റിന്റെ വിപണന സാധ്യത ബോധ്യപ്പെട്ടതോടെയാണ് പ്രാദേശികമായി പ്രവർത്തിക്കുന്ന മരുന്ന് നിർമാതാക്കളും ഈ വഴി തെരഞ്ഞെടുത്തത്. ഒരാൾക്ക് ഏഴ് ദിവസത്തേക്കുള്ള കിറ്റിന് 200 - 250 രൂപയാണ് വില. വിവിധ സ്ഥാപനങ്ങളുടെ ഉൽപന്നത്തിനനുസരിച്ചാണ് വില വ്യത്യാസമുള്ളത്. കർക്കടകത്തിൽ ഏഴ്, 14, 21 ദിവസങ്ങൾ എന്ന കണക്കിലാണ് ഔഷധ കഞ്ഞി കഴിക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.