‘കഞ്ഞിയും ചമ്മന്തിയും മാങ്ങാ അച്ചാറും’; 2024ൽ ഇന്ത്യക്കാർക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ
text_fieldsവ്യത്യസ്ത രുചികൾ തേടുന്നവർ ഇന്‍റർനെറ്റിനെയാണ് ആശ്രയിക്കുന്നത്. 2024ൽ ഇന്ത്യക്കാർ ഏതൊക്കെ വിഭവങ്ങളായിരിക്കും ഇന്‍റർനെറ്റിൽ തിരഞ്ഞിട്ടുണ്ടാവുക?. മലയാളികളുടെ സ്വന്തം കഞ്ഞിയും ചമ്മന്തിയും മാങ്ങാ അച്ചാറും ഉൾപ്പെടെയുള്ളവയാണ് ഇന്‍റർനെറ്റിലെ പ്രിയ വിഭവങ്ങൾ. കൂടാതെ, വടക്കേന്ത്യൻ വിഭവങ്ങളായ ഉഗാദി പച്ചടി, എമ ദത്ഷി, ധനിയ പഞ്ഞിരി, ചർണമൃത് എന്നിവയും ഇന്ത്യക്കാർ തിരഞ്ഞവയിലുണ്ട്.
ഉഗാദി പച്ചടി
ആന്ധ്രപ്രദേശിലും കർണാടകയിലും പുതുവർഷത്തിലെ ഉഗാദി ദിവസം ദൈവപ്രീതി ലഭിക്കാൻ തയാറാക്കുന്ന വിഭവമാണ് ഉഗാദി പച്ചടി. ഉഗാദി ദിവസം കഴിക്കുന്ന ആദ്യ ഭക്ഷണമാണിത്. മധുരം, പുളി, ഉപ്പ്, കമർപ്പ്, മസാല, കയ്പ് എന്നിങ്ങനെ ആറ് രുചികളുള്ള ഒരു മിശ്രിത വിഭവമാണ് ഉഗാദി പച്ചടി. സന്തോഷം, സങ്കടം, ദേഷ്യം, വെറുപ്പ്, ഭയം, ആശ്ചര്യം എന്നിവയുടെ സമ്മിശ്രമാണ് ജീവിതമെന്ന് ഇത് സൂചിപ്പിക്കുന്നു. വേപ്പിൻ പൂവ്, പച്ചമാങ്ങ, ശർക്കര, കുരുമുളക് പൊടി, തേങ്ങ, ഉപ്പ് എന്നിവ കൊണ്ടാണ് ഉഗാദി പച്ചടി തയാറാക്കുന്നത്.
ചേരുവകൾ:
- വെള്ളം - 1 1/2 കപ്പ്
- പച്ച മാങ്ങ - 2 ടേബിൾ സ്പൂൺ (തൊലി കളഞ്ഞ് കഷണങ്ങളായി അരിഞ്ഞത്)
- വേപ്പിന്‍റെ തളിരിലകൾ - 3 എണ്ണം (പൂക്കളോട് കൂടിയത്) അല്ലെങ്കിൽ പൂക്കൾ - 1 ടീസ്പൂൺ
- ഉപ്പ് - 1 നുള്ള്
- ശർക്കര - 3 ടേബിൾ സ്പൂൺ
- കുരുമുളക് പൊടി - 1 നുള്ള്
- പുളി - ആവശ്യത്തിന് അല്ലെങ്കിൽ പുളി പൾപ്പ് -1 ടീസ്പൂൺ
(വറുത്ത പയർ, കശുവണ്ടി, ഉണക്കമുന്തിരി, വാഴപ്പഴം അരിഞ്ഞത് എന്നിവ പകരമായി ഉപയോഗിക്കാവുന്ന ചേരുവകളാണ്.)
തയാറാക്കുന്നവിധം:
പുളി കഴുകിയ ശേഷം ½ കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ കുതിർക്കുക. വേപ്പിൻ തണ്ടിൽ നിന്ന് പൂക്കളോട് കൂടിയ തളിരിലകൾ പറിച്ചെടുക്കുക. ഒരു കപ്പ് വെള്ളത്തിൽ പൊടിച്ചെടുത്ത ശർക്കര ചേർക്കുക. ശർക്കര ഉരുകുന്നത് വരെ ഇളക്കുക.
ശേഷം അരിപ്പ ഉപയോഗിച്ച് മറ്റൊരു പാത്രത്തിലേക്ക് അരിച്ചൊഴിക്കുക. പുളിയുടെ പൾപ്പ് അല്ലെങ്കിൽ വെള്ളം അതേ പാത്രത്തിലേക്ക് അരിച്ചൊഴിക്കുക. ബാക്കിയുള്ള ചേരുവകൾ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഉഗാദി പച്ചടി വിളമ്പാവുന്നതാണ്.
കഞ്ഞി
ആവി പറക്കുന്ന ചൂടുകഞ്ഞി എന്നത് കേരളീയർക്ക് എല്ലാ കാലത്തും പ്രിയപ്പെട്ട വിഭവമാണ്. അരി വേവിച്ച വെള്ളം അഥവ കഞ്ഞി വെള്ളത്തോടൊപ്പമാണ് കഞ്ഞി കഴിക്കുന്നത്. തേങ്ങാ ചുട്ടരച്ച ചമ്മന്തിയും പപ്പടവും അച്ചാറും പയർ തോരനും ഉണ്ടെങ്കിൽ കഞ്ഞികുടി ഗംഭീരമാവും.
പഴങ്കഞ്ഞി, നോമ്പുകഞ്ഞി, പള്ളിക്കഞ്ഞി, ഉലുവ കഞ്ഞി, ജീരക കഞ്ഞി, മരുന്നു കഞ്ഞി, പ്ലാവില കഞ്ഞി, കർക്കടകക്കഞ്ഞി എന്നിങ്ങനെ ചേരുവകളുടെയും പ്രദേശത്തിന്‍റെയും മാറ്റങ്ങൾ അനുസരിച്ച് കഞ്ഞികളിൽ വ്യത്യസ്തകളുണ്ട്.
വിശപ്പും ശരീരക്ഷീണവും പനിയും തളർച്ചയും ഉള്ളപ്പോൾ സാധാരണ കഞ്ഞി കഴിക്കാറുള്ളത്. പോഷക സമൃദമായ വെജിറ്റബിൾ സൂപ്പ് ആണ് കഞ്ഞിവെള്ളം. അന്നജം (കാർബോ ഹൈഡ്രേറ്റ്), തയമിൻ (വൈറ്റമിൻ ബി1), ഫൈബർ (നാരുകൾ) എന്നിവ കഞ്ഞിയിൽ അടങ്ങിയിട്ടുണ്ട്.
എമ ദത്ഷി
ഭൂട്ടാന്‍റെ ദേശീയ വിഭവമായി അറിയപ്പെടുന്നതാണ് എമ ദത്ഷി. മുളകും (എമ) ചീസും (ദത്ഷി) ഉപയോഗിച്ച് തയാറാക്കുന്ന എരിവുള്ള വിഭവമായതിനാലാണ് ഈ പേര് വിളിക്കുന്നത്. ഉപയോഗിക്കുന്ന പച്ചക്കറികളെ ആശ്രയിച്ച് വിവിധ രുചികളിൽ എമ ദത്ഷി തയാറാക്കാം. നല്ല എരിവുള്ളതാണെങ്കിലും ഏറെ സ്വാദിഷ്ടമായ ഈ വിഭവം ഭൂട്ടാനിൽ വ്യാപകമായി ലഭിക്കും. ചോറ്, റൊട്ടി, പൂരി, ബ്രഡ് എന്നിവക്കൊപ്പം എമ ദത്ഷി വിളമ്പാവുന്നതാണ്.
ചേരുവകൾ:
- ഭൂട്ടാനീസ് മുളക് വലുത് - 5-6 എണ്ണം (നാലായി കീറിയത്)
- ഭൂട്ടാനീസ് ഫ്രഷ് ചീസ് (യാക് / പശു) - 1 കപ്പ്
- സവാള (അരിഞ്ഞത്) - 1-2 എണ്ണം
- തക്കാളി (അരിഞ്ഞത്) - 1 എണ്ണം
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - 1 കപ്പ്
- വെളുത്തുള്ളി -1-2 എണ്ണം (നാലായി മുറിച്ചത്)
- വെളുത്തുള്ളി തണ്ട് -2-3 എണ്ണം (നാലായി മുറിച്ചത്)
തയാറാക്കുന്നവിധം:
ഒരു പാനിൽ വെള്ളം ഒഴിച്ച് നാലായി കീറിയ മുളകും സവാളയും തക്കാളിയും വെളുത്തുള്ളി തണ്ടും ചേർത്ത് അഞ്ച് മിനിട്ട് വേവിക്കുക. ഏകദേശം പാകമാകുമ്പോൾ ചീസും ഉപ്പും ചേർത്ത് ചീസ് ഉരുകുന്നത് വരെ തുടർച്ചയായി ഇളക്കി കൊടുത്ത് വെള്ളവുമായി യോജിപ്പിക്കുക.
പാകമായി കഴിഞ്ഞാൽ തീയിൽ നിന്ന് വാങ്ങി വെക്കുക. ചീസ്, മുളക്, വെള്ളം എന്നിവയുടെ അളവ് ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ച് ചേർക്കുക. പച്ച, ഉണങ്ങിയ വെള്ള, വറുത്ത ചുവന്ന മുളകുകൾ ഉപയോഗിക്കാവുന്നതാണ്.
മാങ്ങാ അച്ചാർ
മലയാളികൾക്ക് കൂടുതൽ പ്രിയമുള്ളതാണ് മാങ്ങാ അച്ചാർ. സദ്യയുടെ രുചി കൂട്ടാൻ അച്ചാറിന് പ്രത്യേക കഴിവുണ്ട്. സാധാരണ ഇടുന്ന രീതിയിൽ നിന്നും ചെറിയ മാറ്റങ്ങൾ വരുത്തിയാൽ അച്ചാറിന്‍റെ രുചി ഇരട്ടിയാക്കാം. നല്ല എരുവും പുളിയും മണവുമുള്ള അച്ചാർ ഊണിനും കഞ്ഞിക്കും അഭിവാജ്യ വിഭവമാണ്. മാങ്ങാ അച്ചാർ കൂടാതെ, നെല്ലിക്ക, നാരങ്ങാ, ജാതിക്ക, പാവക്ക, മീൻ, ഇറച്ചി അച്ചാറുകൾ തയാറാക്കാൻ സാധിക്കും.
ചേരുവകൾ:
- പച്ചമാങ്ങാ - 1 കിലോ
- പച്ചമുളക് -9 എണ്ണം
- ഉലുവയും ചെറിയ ജീരകവും പൊടിച്ചത് - 1 ടേബിൾ സ്പൂൺ
- മുളക് പൊടി - 2 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾ സ്പൂൺ
- കറി വേപ്പില - ആവശ്യത്തിന്
- വിനാഗിരി- 1/2 ഗ്ലാസ്
- ഉപ്പ് - ആവശ്യത്തിന്
- നല്ലെണ്ണ- 3 ടേബിൾ സ്പൂൺ
- കൊണ്ടാട്ടം മുളക് - 10 എണ്ണം
- കടുക് - 1 ടേബിൾ സ്പൂൺ
തയാറാക്കുന്നവിധം:
ചെറിയ കഷ്ണങ്ങൾ ആക്കിയ മാങ്ങയിൽ നന്നായി ഉപ്പ് ചേർത്തു ഒരു ദിവസം വെക്കണം. ഉപ്പിടുമ്പോൾ മാങ്ങയിലോ പാത്രത്തിലോ നനവ് ഇല്ലാതെ ശ്രദ്ധിക്കണം. ചുവടുകട്ടിയുള്ള പാത്രം എടുത്തു ചൂടായാൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുത്തു നന്നായി വഴണ്ട് വന്നാൽ പച്ച മുളക് ചേർത്തു വഴറ്റുക.
വേപ്പില ഇട്ടുകൊടുത്ത് മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ചേർത്തു വിനാഗിരി ഒഴിച്ച് കൊടുക്കുക. ശേഷം ചെറിയ കഷ്ണങ്ങൾ ആക്കിയ മാങ്ങ ചേർത്ത് യോജിപ്പിച്ചെടുക്കുക. ഉലുവയും ജീരകവും കൂടെ പൊടിച്ചത് ഇട്ടു കൊടുത്തു വറുത്തു വെച്ച കൊണ്ടാട്ടം മുളക് ചെറുതായൊന്ന് കൈ കൊണ്ട് പൊടിച്ചു അതും ചേർത്ത് കൊടുക്കുക.
എല്ലാം കൂടെ ഒന്ന് യോജിപ്പിച്ചെടുക്കുക. ഉപ്പ് ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാം. ചൂടാറിയ ശേഷം കുപ്പിയിലോ ഭരണി പാത്രത്തിലോ അച്ചാർ കേടാകാതെ സൂക്ഷിക്കാം.
ധനിയ പഞ്ജിരി
ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഉത്തരേന്ത്യക്കാർ തയാറാക്കുന്ന രുചികരമായ വിഭവമാണ് ധനിയ പഞ്ജിരി. പോഷക സമ്പുഷ്ടവും ആരോഗ്യകരവുമായ വിഭവമാണിത്. കൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളിൽ തയാറാക്കുന്ന നിവേദ്യം കൂടിയാണിത്.
ചേരുവകൾ:
- മല്ലയില (ധനിയ) പൊടി / മല്ലിപൊടി - 1/3 കപ്പ്
- താമര സീഡ് - 1/2 കപ്പ്
- സൂര്യകാന്തി സീഡ് - 1 ടേബിൾസ്പൂൺ
- ഏലക്ക പൊടി - 1 ടേബിൾസ്പൂൺ
- പൊടിച്ച പഞ്ചസാര - 3-4 ടേബിൾസ്പൂൺ
- അണ്ടിപരിപ്പ് (നുറുക്കിയത്) - 2- 3 ടേബിൾസ്പൂൺ
- ബദാം (നുറുക്കിയത്) - 2-3 ടേബിൾസ്പൂൺ
- തേങ്ങാപ്പൊടി - 1/2 കപ്പ്
- നെയ്യ് -3/4 ടേബിൾസ്പൂൺ
തയാറാക്കുന്നവിധം:
1. ഒരു പാനിൽ അൽപം നെയ്യ് ഒഴിച്ച് രണ്ടായി മുറിച്ച താമര സീഡ് ഇളം ബ്രൗൺ നിറമാകുന്നത് വരെ വറുക്കുക.
2. പാനിൽ 2 സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് മല്ലിപ്പൊടി ചേർത്ത് ചെറുതീയിൽ ഒരു മിനിട്ട് ചൂടാക്കി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
3. പാനിൽ തേങ്ങാപ്പൊടി ചെറിയ നിറമാകും വരെ ഇളക്കിയ ശേഷം മറ്റൊരു പാത്രത്തിൽ മാറ്റിവെക്കുക.
4. അണ്ടിപരിപ്പ്, ബദാം, സൂര്യകാന്തി സീഡ് എന്നിവ പാനിൽ (എണ്ണയോ നെയ്യോ ഒഴിക്കാതെ) ചെറുതീയിൽ വറക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
5. വലിയ ബൗളിലേക്ക് മല്ലിപൊടി ആദ്യം ചേർക്കുക. തുടർന്ന് വറുത്ത തേങ്ങാപ്പൊടി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.
6. ഇതിലേക്ക് പഞ്ചസാര പൊടി കൂടി ചേർത്ത് മിക്സ് ചെയ്യുക. അണ്ടിപരിപ്പ്, ബദാം, സൂര്യകാന്തി സീഡ് എന്നിവ ചേർത്ത് ഇളക്കുക. അൽപം ഏലക്ക പൊടി കൂടി ചേർക്കാം.
7. അവസാനമായി ഫ്രൈ ചെയ്ത താമര സീഡ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം, ധനിയ പഞ്ജരി ഒരു ബൗളിലേക്ക് പകർത്തി തണുക്കാൻ വെക്കുക.
ചമ്മന്തി
ചമ്മന്തി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് നീളൻ അമ്മിക്കല്ലും അമ്മിക്കുട്ടിയുമാണ്. അമ്മമാർ കല്ലിലരച്ച് 15 മിനിട്ടിനുള്ളിൽ തയാറാക്കിയിരുന്ന രുചികരമായ വിഭവമാണ് നാടൻ ചമ്മന്തി. കാലം മാറിയപ്പോൾ കല്ലിലരക്കുന്നത് മിക്സിക്ക് വഴിമാറി. മിക്സിയുടെ ചെറിയ ജാറിലാണ് ഇപ്പോൾ പാകത്തിൽ ചമ്മന്തി അരച്ചെടുക്കുന്നത്. ചൂട് ചോറ്, ദോശ എന്നിവ ചമ്മന്തി കൂടി കഴിക്കാം.
ചേരുവകൾ:
- തേങ്ങ - 1 കപ്പ്
- വറ്റൽമുളക് - ആവശ്യത്തിന്
- ചെറിയ ഉള്ളി - 5 എണ്ണം
- ഉപ്പ് - ആവശ്യത്തിന്
- പുളി - ആവശ്യത്തിന്
തയാറാക്കുന്നവിധം:
തേങ്ങ തീക്കനലിൽ ചുട്ടെടുക്കുക. ഇതുപോലെ തന്നെ ചെറിയ ഉള്ളി, വറ്റൽമുളക് എന്നിവയും ചുട്ടെടുക്കണം. തീക്കനൽ ഇല്ലെങ്കിൽ ഡ്രൈറോസ്റ്റ് ചെയ്യാം. ശേഷം എല്ലാ ചേരുവകളും ആവശ്യത്തിന് പുളി, ഉപ്പ് എന്നിവ ചേർത്ത് മിക്സിയുടെ ചെറിയ ജാറിൽ പാകത്തിൽ അരച്ചെടുത്താൻ ചമ്മന്തി റെഡി.
ചർണാമൃത്
20 മിനിട്ടിൽ താഴെ സമയം കൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവമാണ് ചർണാമൃത്. പാൽ, തൈര്, തേൻ, നെയ്യ്, തുളസി ഇല എന്നീ അഞ്ച് ചേരുവകൾ കൊണ്ടാണ് ചർണാമൃത് തയാറാക്കുന്നത്. ചർണാമൃതിനെ പഞ്ചാമൃത് എന്നും അറിയപ്പെടുന്നു. തെക്കേ ഇന്ത്യയിൽ പഴുത്ത വാഴപ്പഴവും പുതിയ തേങ്ങയും പഞ്ചാമൃതത്തിൽ ചേർക്കാറുണ്ട്. കേരളത്തിൽ ചിലർ ഇളനീരും ചേർക്കും.
ചേരുവകൾ:
- പശുവിൻ പാൽ - ½ കപ്പ്
- തൈര് (ദാഹി) - 2 ടേബിൾസ്പൂൺ
- തേൻ - 2 ടീസ്പൂൺ
- നെയ്യ് - 1 ടീസ്പൂൺ
- തുളസി ഇലകൾ -4-5 എണ്ണം
അലങ്കരിക്കാൻ:
- അരിഞ്ഞ അണ്ടിപ്പരിപ്പ് - 1 ടീസ്പൂൺ
- അരിഞ്ഞ ബദാം - 1 ടീസ്പൂൺ
- ചിരോഞ്ഞി - ½ ടീസ്പൂൺ
- പഴുത്ത വാഴപ്പഴം - 1 ടേബിൾ സ്പൂൺ
- ഉപ്പില്ലാത്ത പിസ്ത അരിഞ്ഞത് - 1 ടീസ്പൂൺ
- റോസ് ഇതളുകൾ - 3-4 എണ്ണം
തയാറാക്കുന്നവിധം:
1. വൃത്തിയുള്ള സ്റ്റീൽ പാത്രം എടുക്കുക.
2. പശുവിൻ പാൽ, തൈര്, നെയ്യ്, തേൻ, തുളസി ഇലകൾ എന്നിവ ചേർത്ത് സ്പൂൺ കൊണ്ട് ഇളക്കുക.
3. ശേഷം അലങ്കരിക്കാൻ നന്നായി അരിഞ്ഞ അണ്ടിപ്പരിപ്പ്, ബദാം, ചിരോഞ്ഞി, വാഴപ്പഴം, പിസ്ത, റോസ് ഇതളുകൾ ചേർക്കുക.
4. അവസാനമായി ഒരു തവണ നന്നായി മിക്സ് ചെയ്യുക. ചർണാമൃത് തയ്യാർ. കഴിക്കുന്നതിന് മുമ്പ് 1-2 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.