ഈത്തപ്പഴ സമൃദ്ധിയും മധുവിന് മാധുര്യവും ഒത്തുചേരുന്ന അജ്മാന് ലിവ ഫെസ്റ്റിവല്‍
text_fieldsഅറേബ്യന്‍ പാരമ്പര്യ സംസ്കാരത്തിന്റെ തനിമ വിളിച്ചോതുന്ന പ്രദര്‍ശന മേളയാണ് ലിവ ഫെസ്റ്റിവല്‍. അജ്മാന് ലിവ ഡേറ്റ്സ് ആന്റ് ഹണി ഫെസ്റ്റിവല്‍ കരവിരുതുകളും കായ്ഫലങ്ങളാലും സമ്പുഷ്ടമാകും. ജൂലൈ 27 മുതല്‍ 30 വരെ അജ്മാനിലെ എമിരേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററിലാണ് അജ്മാന് ലിവ ഈത്തപ്പഴ, തേന്‍ മേളയുടെ എട്ടാമത് പതിപ്പ് അരങ്ങേറുന്നത്. മൂന്ന് ദിവസം നീണ്ടു നില്കുന്ന ഈ മേളയില്‍ കുടുംബങ്ങളടക്കം വലിയൊരു വിഭാഗം സന്ദര്‍ശകരായി എത്തുന്നുണ്ട്.
അജ്മാനിലെ വിനോദ സഞ്ചാര വികസന വകുപ്പാണ് 350 പ്രദര്‍ശകരുടെ സഹകരണത്തോടെ പ്രദര്‍ശനം ഒരുക്കുന്നത്. പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന മികച്ച ഈത്തപ്പഴം, തേൻ, സിട്രസ് പഴങ്ങൾ, നാരങ്ങ, മാമ്പഴം, ബദാം എന്നിവയാണ് ലിവ മേളയിലെ പ്രധാന കായ്ഫല പ്രദര്‍ശനങ്ങള്‍. അറേബ്യന്‍ ജീവിത രീതികളുമായി ബന്ധപ്പെട്ട കരവിരുതുകളുടെ വലിയൊരു ശേഖരവും നിര്‍മ്മാണ രീതികളും ഈ മേളയോടനുബന്ധിച്ച് പ്രദര്‍ശിപ്പിക്കും.
രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ വിത്യസ്ത സമയങ്ങളില്‍ ലിവ മേള അരങ്ങേറാറുണ്ട്. പൈതൃക കലാ സാംസ്കാരിക പ്രകടനങ്ങള്‍, പ്രാചീന തൊഴില്‍ രൂപങ്ങള്‍, ജീവിത രീതികള്‍ എന്നിവയും ഈ പ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിക്കാറുണ്ട്. പ്രാദേശികമായ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വര്‍ഷം തോറും ഈ മേളകള്‍ നടത്തി വരുന്നത്. സൗദി അടക്കമുള്ള നിരവധി പേര് രാജ്യത്തിന് പുറത്ത് നിന്ന് ഈ പ്രദര്‍ശനത്തിന് എത്തും.
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണന സാധ്യതകള്‍ തേടുന്നതിന് ഈ മേള പ്രാദേശിക കര്‍ഷകരെ ഏറെ സഹായിക്കുനുണ്ട്. പാരമ്പര്യ കൃഷിരീതികള്‍ പുതു തലമുറക്ക് പകര്‍ന്നു നല്‍കുന്നതിന് ആവശ്യമായ സെമിനാറുകളും വര്‍ക്ഷോപ്പുകളും ഈ മേളയോടനുബന്ധിച്ച് സംഘാടകരായ വിനോദ സഞ്ചാര വികസന വകുപ്പ് സംഘടിപ്പിക്കും.
പരമ്പരാഗത വിപണി, അറേബിയന്‍ ആതിഥ്യം മാതൃക, കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായി വിത്യസ്ത തരം വിനോദങ്ങളും മത്സരങ്ങളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പുരാതന എമിറാത്തി പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനും ഈന്തപ്പന കൃഷിയിൽ നിക്ഷേപം നടത്താനും വലിയ പ്രോത്സാഹനമാണ് ഫെസ്റ്റിവല്‍ ഒരുക്കുന്നത്.സന്ദര്‍ശകര്‍ക്ക് ഏറെ വിനോദകരമായിരിക്കും ഈ മേള. രാവിലെ പത്ത് മണി മുതല്‍ രാത്രി പത്ത് മണി വരെ വരെ നീണ്ടു നില്ക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.