അലയടിച്ച് ഫുട്ബാൾ ആവേശം: ആഘോഷത്തിന് പണം കണ്ടെത്താൻ ബിരിയാണി, പായസ ചലഞ്ച്
text_fieldsമൂവാറ്റുപുഴ: മധ്യകേരളത്തിലെ ഫുട്ബാൾ പ്രേമികളുടെ തട്ടകമായ മൂവാറ്റുപുഴ ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാൻ ഒരുങ്ങി. തെരുവോരങ്ങൾ മുഴുവൻ ഫുട്ബാൾ താരങ്ങളുടെ ഫ്ലക്സ് ബോർഡുകൾകൊണ്ട് നിരന്നു. ബ്രസീൽ, അർജന്റീന, സ്പെയിൻ, ജർമനി, ഇറ്റലി, പോർചുഗൽ തുടങ്ങിയവയുടെ ആരാധകർ മത്സരിച്ചാണ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഇത്തവണയും കളികാണാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. പള്ളിച്ചിറങ്ങര, കിഴക്കേക്കര, പേഴക്കാപ്പിള്ളി, അടൂപ്പറമ്പ്, മുളവൂർ തുടങ്ങി എല്ലായിടത്തും കൽപന്തുമായി താരങ്ങൾ നിറഞ്ഞുനിൽക്കുന്നു.
മൂവാറ്റുപുഴ ഫുട്ബാൾ ക്ലബിന്റെ നേതൃത്വത്തിൽ നഗരസഭയുമായി സഹകരിച്ച് നഗരസഭ ടൗൺ ഹാൾ ഗ്രൗണ്ടിൽ 100 അടി വലുപ്പമുള്ള കൂറ്റൻ എൽ.ഇ.ഡി സ്ക്രീനാണ് മത്സരങ്ങൾ കാണാൻ ഒരുക്കുന്നത്. ഫാൻസ് അസോസിയേഷനുകൾ സമൂഹമാധ്യമങ്ങളിൽ കൂട്ടായ്മ ഉണ്ടാക്കി പ്രചാരണങ്ങളും ആഘോഷങ്ങളും ആരംഭിച്ചു കഴിഞ്ഞു.
എതിർ ടീമിലെ താരങ്ങളെ ഉൾപ്പെടുത്തിയ ട്രോളുകൾ സൃഷ്ടിച്ചുള്ള മത്സരമാണ് ഏറെയും. മെസിയും നെയ്മറും റൊണാൾഡോയുമെല്ലാം ട്രോളുകളിൽ നിറയുകയാണ്. ആഘോഷങ്ങൾക്കു പണം കണ്ടെത്താൻ ബിരിയാണി ചലഞ്ച്, പായസ ചലഞ്ച് എന്നിവക്കും തുടക്കമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.