ഇതാ, ബസുമതി ചോറിന്റെ ഗ്രാമം
text_fieldsപരപ്പനങ്ങാടി: ഒരു നഗരസഭക്കകത്ത് അമ്പതിലേറെ കാറ്ററിങ് സർവിസുകൾ, അറുനൂറിലധികം പാചക വിദഗ്ധർ. പരപ്പനങ്ങാടിയുടെ രുചിവൈവിധ്യം തീരക്കാറ്റിൽ പരന്നൊഴുകുകയാണ്. ഫ്രെയ്ഡ് റെയ്സ്, കബ്സ, കുഴിമന്തി, മജ്മൂസ്, സെഷൽ അറേബ്യൻ, ഹൈദരാബാദി ബിരിയാണി തുടങ്ങിയ വിഭവങ്ങളിൽ നീളമേറിയ ബസുമതി അരി വെന്തുമറിയുകയാണ്. പരദേശത്ത് നിന്നെത്തിയ ഈ വിഭവങ്ങളിലെ തുടക്കക്കാരനാണ് ഫ്രെയ്ഡ് റെയ്സ്. ഇന്ത്യ ഗേറ്റ്, പോസ്റ്റ്മാൻ തുടങ്ങി ബ്രാൻഡുകളിലെ ഫ്രെയ്ഡ് റെയ്സ് അരിയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് പരപ്പനങ്ങാടി.
വിഭവ സൗന്ദര്യം കൊണ്ട് തിളച്ചുമറിയുന്ന പരിപാടികളിൽ നീളമേറിയ ബസുമതി അരികൾ ചിക്കനും മട്ടനും കുട്ടനും ചേർന്ന് വിവിധ നാമങ്ങളിൽ നിറഭേദങ്ങളേറ്റുവാങ്ങി നിറഞ്ഞൊഴുകുന്ന തീൻ മേശകളുടെ കാഴ്ച വിശക്കുന്ന വയറിനെ മാത്രമല്ല, കൊതിക്കുന്ന മനസ്സിനെയും നിറക്കുന്നതാണ്.
അന്തരിച്ച പാചക വിദഗ്ധൻ ഉസ്താദ് എന്ന പേരിൽ അറിയപ്പെടുന്ന വെട്ടിയാട്ടിൽ ഹംസക്കയുടെ കൈപുണ്യം പരപ്പനങ്ങാടിയിലെ നൂറുകണക്കിന് മനുഷ്യരെയാണ് പാചക വിദഗ്ധരാക്കി മാറ്റിയത്. ഉസ്താദിന്റെ പൈതൃകവുമായി മകൻ വെട്ടിയാട്ടിൽ മുനീറും ശിഷ്യ പരമ്പരയിലെ ഓറഞ്ച് ഇബ്രാഹീം കുട്ടിയും അത്യാധുനിക ഇവന്റുകളുമായി രണ്ടുവഴി തിരിഞ്ഞതോടെ രുചിയുടെ വാശിയും വീറും പുകഞ്ഞ് അമ്പതിലേറെ സ്ഥാപനങ്ങൾ പരപ്പനങ്ങാടിയിൽ മുളപൊട്ടി.
മത്സ്യബന്ധനം കഴിഞ്ഞാൽ പരപ്പനങ്ങാടിയിലെ ഏറ്റവും വലുതും വരുമാനമേറിയതുമായ തൊഴിൽരംഗം പാചകമാണ്. പഴയ തലമുറയിലെ കരിങ്കല്ലത്താണി സ്വദേശി പള്ളിപ്പുറത്ത് അബൂബക്കർ, അഞ്ചപ്പുരയിൽ മുഹമ്മദ്കുട്ടി, ചുക്കാൻ ഇബ്രാഹീം എന്നിവരാണ് പാചക രംഗത്തെ മുതിർന്നവരെങ്കിലും ആരോഗ്യകരമായ കാരണങ്ങളാൽ ഇവർ ഇപ്പോൾ സജീവമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.