താഴത്തങ്ങാടിയിലെ ടൂറിസം ഹട്ടുകളിൽ പുതിയ ഭക്ഷണശാല വരുന്നു
text_fieldsകോട്ടയം: പൈതൃകപദവി കാത്തിരിക്കുന്ന താഴത്തങ്ങാടിക്ക് അലങ്കാരമായി ഭക്ഷണശാല വരുന്നു. ആലുംമൂട് ജങ്ഷനിലെ ടൂറിസം ഹട്ടുകളിലാണ് പുതിയ ഭക്ഷണശാല വരുന്നത്.
ആറ്റിൻ തീരത്ത് ജനങ്ങളെ ആകർഷിക്കുന്ന തരത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ച് മനോഹരമാക്കി ജ്യൂസ്, ഐസ്ക്രീം പാർലറുകളും ചെറുകടികളും ഉച്ചഭക്ഷണവും ഒരുക്കാനാണ് ഉദ്ദേശ്യം. താഴത്തങ്ങാടി സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ അജിത്തും അനിലുമാണ് ഹട്ടുകളുടെ നടത്തിപ്പ് ലേലത്തിനെടുത്തിരിക്കുന്നത്.
ചിങ്ങം ഒന്നിന് ഉദ്ഘാടനം നടത്തും. ഇതിനായി കാടുമൂടിക്കിടന്ന പ്രദേശത്ത് ശുചീകരണം ആരംഭിച്ചു. 2013ൽ 65 ലക്ഷം രൂപയോളം മുടക്കി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലാണ് മീനച്ചിലാറിന് അഭിമുഖമായി തീരത്ത് നാലു ഹട്ട് സ്ഥാപിച്ചത്. ഇവിടെ ഭക്ഷണശാല നടത്തിയിരുന്നെങ്കിലും കോവിഡ് കാലത്ത് നിലച്ചതോടെ കാടുപിടിച്ച് നാശോന്മുഖമായി. മൂന്നുവർഷത്തേക്കാണ് കരാർ നൽകിയിട്ടുള്ളത്. സ്ഥലം വൃത്തിയാക്കി അറ്റകുറ്റപ്പണി നടത്തി വേണം സ്ഥാപനം തുടങ്ങാൻ.
മേൽക്കൂരയിലെ ഷീറ്റുകളും ഓടുകളും തകർന്നുകിടക്കുകയാണ്. ഷട്ടറുകളുണ്ടെങ്കിലും പൂട്ടുകൾ നഷ്ടപ്പെട്ടു. ഹട്ടുകളിലെ ലൈറ്റ്, വയറിങ് എല്ലാം മോഷണം പോയി. ഇരിപ്പിടങ്ങളും ടൈലുകളും പൊട്ടിപ്പൊളിഞ്ഞു. ഇതെല്ലാം മാറ്റി പുതിയ പെയിന്റടിച്ച് ആർച്ച് ലൈറ്റുകളും കൂടുതൽ ഇരിപ്പിടങ്ങളുമൊരുക്കി പുതിയ മുഖമാക്കാനാണ് ലക്ഷ്യമിടുന്നത്. രാത്രി 12 വരെ പ്രവർത്തിക്കും. ആറ്റിലേക്കിറങ്ങാനുള്ള പടവുകളും ഹട്ടുകളുടെ ഭാഗമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.