Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightബ്യാരികളുടെ റമദാൻ...

ബ്യാരികളുടെ റമദാൻ സന്ധ്യയും നാടൻ രുചികളും

text_fields
bookmark_border
Baris Community Foods
cancel

ബ്യാരിജനതയുടെ റമദാൻ രുചിതേടിയുള്ള യാത്രയാണ് എന്നെ മംഗലാപുരത്തെ മംഗീസ്റ്റാൻഡിലെ സുലൈഖ മുംതാസിന്റെ വീട്ടിലേക്ക് എത്തിച്ചത്. കർണാടക അതിർത്തിയിലെ ലിപിയില്ലാത്ത ഭാഷയാണ് ബ്യാരി. ബ്യാരി സംസാരിക്കുന്ന പ്രധാനമായും ദക്ഷിണ കന്നടയിലെ മുസ്‍ലിം ജനവിഭാഗത്തെയാണ് ബ്യാരിജനത എന്ന് വിളിക്കുന്നത്.

മുസ്‍ലിം, തുളു, മിപില വിഭാഗങ്ങളുടെ സംസ്‌കാരങ്ങളെയും ആചാരങ്ങളെയും പിന്തുടരുന്ന ഇവരിൽ ഇതിന്റെയൊക്കെ സമ്മിശ്ര സംസ്‌കാരം കാണാനാവും. കേൾക്കാൻ രസകരവും കൗതുകം തോന്നുന്നതുമായ ഈ ഭാഷയിലാണ് സുലൈഖ മുംതാസ് സംസാരിച്ചുകൊണ്ടിരുന്നത്. അവളുടെ നാവിൽ റമദാൻ രുചികൾ ബ്യാരിഭാഷയിൽ തത്തിക്കളിച്ചു.

നനച്ചുകുളിയും (റമദാനു മുമ്പുള്ള ശുചിയാക്കൽ) കഴിഞ്ഞ് റമദാനെ കാത്തിരിക്കുന്ന സുലൈഖയും ഉമ്മയും മുത്തശ്ശിയും വിഭവങ്ങൾ ഒരോന്നായി ഓർത്തെടുത്തു. പല നാട്, പല രുചികൾ. കാലം ഓരോ രുചിക്കും മാറ്റം വരുത്തും. പക്ഷേ, ഏത് ഇടത്ത് മാറിയാലും പഴയതിനേയും ചേർത്തുപിടിച്ച് ഓർമകൾ നിലനിർത്തുന്ന ചിലരുണ്ടാവും. സുലൈഖ മുംതാസിന്റെ ഉമ്മയുടെയും മുത്തശ്ശിയുടെയും പക്കൽ ആ രുചികൾ ഭദ്രമായിരുന്നു.


പലതും ഇപ്പോൾ തയാറാക്കുന്നതും റമദാനിലെ വിഭവങ്ങളിൽ സ്ഥാനം പിടിക്കുന്നതും കുറവാണെങ്കിലും ഓർമയിലെ ആ രുചികളുടെ വിവരണം കേൾക്കുമ്പോൾ നാവിൽ രുചിച്ചറിയുമ്പോലെ അനുഭവപ്പെടുന്നു. കേട്ടുപരിചയമുള്ളതും ഇല്ലാത്തതുമായ വിഭവങ്ങൾ. പ്രധാനമായും പാനീയങ്ങളും ബ്യാരിജനത മണ്ണി എന്നു വിളിക്കുന്ന ബിർണി അല്ലെങ്കിൽ കുറുക്കുകളുമാണ് പങ്കുവെച്ച വിഭവങ്ങളിൽ കൂടുതലായുമുണ്ടായിരുന്നത്.

നോമ്പുതുറക്കുമ്പോൾ മറ്റു വിഭവങ്ങളേക്കാൾ പാനീയങ്ങൾക്കുതന്നെയാണ് മുൻഗണന. ബ്യാരിജനതക്കിടയിൽ ഒരു കാലത്ത് റമദാൻ ഭരിച്ചിരുന്ന മൂന്നു പാനീയങ്ങളാണ് കസ്കസ് വെള്ളം, ഗോതമ്പ് ജ്യൂസ്, റാഗി ജ്യൂസ് എന്നിവ. ഇതിൽ ചിലത് ഇന്ന് പ്രചാരത്തിലുള്ളവതന്നെയാണ്.

കസ്‌കസ് വെള്ളം

ഒരു സ്പൂൺ കഴുകിയെടുത്ത കസ്‌കസ് കുറച്ചു വെള്ളത്തിൽ കുതിർത്തു വെച്ച് മണിക്കൂറുകൾക്കു ശേഷം അത് ആവശ്യത്തിനു വെള്ളം എടുത്ത് അതിൽ കലർത്തി പഞ്ചസാരയും കൂടെ ചെറിയ പഴവും ചതച്ച് ഈ പാനീയത്തിലേക്കു ചേർക്കണം. നന്നായി സ്പൂൺകൊണ്ട് കലക്കി സർബത്തിന്റെ പാകത്തിലാക്കാവുന്നതാണ്. തുടർന്ന് ഗ്ലാസിലേക്ക് പകർന്ന് കുടിക്കാവുന്നതാണ്. നോമ്പെടുത്ത് ചൂടായി കിടക്കുന്ന ശരീരം തണുപ്പിക്കാൻ ഈ പാനീയം അത്യുത്തമമാണ്.

ഇതുപോലെ ഒരു സ്പൂൺ കഴുകിയെടുത്ത ഇസബ്‌കോൽ കുറച്ചു വെള്ളത്തിൽ കുതിർത്തു വെച്ച് മണിക്കൂറുകൾക്കു ശേഷം അത് ആവശ്യത്തിനു വെള്ളം എടുത്ത് അതിൽ കലർത്തി പഞ്ചസാരയും കൂടെ ചെറിയ പഴം ചതച്ച് ഈ പാനീയത്തിലേക്കു ചേർക്കണം. നന്നായി സ്പൂൺകൊണ്ട് കലക്കി സർബത്തിന്റെ പാകത്തിലാക്കാവുന്നതാണ്. തുടർന്ന് ഗ്ലാസിലേക്ക് പകർന്ന് കുടിക്കാവുന്നതാണ്.

ഗോതമ്പ് ജ്യൂസ്

കുറച്ച് ഗോതമ്പ് ഒരു നുള്ള് ഉപ്പിട്ട് അരച്ചെടുത്ത് പാലെടുക്കണം. തുടർന്ന് ശർക്കരയിട്ട് നല്ലവണ്ണം തിളപ്പിച്ചെടുത്ത് അത് തണുപ്പിക്കാൻവെക്കണം. ഇതിലേക്ക് ബദാം, വൈറ്റ് കസ്‌കസ് എന്നിവ അരച്ചെടുത്ത് അതിന്റെ പാലെടുത്ത് ചേർക്കുക. തുടർന്ന് ആവശ്യത്തിന് വെള്ളവും ശർക്കരയുടെ മധുരം തികഞ്ഞില്ലേൽ പഞ്ചസാരയും ചേർത്ത് ഇളക്കുക. ഇതിലേക്ക് തയാറാക്കിവച്ച ഗോതമ്പ്മണ്ണി, ചൈനാഗ്രാസ് പോലുള്ളവ ചേർക്കുന്ന രീതിയിൽ ചെറുകഷണങ്ങളാക്കി മുറിച്ചെടുത്ത് ചേർത്തു വിളമ്പാം. ഗോതമ്പ് മണ്ണി എന്നത് സ്വതന്ത്രമായും ഇങ്ങനെ പാനീയങ്ങളിൽ ചേർത്തും ഉപയോഗിക്കാവുന്ന ഭക്ഷണമാണ്. ഗോതമ്പ് മണ്ണി തയാറാക്കുന്നതും ഏകദേശം ഇതേ മാതൃകയിൽ തന്നെയാണ്.

ഗോതമ്പ് മണ്ണി അഥവാ ഗോതമ്പ് ബിർണി

ഗോതമ്പും തേങ്ങയും അരച്ചെടുത്ത് അതിന്റെ പാൽ ശേഖരിച്ച് അതിൽ ശർക്കര ചേർത്ത് തീയിൽ കുറുക്കിയെടുത്ത് അത് ഒരു പരന്ന പാത്രത്തിൽ ഒഴിച്ചുവെക്കുന്നു. കുറച്ച് മണിക്കൂറുകൾക്ക് ശേഷം ഇത് പുഡിങ്ങിന്റേയും മറ്റും പരുവത്തിൽ ആവും. ഇതിനെ മുറിച്ച് കഴിക്കുകയോ ജ്യൂസിനോടൊപ്പം ചേർത്തു കഴിക്കുകയോ ആവാം. ഷുഗർ പോലുള്ള രോഗമുള്ളവർക്ക് വളരെ ഉചിതമായി തെരഞ്ഞെടുക്കാവുന്ന ഒരു പാനീയമോ ഭക്ഷണമോ ആണിത്.

റാഗി ജ്യൂസ് അല്ലെങ്കിൽ റാഗി സർബത്ത്

ഗോതമ്പിനു പകരം റാഗി ഉപയോഗിച്ചും സർബത്ത് തയാറാക്കാം. റാഗി അരച്ച് അതിന്റെ പാലെടുത്ത് തിളപ്പിച്ച് ആ പാലും ശർക്കരയും ഒന്നിച്ചുചേർത്ത് അതിലേക്ക് ഗോതമ്പ് മണ്ണി തയാറാക്കിയതുപോലെ റാഗി മണ്ണി തയാറാക്കി ചെറുകഷണങ്ങളായി മുറിച്ചിടാം. എന്നിട്ട് തണുപ്പിച്ചെടുത്ത് ഭംഗിയുള്ള ഗ്ലാസുകളിൽ വിളമ്പി ബാങ്കു വിളി സമയം കഴിക്കാവുന്നതാണ്. റാഗി, തേങ്ങ ഇവ ചേർത്ത് അരച്ച് പാലെടുത്ത് അതിലേക്ക് ഉരുക്കിയെടുത്ത ശർക്കരയിട്ട് കുറുക്കിയെടുത്ത് തണുപ്പിച്ച് റാഗി മണ്ണി തയാറാക്കാവുന്നതാണ്.

ഗോതമ്പ് ബിർണി

നേരത്തേ ഗോതമ്പുപയോഗിച്ച് തയാറാക്കിയ പാനീയങ്ങളും വിഭവങ്ങളും പോലെ ഇതും റമദാനിലെ പ്രധാന വിഭവമാണ്. ഗോതമ്പ് അരച്ചിട്ട് പാലെടുക്കുന്നതാണ് ആദ്യ ഘട്ടം. അതിലേക്ക് എടുത്തുവെച്ച തേങ്ങാപാലും തരിയും ശർക്കരയും ഇട്ട് തീയിൽ വെച്ച് നന്നായി കുറുക്കിയെടുക്കണം. കുറുക്കിയെടുത്ത ഈ ബിർണിയിലേക്ക് ഭംഗിക്കും രുചിക്കുമായി ഡ്രൈഫ്രൂട്സ് ഇട്ട് അലങ്കരിച്ചെടുക്കാം.

നെയ്‌ച്ചോർ അരി കൊണ്ട് ബിർണി

നെയ്‌ച്ചോർ അരി അരച്ചെടുത്ത് തേങ്ങാപ്പാലിൽ തിളപ്പിച്ച് അതിൽ ആവശ്യത്തിനു പഞ്ചസാര ചേർത്ത് അത് കുറുക്കിയെടുത്ത് ബിർണിയുണ്ടാക്കുന്നു. നോമ്പുതുറന്നതിനു ശേഷം കഴിക്കാവുന്ന ഒരു വിഭവമാണിത്.

സാബൂൻ അരിപ്പായസം

സാബൂൻ അരിപ്പായസമാണ് മറ്റൊരു താരവിഭവം. സാബൂൻ അരി പാലിൽ തിളപ്പിച്ച് പഞ്ചസാരയും ഡ്രൈ ഫ്രൂട്സും ചേർത്ത് ഇഷ്ടമനുസരിച്ച് തണുപ്പിച്ചും ചൂടോടെയും കഴിക്കാം.

കട്‌ലബേളമണ്ണി

ശരീരബലത്തിനായി കഴിക്കുന്ന രുചിയുള്ള വിഭവമാണ് ബ്യാരിജനതയുടെ കട്‌ലബേളമണ്ണി. അരിയും തേങ്ങയും അരച്ച് വെള്ളം മാതൃകയിലാക്കിയെടുത്ത പാനീയത്തിലേക്ക് വേവിച്ച കടലബേളയും (പയറുദാൽ) ശർക്കരയും നേന്ത്രപ്പഴം മുറിച്ചതുമിട്ട് കുറുക്കിയെടുത്ത് തണുപ്പിക്കാൻ വെക്കാം. തണുപ്പിച്ചെടുത്ത ഈ വിഭവം മുറിച്ചെടുത്ത് രുചിയോടെ കഴിക്കാവുന്നതാണ്. ശരീരക്ഷീണം ഇല്ലാതാക്കാൻ ഇത് മികച്ച വിഭവമാണ്.

ശരീരപുഷ്ടിക്കും റമദാൻെറ തളർച്ച അകറ്റാനും ഷുഗർ പോലുള്ള മറ്റു രോഗങ്ങൾകൊണ്ട് വലയുന്നവർക്കും റമദാൻ നോമ്പെടുത്ത് ശരീരം ചൂടുകയറി നിൽക്കുന്നവർക്ക് അത് തണുപ്പിക്കുവാനും പറ്റുന്ന വിഭവങ്ങളാണിവ. ഇന്ന് സമൂസയും റോളും പോലുള്ള എണ്ണക്കടികളും വിവിധ തരം ജ്യൂസുകളും പുഡിങ്ങുകളും മറ്റും ഇത്തരം വിഭവങ്ങൾക്ക് പകരം സ്ഥാനം പിടിച്ചെങ്കിലും ഇതിൽ ചിലത് ഇന്നും ഗുണംകൊണ്ടും രുചികൊണ്ടും ചേർത്തുപിടിക്കുന്നവരുമുണ്ട്. ഒരിക്കൽ നാവിൽ തൊട്ട രുചികൾക്കെങ്ങനെയാണ് മറവിയിലേക്ക് കൂപ്പുകുത്താനാവുക. ബ്യാരിജനതയുടെ റമദാന്റെ സന്ധ്യകളെ കാത്ത് ഈ വിഭവങ്ങൾ ഉണർന്നുകഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan memoriesRamadan 2025Baris Muslim CommunityBaris Foods
News Summary - Ramadan evening and Traditioanl flavors of the Baris Muslim Community
Next Story
RADO