ഈ മസാലക്കഞ്ഞിക്ക് നന്മയുടെ രുചി
text_fieldsതലശ്ശേരി: വ്രതമനുഷ്ഠിക്കുന്നവർക്ക് ക്ഷീണമകറ്റാൻ വിവിധ പള്ളികളിൽ ഇറച്ചി ചേർത്ത മസാലക്കഞ്ഞി എത്തിച്ച് യുവാക്കളുടെ കൂട്ടായ്മ. മയ്യിത്ത് പരിപാലനത്തോടൊപ്പം മറ്റ് കാരുണ്യ പ്രവർത്തനങ്ങളിലും സേവനവഴിയിൽ മാതൃകയാവുകയാണ് ചിറക്കര അയ്യലത്ത് സ്കൂൾ പ്രദേശത്തെ ഒരുകൂട്ടം യുവാക്കൾ.
ഖിദ്മ മയ്യിത്ത് പരിപാലന കമ്മിറ്റിക്ക് കീഴിലുളള ഒരുപറ്റം യുവാക്കളാണ് റമദാനിലും സന്നദ്ധ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങിയിരിക്കുന്നത്. നേരിയരിക്കൊപ്പം വിവിധ മസാലക്കൂട്ടുകളും തേങ്ങ, നെയ്യ്, ജീരകം, ഇറച്ചി എന്നിവ ചേർത്താണ് മസാലക്കഞ്ഞി തയാറാക്കുന്നത്. ചിറക്കര മേഖലയിലെ അയ്യലത്ത് പള്ളി, കണ്ണോത്ത് പള്ളി, റെയിൽവ്യു പള്ളി, നാലു പുരക്കൽ പള്ളി, കുഴിപ്പങ്ങാട് പള്ളി, സലഫി പള്ളി എന്നിവിടങ്ങളിൽ നോമ്പുതുറക്കാർക്കായി ദിവസവും കഞ്ഞി എത്തിക്കുന്നുണ്ട്.
ഒരോ ദിവസവും 500 പേർക്കുള്ള കഞ്ഞിയാണ് തയാറാക്കുന്നത്. പള്ളികളിൽ നൽകുന്നതിന് പുറമെ പ്രദേശത്തെ വ്യക്തികൾക്കും വീട്ടുകാർക്കും കഞ്ഞി നൽകുന്നുണ്ട്. ഒരു ദിവസം കഞ്ഞി തയാറാക്കുന്നതിന് 5,000 രൂപയോളം ചെലവ് വരും. സുമനസ്സുള്ള വ്യക്തികളാണ് ഓരോ ദിവസവും ഇതിനുള്ള ചെലവ് വഹിക്കുന്നത്.
സയ്യിദ് യഹ്യ കുഞ്ഞിക്കോയ തങ്ങൾ ചെയർമാനും നൗഫൽ പയേരി കൺവീനറുമായുള്ള ഖിദ്മ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ 13 മെംബർമാരാണ് റമദാനിലെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മയ്യിത്ത് പരിപാലന പ്രവർത്തനങ്ങളിൽ കഴിഞ്ഞ രണ്ട് വർഷമായി കമ്മിറ്റി സജീവമാണ്.
വനിതകളെയും ഉൾപ്പെടുത്തി സേവന പ്രവർത്തനങ്ങൾ വിപുലമാക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. ചിറക്കരയിലെ ഹസ്സനാണ് കഞ്ഞി തയാറാക്കുന്നത്. മമ്മു, ഷംസീർ, അനസ്, അക്തർ റാഫി എന്നിവരാണ് സേവന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.