യാംബുവിൽ സൗദി യുവാക്കളുടെ ‘സൂബിയ’ കച്ചവടം
text_fieldsയാംബു: റമദാനിൽ സ്വദേശി വീടുകളിലെ ഇഫ്താർ വിഭവങ്ങളിലെ സുപ്രധാന പാനീയമായ ‘സൂബിയ’യുടെ പൊടിപാറുന്ന കച്ചവടവുമായി സൗദി യുവാക്കൾ. യാംബു ടൗണിലെ ടൊയോട്ട സിഗ്നലിന് സമീപം അൽ നഖ്ൽ റോഡിെൻറ തിരക്കൊഴിഞ്ഞ ഓരങ്ങളിലാണ് സായാഹ്നങ്ങളിൽ സജീവമായി സൂബിയ കച്ചവടം. സൗദിയിലെ ഇഫ്താർ വിഭവങ്ങളിൽ സൂബിയ പണ്ടു മുതലേ മുഖ്യ ഇനമാണ്. പാരമ്പര്യത്തനിമ നിലനിർത്തുന്ന പാനീയമാണ് ഇത്. ഏലം, കറുകപ്പട്ട, ബാർലി, ബ്രൗൺ ബ്രെഡ്, ഉണക്കമുന്തിരി, പഞ്ചസാര തുടങ്ങിയ ചേരുവകളിലാണ് ഇത് തയാറാക്കുന്നത്.
തങ്ങൾ പാരമ്പര്യമായി മാതാപിതാക്കളിൽ നിന്നുമാണ് സൂബിയ കച്ചവടം ഏറ്റെടുത്തതെന്നും വർഷങ്ങളായി റമദാനിൽ യാംബുവിലെ തെരുവോരങ്ങളിലും മറ്റും ഞങ്ങൾ സൂബിയ വിപണനം നടത്തുന്നുവെന്നും ‘ഫായിസ് ജ്യൂസസ്’ എന്ന ബ്രാൻഡിൽ വ്യാപാരം നടത്തുന്ന രണ്ട് സൗദി യുവാക്കൾ പറഞ്ഞു. ഡ്രൈ ബ്രെഡും ബാർലിയും ഒരു വലിയ പാത്രത്തിൽ ആവശ്യമായ വെള്ളത്തിൽ 24 മണിക്കൂർ മുക്കിവെക്കുകയാണ് ആദ്യം ചെയ്യുന്നത്. കുതിർത്ത ചേരുവകൾ പിന്നീട് വേവിക്കും.
തിളപ്പിച്ചശേഷം വെള്ളത്തിൽ കറുകപ്പട്ടയും ഏലക്കായും ചേർത്ത് ഒരു ദിവസം കൂടി കുതിർക്കാൻ വെക്കുന്ന രീതിയാണ് പിന്നീട് ചെയ്യുന്നത്. ശേഷം മിശ്രിതം എടുത്ത് ഒരു അരിപ്പയിലൂടെ മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുത്ത് ഒഴിക്കും. ആവശ്യമായ പഞ്ചസാര ചേർത്ത് റഫ്രിജറേറ്ററിൽ വെച്ച് തണുപ്പിച്ചാണ് പിന്നീട് ഉപയോഗിക്കാൻ പാകത്തിൽ പാക്കുകളിലാക്കി വില്പനക്കെത്തുന്നത്. പല നിറങ്ങളിലും സൂബിയ നിർമാണം നടത്തുന്നുണ്ട്. ബാർലിയുടെ ചേരുവ കൂടുതലുള്ളതാണ് വെള്ള നിറത്തിലുള്ളത്.
സ്ട്രോബറി ഫ്ലേവർ ചേർത്ത സൂബിയ ചുവപ്പും പുളി ചേർത്തതിന് തവിട്ടു നിറവുമാണുള്ളത്. ഈ പാനീയം വൃക്കകളുടെ പ്രവർത്തനത്തിന് ഏറെ ഗുണം ചെയ്യുന്നതാണെന്ന് തങ്ങളുടെ രക്ഷിതാക്കൾ പറയാറുണ്ടെന്നും റമദാനിൽ ഈ പാനീയം കുടിക്കുന്നത് കൂടുതൽ ഉന്മേഷം നൽകുന്നുവെന്നും യുവാക്കൾ പറഞ്ഞു. പാലും വാനിലയും ചേർത്ത സൂബിയയും വിപണിയിലുണ്ട്. ഇവക്ക് വിലയും കൂടും. വ്യത്യസ്ത നിറങ്ങളിലും രുചിഭേദത്തിലും വിവിധ അളവിലുള്ള ബോട്ടിലുകളിലും സൂബിയ പാനീയം വിപണിയിൽ ലഭ്യമാണ്. ഒരു പ്ലാസ്റ്റിക് ബാഗ് പാനീയത്തിന് അളവിനനുസരിച്ച് 10 റിയാൽ മുതൽ 20 റിയാൽ വരെയാണ് സാധാരണ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.