നയനാനന്ദകരം, വർണാഭം...റുത്വബ് ഈത്തപ്പഴ വിപണി സജീവം
text_fieldsമനാമ: ഉപഭോക്താക്കളുടെ മനസ്സിൽ ആഹ്ലാദം വിതച്ച് ബഹ്റൈനിൽ ‘റുത്വബ്’ സീസൺ ആരംഭിച്ചു. പകുതി പഴുത്ത ഈത്തപ്പഴത്തിനാണ് ‘റുത്വബ്’ എന്നു പറയുന്നത്. വിളവെടുപ്പ് ആരംഭിച്ചതോടെ വർണാഭമായ ‘റുത്വബ്’ കടകളിലും മാർക്കറ്റുകളിലും നിറഞ്ഞു. ആരെയും ആകർഷിക്കുന്ന നിറവും ആകൃതിയുമായതിനാൽ ഉത്സവ പ്രതീതിയാണ് മാർക്കറ്റുകളിൽ. റുത്വബ് പരിമിതമായ സമയത്തേക്ക് മാത്രമേ ലഭ്യമാകൂ എന്നതിനാൽ ആവശ്യക്കാർ ഏറെയാണെന്ന് വ്യാപാരികൾ പറയുന്നു.
പൂർണമായും പഴുത്ത ഈത്തപ്പഴങ്ങളെ അപേക്ഷിച്ച് റുത്വബ് ഈത്തപ്പഴങ്ങൾക്ക് പോഷകമൂല്യം കൂടുതലാണ്. അവശ്യ വൈറ്റമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമൃദ്ധമാണ് അവ. ജലാംശം നഷ്ടപ്പെടാത്തതിനാൽ ഏറെ പ്രയോജനകരമാണിതെന്ന് പോഷകാഹാര വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഈത്തപ്പഴം ജലാംശമില്ലാതെ എടുക്കുന്നതിനുമുമ്പ് മൂന്ന് ഘട്ടങ്ങളുണ്ട്. ബൽഹ്, റുത്വബ്, തംറ്, എന്നിവയാണവ. ഈ ഘട്ടങ്ങളിലെല്ലാം ഇവ ഭക്ഷ്യയോഗ്യമാണ്. റുത്വബ് ഈത്തപ്പഴങ്ങൾ മൃദുത്വമുള്ളതും സ്വാദിഷ്ടവുമാണ്. ഈർപ്പം കൊണ്ട് സമ്പുഷ്ടമാണെന്ന് മാത്രമല്ല പ്രകൃതിദത്തമായ പഞ്ചസാരയും അതിലടങ്ങിയിരിക്കുന്നു.
അവ തംറ് ഘട്ടത്തിലേക്ക് മാറുമ്പോൾ, പഞ്ചസാരയുടെ അളവ് ഉയരും. അതോടൊപ്പം ഈർപ്പത്തിന്റെ അളവ് കുറയുകയും ചെയ്യും. ചൂട് വർധിച്ചുവരുന്ന സമയത്ത് റുത്വബ് ഈത്തപ്പഴം കഴിക്കുന്നത് ശരീരത്തിനും മനസ്സിനും പ്രയോജനകരമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. റുത്വബ് സീസണിൽ മാത്രം ഈത്തപ്പഴം വിൽക്കുന്ന നിരവധി കടകൾ രാജ്യത്തുണ്ട്. ഈത്തപ്പഴ ഉൽപാദനം വർധിപ്പിക്കാൻ കൃഷി മന്ത്രാലയം തീരുമാനിച്ചിരുന്നു.
നിലവിലുള്ളതിന്റെ ഇരട്ടിയായി ഉൽപാദനം വരും വർഷങ്ങളിൽ വർധിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ഊർജിതമായ പ്രചാരണ പരിപാടികളാണ് മന്ത്രാലയം നടത്തിയത്. അതിനെത്തുടർന്ന് നാടൻ ഈത്തപ്പഴങ്ങളുടെ ലഭ്യത വിപണിയിൽ വർധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ബഹ്റൈന്റെ പരമ്പരാഗത ഇനങ്ങൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള കർമപദ്ധതിയും മന്ത്രാലയം തയാറാക്കിയിരുന്നു.
വിവിധ ഗവർണറേറ്റുകളുടെയും സർക്കാർ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ പൊതു സ്ഥലങ്ങളിലും ഈന്തപ്പന നട്ടുവളർത്താൻ ആരംഭിച്ചിരുന്നു. ഇതിന്റെയെല്ലാം ഗുണഫലം വരും വർഷങ്ങളിലുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സ്വാദിഷ്ടമായ റുത്വബ് ഈത്തപ്പഴങ്ങളുടെ ലഭ്യതയും സ്വാഭാവികമായും ഉയരും. ഒരു കിലോക്ക് 1.5 ദീനാർ മുതലാണ് ഇപ്പോൾ റുത്വബിന്റെ വില. ഈ ഘട്ടത്തിൽ വില ഉയർന്നുനിൽക്കുന്നത് സ്വാഭാവികമാണെന്ന് വ്യാപാരികൾ പറയുന്നു.
ചുരുങ്ങിയ കാലത്തേക്ക് മാത്രമേ റുത്വബ് ഈത്തപ്പഴം ലഭിക്കൂ എന്നതിനാൽ അവക്ക് ഉയർന്ന ഡിമാൻഡാണ്. ഒന്നുരണ്ടാഴ്ചക്കുള്ളിൽ വിളവെടുപ്പ് ഊർജിതമാകുന്നതോടെ വിലയും കുറയും. റുത്വബ് ഘട്ടത്തിൽ, ഈത്തപ്പഴം അമർത്തി പാക്ക് ചെയ്യുകയാണ് ചെയ്യുന്നത്. ശരിയായി സംഭരിച്ചിരിക്കുന്ന റുത്വബ് ഈത്തപ്പഴങ്ങൾ എട്ട് മാസം വരെ കേടുകൂടാതെയിരിക്കും. ഫ്രീസ് ചെയ്താൽ, ഒരു വർഷം സുക്ഷിക്കാം. തംറ് ഈത്തപ്പഴങ്ങൾ ഒരുവർഷം വരെ മരവിപ്പിക്കാതെ തന്നെ സൂക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.