വീടുകളിലേക്ക് ‘സലാൻ’ വരവായി; കല്ലുമ്മക്കായയാണ് താരം
text_fieldsപഴയങ്ങാടി: റമദാന്റെ നാളുകൾ ആത്മീയ വിശുദ്ധിക്കൊപ്പം ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുള്ള കാലം കൂടിയാണ്. നോമ്പിന്റെ അവസാന പത്തിൽ പാപമോചന പ്രാർഥനകൾക്കും രാത്രിനമസ്കാരങ്ങൾക്കും സജീവ പരിഗണന നൽകുന്നതിനൊപ്പം വിശ്വാസികൾ ബന്ധങ്ങൾ ദൃഢമാക്കുന്നതിൽ പുണ്യവും ആനന്ദവും കണ്ടെത്തുന്നു. ബന്ധുവീടുകളിലേക്ക് ഇനി ‘സലാൻ’ കൊടുത്തയക്കുന്ന നാളുകളാണ്.
ബന്ധുക്കളെ സൽക്കരിച്ച് വീടുകൾ കേന്ദ്രീകരിച്ചുള്ള ഇഫ്താറിനെക്കാൾ സജീവമാണ് വിഭവങ്ങൾ ബന്ധുവീടുകളിലേക്കെത്തിക്കുന്ന ‘സലാൻ കൊടുത്തയക്കൽ’ ആചാരം. മക്കളുടെ ഭർത്താക്കളായ ‘പുതിയാപ്പിള’മാരുടെ വീടുകളിലേക്ക് പെൺവീടുകളിൽ നിന്നെത്തിക്കുന്ന വിഭവങ്ങളും പലഹാരങ്ങളുമാണ് ‘സലാൻ’. നേരിൽ കാണാൻ പറ്റാത്തവർക്ക് ‘സലാം’ പറഞ്ഞയക്കുന്നത് പണ്ട് സർവസാധാരണമാണ്. നോമ്പ് കാലങ്ങളിൽ പലഹാരം കൊടുത്തയച്ച് ‘സലാം’ അറിയിക്കുന്നതാണ് പിന്നെ ‘സലാൻ’ ആയതെന്ന് പറയപ്പെടുന്നു.
വിവാഹം കഴിഞ്ഞശേഷമുള്ള ആദ്യത്തെ നോമ്പ് കാലങ്ങളിൽ പെൺവീട്ടിൽനിന്നു പുതിയാപ്പിള വീട്ടിലെത്തിക്കുന്ന ‘സലാൻ’, പലഹാരങ്ങളിൽ വൈവിധ്യ പൂർണമായ ഇനങ്ങൾ കൊണ്ട് കനത്തതായിരിക്കും. ദശകങ്ങൾ പിന്നിട്ടാലും പുതിയാപ്പിളയുടെ വീട്ടിലേക്ക് ‘സലാൻ’ മുടങ്ങാതെ എത്താറുണ്ട്.
കായ അട, ചിക്കൻ റോൾ, ഇറച്ചി അട, മുട്ട കുംസ്, കായ കുംസ്, കായ ഹലുവ, സമൂസ, കട്ലറ്റ്, മുട്ടയട തുടങ്ങിയ പരമ്പരാഗത ഇനങ്ങളോടൊപ്പം പിസ്സ, ഷവർമ, ഡോണറ്റ് തുടങ്ങിയ പുതിയ ഇനങ്ങളുമടങ്ങുന്ന സലാൻ വിഭവങ്ങളിൽ താരം കല്ലുമ്മക്കായ തന്നെ. റമദാൻ പാതി പിന്നിട്ടതോടെ കല്ലുമ്മക്കായയുടെ വില കിലോക്ക് 230 രൂപയിൽ നിന്ന് 320 രൂപ വരെയായി.
‘സലാൻ’ എത്തിച്ച പാത്രത്തിൽ പുതിയാപ്പിളയുടെ വീട്ടിൽ നിന്ന് ഈത്തപ്പഴം, നേന്ത്രപ്പഴം, പഞ്ചസാര, ചായപ്പൊടി തുടങ്ങിയ ഇനങ്ങളോടെ ‘സലാൻ’ അഥവ ‘സലാം’ തിരിച്ചു നൽകുന്ന സമ്പ്രദായവമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.