പേരക്കയിലെന്തിരിക്കുന്നു?
text_fieldsനമ്മുടെ നാട്ടിൽ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന പഴങ്ങളിലൊന്നാണ് പേരക്ക. പ്രതിദിനം ശിപാർശ ചെയ്യപ്പെടുന്ന പഴവർഗങ്ങളിൽ പേരക്കയുമുണ്ട്. മിതമായ അളവിൽ എല്ലാ ദിവസവും പേരക്ക കഴിക്കുന്നതുകൊണ്ട് ഒട്ടേറെ ആരോഗ്യഗുണങ്ങളുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്.
ദിവസം ഒരു പേരക്ക കഴിക്കുന്നത് ശീലമാക്കിയാൽ ശരീര ഭാരം വർധിപ്പിക്കാതെയും പ്രമേഹസംബന്ധമായ പ്രശ്നങ്ങളില്ലാതെയും ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും; പ്രതിരോധശേഷി വർധിപ്പിക്കാനും ഇതുപകരിക്കും.
വൈറ്റമിൻ എ, ബി, സി എന്നിവയും ഇരുമ്പ്, ഫൊസ്ഫറസ്, കാൽസ്യം എന്നിവയും പേരക്കയിൽ അടങ്ങിയിരിക്കുന്നു. ഫ്ലൂ വൈറസിനെ പ്രതിരോധിക്കാൻ പേരക്ക ഉത്തമമാണ്.
നൂറ് ഗ്രാം പേരക്കയിൽ 3.7ഗ്രാം നാരുകളാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഫൈബറിന്റെ ഈ സാന്നിധ്യം ദഹന പ്രക്രിയ സുഗമമാക്കാൻ ഇതുമൂലം സാധിക്കുന്നു. മലബന്ധം ഇല്ലാതാക്കാനും പേരക്ക കഴിക്കുന്നതിലൂടെ കഴിയുന്നു.
ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തൈറോയ്ഡ് ഗ്രന്ഥിയുടെ ‘ആരോഗ്യം’ നിലനിർത്താനാകുന്നു.
പേരക്കയുടെ ആന്റി മൈക്രോബിയൽ സവിശേഷത കാരണം, ദന്ത സംരക്ഷണത്തിന് ഈ പഴ വർഗം അത്യുത്തമമാണ്.
നൂറ് ഗ്രാം പേരക്കയിൽ അഞ്ച് ഗ്രാമിൽ താഴെയാണ് പഞ്ചസാരയുടെ അളവ്. ഗ്ലൈസമിക് ഇൻഡക്സ് നന്നേ കുറവാണെന്നർഥം. അതുകൊണ്ടുതന്നെ, പേരക്ക കഴിക്കുന്നതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടില്ല. പ്രമേഹ നിയന്ത്രണത്തിൽ ഇത് പ്രധാനമാണ്.
പേരക്കയുടെ ഇലയും ആരോഗ്യ ദായകമാണ്. ആയുർവേദത്തിൽ ദഹനസംബന്ധമായ അസുഖങ്ങൾക്കും മറ്റുമുള്ള മരുന്നുകളിൽ പേരക്ക ഇല ഉപയോഗിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.