ഉപ്പിട്ടില്ലെങ്കിലും നിങ്ങളുടെ ഭക്ഷണത്തിൽ ഉപ്പുണ്ട്
text_fieldsചായയും കാപ്പിയും പഞ്ചസാര ചേർക്കാതെ തയാറാക്കി, കുടിക്കുന്നവരുടെ ഇഷ്ടാനുസരണം ചേർക്കാനുള്ള സ്വാതന്ത്ര്യം ഉപ്പിന്റെ കാര്യത്തിൽ നമുക്ക് ലഭിക്കാത്തതെന്തുകൊണ്ട് ? ഉപ്പ് അത്ര പ്രശ്നക്കാരനല്ലാത്തതുകൊണ്ടാണോ ?
നാം കഴിക്കുന്ന ഭക്ഷണത്തിൽ ഒളിഞ്ഞിരിക്കുന്ന ഉപ്പ് പലപ്പോഴും കാണാതെ പോകുന്നതാണ് ഉപ്പിനെ ജാഗ്രതയോടെ കാണാതിരിക്കാനുള്ള ഒരു കാരണം. കറിയിൽ ഇട്ട ഉപ്പിനേക്കാൾ ചിലപ്പോൾ നാം സ്ഥിരം കഴിക്കുന്ന ബ്രഡിൽ ഉണ്ടാകും. ബിസ്കറ്റ്, കെച്ചപ്പുകൾ, ചിപ്സ് തുടങ്ങിയവയിലുള്ള ഉപ്പ് നമ്മുടെ ശ്രദ്ധയിൽ വരാറില്ല.
ഇന്ത്യക്കാർ ദിവസം 11 ഗ്രാം വരെ ഉപ്പ് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ദിവസം പരമാവധി ആറു ഗ്രാമേ ഉപയോഗിക്കാവൂ എന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് നിർദേശിച്ചിരിക്കുന്നത്. അഞ്ചു ഗ്രാമിൽ താഴെ എന്നാണ് ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്നത്. പ്രോസസ്ഡും ടിന്നിലാക്കിയതുമായ ഭക്ഷണത്തെ കൂടുതൽ ആശ്രയിക്കുന്നതുകൊണ്ട് വികസിത രാജ്യങ്ങളാണ് ഉപ്പ് കൂടുതൽ ഉപയോഗിക്കുന്നതെന്ന് തെറ്റിദ്ധരിക്കേണ്ട. ബ്രിട്ടനിൽ ശരാശരി വ്യക്തിഗത ഉപ്പ് ഉപയോഗം എട്ടു ഗ്രാമാണ്. പപ്പടവും അച്ചാറും ഉപ്പിലിട്ടതുമെല്ലാം വീട്ടുഭക്ഷണത്തിന്റെ ഭാഗമായ ഇന്ത്യക്കാരുടെ ഭക്ഷ്യരീതിയിൽ ഉപ്പ് ഉപയോഗം സ്വാഭാവികമായി കൂടുതലാണ്. അതുകൊണ്ടുതന്നെ, ഉപ്പിന്റെ അമിത ഉപയോഗം മൂലമുള്ള രോഗങ്ങൾ ഇന്ത്യയിൽ ധാരാളമാണുതാനും. ‘ലാൻസെറ്റി’ന്റെ പഠനത്തിൽ ഇന്ത്യയിൽ 30 ശതമാനം പുരുഷന്മാരും രക്തസമ്മർദമുള്ളവരാണെന്ന് പറയുന്നു. ഹൃദയ രോഗങ്ങളും സ്ട്രോക്കുമല്ലാം ഉപ്പ് വരുത്തുന്ന വിനകളാണ്. എങ്കിലും പഞ്ചസാര പോലെ ഉപ്പിന്റെ കാര്യത്തിൽ ജാഗ്രത സർക്കാർ തലത്തിലും വ്യക്തിഗതമായും നമുക്കില്ല.
ഉപ്പ് വരുന്ന വഴി
● ഹോംമേഡ് ഫുഡ്: പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്ന് ഭിന്നമായി വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിൽനിന്നു തന്നെയാണ് ഇന്ത്യക്കാർ അമിത ഉപ്പ് കഴിക്കുന്നത്. ഓരോ ഭക്ഷണത്തിലുമുള്ള ഉപ്പിന്റെ അളവിനെ പറ്റിയുള്ള കൃത്യ ധാരണയില്ലായ്മ ഒരു പ്രധാന പ്രശ്നമാണ്.
●സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ: ചിപ്സുകൾ, വറുത്ത പലഹാരങ്ങൾ, ബിസ്കറ്റ്, അച്ചാർ, പപ്പടം, സോസുകൾ തുടങ്ങിയവയെല്ലാം ഉപ്പിന്റെ നിറകുടങ്ങളാണ്.
● സ്ട്രീറ്റ് ഫുഡ്/ഹോട്ടൽ ഭക്ഷണം: മിക്ക ഹോട്ടൽ ഭക്ഷണങ്ങളുടെയും രുചിയുടെ അടിസ്ഥാനമെന്നത് ഉപ്പാണ്. ‘ഉപ്പു നോക്കു’ന്നവരാണ് പരമ്പരാഗതമായി നമ്മുടെ പാചകക്കാർ. അതായത്, ഉപ്പിന്റെ രുചി ഉയർന്ന രൂപത്തിൽ അവരിൽ ‘സെറ്റ്’ ആയിരിക്കുന്നതിനാൽ കുറച്ച് ഉപ്പ് എന്നത് പല പാചകക്കാർക്കും ചിന്തിക്കാൻ കഴിയാത്തതാണ്.
ഉപ്പു കുറക്കാൻ
● ഉപ്പിന്റെ അളവ് ഒറ്റയടിക്ക് കുറക്കാൻ കഴിയില്ല. പതിയെ കുറച്ചുകൊണ്ടുവരാം. മൂന്നാഴ്ചകൊണ്ട് നമ്മുടെ ഉപ്പ്പ്രിയം താഴ്ത്തിക്കൊണ്ടുവരാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
● പറ്റാവുന്ന വസ്തുക്കൾ ഉപ്പിടാതെ പാചകം ചെയ്ത്, ചായക്ക് മധുരം ചേർക്കുന്ന പോലെ വ്യക്തിഗതമായി ഉപ്പു ചേർക്കുന്നത് പരീക്ഷിക്കാം.
● രുചി വർധിപ്പിക്കുന്ന ബദൽ മാർഗങ്ങളായ ഇഞ്ചി, വെളുത്തുള്ളി, പുളി തുടങ്ങിയവ പരീക്ഷിക്കാം.
● ഫ്രൈ ചെയ്തവക്ക് പകരം ഗ്രിൽ ചെയ്തവയിൽ താതമ്യേന ഉപ്പ് കുറവായിരിക്കും.
● പാക്ക്ഡ് ഭക്ഷണങ്ങളുടെ ലേബലിൽ, സോഡിയത്തിന്റെ അളവ് പരിശോധിക്കുക.
ഉപ്പു കുറവുള്ള ബദലുകൾ
● അച്ചാറിനു പകരം പുതിനയില, മല്ലിയില, തക്കാളി എന്നിവ കൊണ്ടുള്ള ചട്ട്ണി, വളരെ കുറച്ച് ഉപ്പ് മാത്രമിട്ട് ഉപയോഗിക്കാം.
● പപ്പടത്തിന് പകരം ചിലർ ഹോൾവീറ്റ് ക്രാക്കേഴ്സ് ഉപയോഗിക്കാറുണ്ട്.
● മിക്സ്ചറുകൾക്ക് പകരമായി നട്സ്, വിത്തുകൾ തുടങ്ങിയവ ഉപയോഗിക്കാം.
● വറുത്ത പലഹാരങ്ങൾക്ക് ബദലായി ഉപ്പില്ലാത്ത പോപ്കോൺ പോലുള്ളവ.
● സംസ്കരിച്ച പനീറിനു ബദലായി ഫ്രഷ് പനീർ
● ഛാട്ടിന് പകരം ഫ്രഷ് ഫ്രൂട്ട് സാലഡ്
● സംസ്കരിച്ച പച്ചക്കറികൾക്കുപകരം ഫ്രഷ് പച്ചക്കറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.