ചിക്കൻ കബാബിലും മീൻ വിഭവങ്ങളിലും കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് കർണാടക സർക്കാർ
text_fieldsബംഗളൂരു: കർണാടകയിൽ ചിക്കൻ കബാബുകളിലും മീൻ വിഭവങ്ങളിലും കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് പൂർണമായി നിരോധിച്ച് കർണാടക സർക്കാർ തിങ്കളാഴ്ച ഉത്തരവിട്ടു. കൃത്രിമ നിറങ്ങളിലെ ഘടകങ്ങൾ പൊതുജന ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നതിനെ തുടർന്നാണ് ഈ തീരുമാനം.
'പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയത്. കൃത്രിമ നിറങ്ങൾ ശരീരത്തിന് ഹാനികരമാണ്. ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. നിയമം ലംഘിക്കുന്ന ഭക്ഷണ കച്ചവടക്കാർക്കെതിരെ ഏഴ് വർഷം തടവും 10 ലക്ഷം രൂപ വരെ പിഴയും ഉൾപ്പെടെയുള്ള ഗുരുതരമായ നടപടി സ്വീകരിക്കും'. കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള ഹോട്ടലുകളിൽ കബാബുകളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതായി കർണാടക ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ് വകുപ്പിന് വിവിധ പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ഡിപ്പാർട്ട്‌മെന്‍റ് ലബോറട്ടറികളിൽ 39 കബാബ് സാമ്പിളുകൾ പരിശോധിച്ചതിൽ എട്ടെണ്ണത്തിൽ കൃത്രിമ നിറത്തിൻ്റെ സാന്നിദ്ധ്യം കണ്ടെത്തി. ഏഴ് സാമ്പിളുകളിൽ സൺസെറ്റ് യെല്ലോയും (ഭക്ഷണപദാർത്ഥങ്ങളിലും മറ്റും ഓറഞ്ച് നിറം നൽകാൻ ഉപയോഗിക്കുന്നത്) മറ്റൊരു സാമ്പിളിൽ കാർമോസിനും (ചുവപ്പ് നിറം നൽകാൻ) കണ്ടെത്തി.
ഭക്ഷ്യവസ്തുക്കളിൽ കൃത്രിമ നിറങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നു. നിരോധനം ലംഘിച്ചാൽ കുറഞ്ഞത് ഏഴ് വർഷം വരെ തടവും ജീവപര്യന്തം വരെ തടവും 10 ലക്ഷം രൂപ പിഴയും കൂടാതെ ഭക്ഷണശാലയുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും. 2011ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം ഗോബി മഞ്ചൂരിയൻ, കോട്ടൺ മിഠായി എന്നിവയിൽ കൃത്രിമ നിറങ്ങൾ പ്രയോഗിക്കുന്നതിന് സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.