കുറച്ച് 'ഓസിയാന'എടുക്കട്ടെ...വിപണിയിൽ തരംഗമായി കാസർകോടിെൻറ സ്വന്തം കശുമാങ്ങ സോഡ
text_fieldsകാസർകോട്: കത്തുന്ന ചൂടിൽ വലിയ ആശ്വാസമാണ് കാസർകോടിെൻറ സ്വന്തം പാനീയമായ 'ഓസിയാന' നൽകുന്നത്. വേറിട്ട രുചിയുള്ള ഈ കശുമാങ്ങ സോഡ പക്ഷേ കാസർകോട് ജില്ലയിൽ മാത്രമേ കാര്യമായുള്ളൂ. വിപണിയിലെത്തി മാസങ്ങൾക്കകം ആവശ്യക്കാരുടെ ഹരംപിടിപ്പിച്ച ഓസിയാന കൂടുതൽ പേരിൽ എത്തിക്കാൻ ഉൽപാദനം കൂട്ടുകയാണ് പ്ലാേൻറഷൻ കോർപറേഷൻ.
വ്യത്യസ്തമായ രുചിക്കൊപ്പം രസകരമായ പേരും കൂടിയായാണ് ഓസിയാനയെ ജനപ്രിയമാക്കുന്നത്. കശുമാങ്ങയുടെ ശാസ്ത്രീയ നാമമായ 'അനാർകാഡിയം ഓക്സിഡൻറ'ലിൽ നിന്നാണ് പേരിെൻറ പിറവി. പണ്ട് കുട്ടികൾക്ക് പേരിടുന്നപോലെ ഓക്സിഡൻറലിൻറയും അനാർകാഡിയത്തിെൻറയും ആദ്യാക്ഷരങ്ങൾ ഉപയോഗിച്ച് ഒരു പരീക്ഷണം. മികച്ച പേരിനായി ജീവനക്കാർക്കിടയിൽ ഒരു മത്സരവും നടത്തി. അങ്ങനെയാണ് ഈ വല്ലാത്തൊരു പേരുണ്ടാവുന്നത്. സാദാ കോളകളിൽനിന്ന് വ്യത്യസ്തമായി ഓസിയാന വിപണി തകർത്താടിയപ്പോൾ സാധനം കിട്ടാതായി.
കശുമാങ്ങ നന്നായി കഴുകി വൃത്തിയാക്കി ജ്യൂസുണ്ടാക്കിയാണ് പാനീയം ഒരുക്കുന്നത്. ഇനി കശുമാങ്ങയുടെ ചുവയല്ലേ എന്നു പറഞ്ഞ് കൈയൊഴിയാൻ വരട്ടെ. കശുമാങ്ങ പറ്റാത്തവർക്കും ഈ സോഡ പറ്റും.
കാസർകോട് ചീമേനി ഭാഗത്ത് ആര് വന്നാലും ഈ പാനീയത്തെ കുറിച്ച് നൂറു നാക്കാണ്. ഒന്ന് രുചിച്ചു നോക്കൂ. എന്നിട്ട് അഭിപ്രായം പറയൂവെന്നാണ് പ്ലാേൻറഷൻ കോർപറേഷെൻറ ഔട്ട്ലെറ്റിലുള്ളവർ പറയുക. പ്ലാേൻറഷൻ കോർപറേഷൻ ലിമിറ്റഡ് കേരളയുടെ കാസർകോട് മൂളിയാറിലാണ് നിർമാണ യൂനിറ്റ്. കോർപറേഷെൻറ കാസർകോട്, ചീമേനി, രാജപുരം, മണ്ണാർക്കാട് തുടങ്ങിയിടങ്ങളിലെ ആറായിരത്തോളം ഹെക്ടറിലെ കശുവണ്ടി തോട്ടങ്ങളിൽനിന്നാണ് കശുമാങ്ങ ശേഖരിക്കുന്നത്.
തൃശൂരിലെ കേരള കാർഷിക സർവകലാശാലയിലെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പാനീയം തയാറാക്കിയത്. കഴിഞ്ഞ ഒക്ടോബറിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തതും തൃശൂരിൽ വെച്ച്.
കാർഷിക സർവകലാശലയിൽ വെച്ച് കാസർകോട്ടെ പ്ലാൻറിലെ ജീവനക്കാർക്ക് പരിശീലനം നൽകി അരക്കോടിയോളം ചെലവഴിച്ച് മൂളിയാറിൽ നിർമാണ യൂനിറ്റും ഉണ്ടാക്കി. കശുമാങ്ങ നീരല്ലാതെ നിറം കൂട്ടാൻ പോലും കൃത്രിമമായി ഒന്നും ഉപയോഗിക്കുന്നില്ല. 300 മില്ലിലിറ്ററിന് 25 രൂപയാണ് വില. ദിവസം 800 മുതൽ 1000 കുപ്പി വരെയാണ് ഉത്പാദനം. കാസർകോട് ജില്ലയിൽ മാത്രമാണ് ഹോൾസെയിൽ ഡീലറെ വെച്ചത്. കോർപറേഷെൻറ ഹെഡ്ഓഫിസ് ആയ കോട്ടയത്തും മറ്റും ചെറിയ ഒൗട്ട്ലെറ്റുണ്ടെങ്കിലും പൊതുവിപണിയിൽ കാസർകോട് മാത്രമാണ് കാര്യമായി ലഭിക്കുന്നത്. കാസർകോട് ജില്ലയിൽ കാസർകോടും മഞ്ചേശ്വരത്തും ആണ് ഡീലർമാർ. ഇവർ കണ്ണൂരിലും മറ്റും നൽകുന്നുണ്ട്.
സംസ്ഥാനത്ത് എല്ലായിടത്തും ലഭ്യമാക്കുന്നവിധം ഉൽപാദനം കൂട്ടാൻ ഉദ്ദേശിക്കുന്നതായും അതിനായി നിർമാണ യൂനിറ്റ് വിപുലമാക്കുമെന്നും പ്ലാേൻറഷൻ കോർപറേഷൻ എം.ഡി. ബി.പ്രമോദ് 'മാധ്യമ'ത്തോട് പറഞ്ഞു. ഹോർട്ടികോർപ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, മിൽമ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചും കൂടുതൽ ഡീലർമാരെ നിയമിച്ചും സംസ്ഥാന പാനീയമാക്കി ഇത് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.