കൊടുമണ്ണിൽനിന്ന് മുളപ്പിച്ച അരി എത്തുന്നു
text_fieldsകൊടുമൺ: മുളപ്പിച്ച നെല്ലിന്റെ അരിയും ഇനി വിപണിലേക്ക്. കൊടുമൺ റൈസിൽ നിന്നുമാണ് മൂല്യവർധിത ഉൽപന്നമായി മുളപ്പിച്ച അരി(ജർമിനേറ്റഡ് റൈസ്) വിൽപനക്കായി തയാറാകുന്നത്. അങ്ങാടിക്കൽ ചേരുവ ഏലായിൽ കൊടുമൺ ഫാർമേഴ്സ് സൊസൈറ്റി പ്രസിഡന്റ് എ.എൻ. സലീം 10 ഏക്കറിൽ കൃഷിചെയ്ത മണിരത്ന എന്ന നെല്ലിൽനിന്നാണ് മുളപ്പിച്ച അരി തയാറാകുന്നത്.
കഴിഞ്ഞയാഴ്ചയാണ് കൊയ്ത്തു കഴിഞ്ഞത്. ഇതിൽ കുറച്ച് നെല്ല് കാർഷിക സർവകലാശാലക്ക് കോൾ നിലങ്ങളിൽ കൃഷിയിറക്കാൻ വിത്തിനുവേണ്ടി നൽകി. രണ്ടര ടൺ നെല്ല് മുളപ്പിച്ച അരി ഉണ്ടാക്കാനായി ശേഖരിച്ചുവെച്ചിട്ടുണ്ട്. അതിൽ 500 കി.ഗ്രാം ആദ്യഘട്ടത്തിൽ മുളപ്പിച്ച് അരിയാക്കും. ഇതിനായി തെങ്ങമത്തുള്ള മില്ലിൽ നെല്ല് എത്തിച്ചു. അവിടെ വെള്ളത്തിൽ രണ്ടുദിവസം കുതിർത്തിടും. മുളപ്പിച്ചതിന് ശേഷം പുഴുങ്ങി തവിട് കളയാതെ കുത്തിയെടുക്കും. തവിട് പൂർണമായും നിലനിർത്തി മെഷീൻവഴി പൊളിച്ചെടുക്കുകയാണ് ചെയ്യുക. കൊടുമൺ ഫാർമേഴ്സ് സൊസൈറ്റിയുടെ ഇക്കോ ഷോപ് വഴി മുളപ്പിച്ച അരി വിൽപന നടത്തും. മൂല്യ വർധിത ഉൽപന്നങ്ങളുടെ വിൽപനക്കായി അടുത്തിടെ ചന്ദനപ്പള്ളിയിൽ ഒരു ഇക്കോഷോപ്പും തുടങ്ങിയിട്ടുണ്ട്.
രണ്ടുദിവസം നെല്ലിനെ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചെടുക്കുക മാത്രമാണ് ഇതിന് പിന്നിലുള്ള സാങ്കേതികവിദ്യ. ഇത്തരം അരി പാകംചെയ്തു കഴിച്ചാല്‍ ആരോഗ്യകരമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കീടനാശിനി വിമുക്തമാക്കി കൃഷിചെയ്ത നെല്ലാണ് ഈ അരിക്കായി ഉപയോഗിക്കുന്നതെന്ന് കൊടുമൺ കൃഷി ഓഫിസർ എസ്. ആദില പറഞ്ഞു.
300 മുതൽ 400 രൂപവരെയാണ് വിപണിയിൽ വില. അത്രത്തോളം വില തങ്ങളുടെ അരിക്ക് ഉണ്ടാവില്ലെന്ന് കൃഷി ഓഫിസർ. വില എത്രയെന്ന് തീരുമാനിച്ചിട്ടില്ല. കൊടുമൺ ഫാർമേഴ്സ് സൊസൈറ്റിയുടെ നാടൻ അരിയായ കൊടുമൺ റൈസിനും അവരുടെ മറ്റ് ഉൽപന്നങ്ങൾക്കും വിപണിയിൽ നല്ല മാർക്കറ്റുണ്ട്. 28ന് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലും കൊടുമൺ അരിയുടെയും മറ്റ് ഉൽപന്നങ്ങളുടെയും വിൽപനക്കായി ഔട്ലറ്റ് തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.