ഞാൻ ഒച്ചിനെ കഴിച്ചിട്ടുണ്ട്, ആഫ്രിക്കൻ ഒച്ചിനെ ഭക്ഷണമാക്കാനുള്ള സാധ്യത കൃഷി വകുപ്പ് പരിശോധിക്കണം -മുരളി തുമ്മാരുകുടി
text_fieldsഒച്ചെന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും അറപ്പാണ്. വഴുവഴുപ്പുള്ള ഒച്ച് ദേഹത്തോ വസ്ത്രത്തിലോ ആയാൽ തന്നെ ഛർദി വരും. ഭക്ഷണ സാധനത്തിലോ മറ്റോ വീണാൽ പിന്നെ പറയുകയേ വേണ്ട. തീൻമേശയുടെ നാലയലത്ത് പോലും കക്ഷി ഇല്ലെന്ന് ഉറപ്പാക്കും. എന്നാൽ, മസാലപ്പൊടികളും ഉപ്പുംമുളകും പുരട്ടി വിശിഷ്ട വിഭവമായി നല്ല ടേസ്റ്റി ‘ഒച്ച് ഫ്രൈ’ നമ്മുടെ മെനുവിൽ ഇടംപിടിച്ചാലോ? അങ്ങനെ ഒരു സാഹസികതയാണ് യു.എൻ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം മുൻ തലവനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി മുന്നോട്ടുവെക്കുന്നത്.
കേരളത്തിൽ അങ്ങോളമിങ്ങോളം ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായതോടെയാണ് ഈ ഒരു സാധ്യത തുമ്മാരുകുടി അവതരിപ്പിക്കുന്നത്. ആഫ്രിക്കയിലും യൂറോപ്പിലും ജപ്പാനിലും ഒച്ചുകളെ ഭക്ഷിക്കുന്നുണ്ടെന്നും ഈ മൂന്നിടങ്ങളിൽ നിന്നും താൻ ഒച്ചിനെ കഴിച്ചിട്ടുമുണ്ടെന്നും അദ്ദേഹം പറയുന്നു. ആഫ്രിക്കയിൽ വ്യാപകമായി ഒച്ചുകളെ ഭക്ഷിക്കാറുണ്ട്. യൂറോപ്പിൽ കക്ഷി വിശിഷ്ട വിഭവമാണ്. ജപ്പാനിൽ ഏറെ വില കൊടുത്താണ് ഒച്ചിനെ വാങ്ങി ഭക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ആഫ്രിക്കൻ ഒച്ചിനെ ഭക്ഷണം ആക്കാനുള്ള സാധ്യതയെ പറ്റി നമ്മുടെ കൃഷി വകുപ്പ് ഒന്ന് പരിശോധിക്കണമെന്ന് മുരളി തുമ്മാരുകുടി നിർദേശിക്കുന്നു. നാട്ടിലുള്ള ഒച്ചിൽ എന്തെങ്കിലും അനുകൂലമല്ലാത്ത ഘടകങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറയുന്നു. കഴിക്കുന്നത് കൊണ്ട് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ഏതൊക്കെ മൂലകങ്ങൾ ആണ് ഉള്ളതെന്നും എന്ത് വിഭവങ്ങൾ ഉണ്ടാക്കാം എന്നും കണ്ടെത്തണം. ഇതിനായി കാർഷിക സർവകലാശാല ഒരു ഒച്ച് ഹാക്കത്തോൺ തന്നെ നടത്തണമെന്നും മുരളി തുമ്മാരുകുടി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പലയിടത്തും ആഫ്രിക്കൻ ഒച്ചിന്റെ ആക്രമണം രൂക്ഷമാവുകയാണ്. ഇവയുടെ ആക്രമണത്തിനിരയാകുന്ന കാർഷിക വിളകൾ വ്യാപകമായി നശിക്കുന്നതായി കർഷകർ പരാതിപ്പെടുന്നു. പച്ചക്കറികൾ, വാഴ, ചേന, പപ്പായ, ഇഞ്ചി, ചേമ്പ് തുടങ്ങിയ സസ്യവർഗങ്ങളുടെ ഇലകളും കായകളുമാണ് ഭക്ഷണമാക്കുന്നത്. മണ്ണിനടിയിൽ ഒരു മീറ്ററോളം ആഴത്തിൽ മൂന്നു വർഷത്തോളം പുറത്തുവരാതെ കഴിയാൻ സാധിക്കുന്ന ഇവയുടെ ആയുസ്സ് 10 വർഷമാണ്. ഒരു ഒച്ചിൽ നിന്ന് ഒരു വർഷം 900 കുഞ്ഞുങ്ങൾ വരെ പിറവിയെടുക്കും. മുട്ട വിരിഞ്ഞിറങ്ങി ഒരു വർഷത്തിനുള്ളിൽ പൂർണ വളർച്ചയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.