നെല്ലിക്കാലായിലെ അച്ചാർ പെരുമ
text_fieldsപത്തനംതിട്ട: ദാഹിച്ചു വലയുമ്പോൾ അൽപം ജലം കിട്ടിയാലുള്ള ആശ്വാസം ഒന്നോർത്തുനോക്കൂ. അതനുഭവിക്കണമെങ്കിൽ നെല്ലിക്കാലായിലേക്ക് വരണം. തിരുവല്ല-കുമ്പഴ റോഡരികിൽ നെല്ലിക്കാലായിൽ പത്തനംതിട്ട ജില്ല ആയുർവേദ ഡെവലപ്മെന്റ് സൊസൈറ്റി നടത്തുന്ന അച്ചാർ കടയുണ്ട്. അച്ചാറിൽ മധുരവും വെള്ളവും ഒക്കെ ചേർത്ത് തരും.
അച്ചാറുകൾ ബഹുവിധമാണിവിടെ. നാരങ്ങ, നെല്ലിക്ക, ലൗലോലിക്ക, അമ്പഴങ്ങ, ജാതിക്ക, പച്ച ആപ്പിൾ, പച്ചമാങ്ങ, പഴുത്ത പേരക്ക എന്നിവയെല്ലാം ഭരണികളിൽ നിറച്ച് വെച്ചിരിക്കുന്നു. ഇവയെല്ലാം പച്ചമുളകും ഇഞ്ചിയും ഒക്കെ ചേർത്ത് ഉപ്പിലിട്ടവയാണ്. വിനാഗിരിയോ മറ്റ് പ്രിസർവേറ്റിവുകളോ ചേർക്കാതെ ശുദ്ധമായി തയാറാക്കിയവയും. കാരറ്റ്, കണ്ണിമാങ്ങ, പഴുത്തമാങ്ങ എന്നിവ തയാറാക്കാനുള്ള ഒരുക്കത്തിലുമാണ്. 2010ൽ തുടങ്ങിയതാണ് പത്തനംതിട്ട ജില്ല ആയുർവേദ ഡെവലപ്മെന്റ് സൊസൈറ്റി എന്ന ചാരിറ്റബിൾ സൊസൈറ്റി. ആയുർവേദ ചികിത്സകളായ ഉഴിച്ചിൽ, പിഴിച്ചിൽ തുടങ്ങിയവ ഇവിടെ നടത്തിയിരുന്നു.
കോവിഡ് കാലമായതോടെ അതെല്ലാം നിലച്ചു. മുറിവാടക കൊടുക്കാൻപോലും കഴിയാതെയായി. അപ്പോഴാണ് അച്ചാർ വിൽപന വിപുലീകരിച്ചതെന്ന് വിൽപനയുടെ ചുമതല വഹിക്കുന്ന സൊസൈറ്റി പ്രസിഡന്റ് അനിൽ വിളയാടി 'മാധ്യമ'ത്തോട് പറഞ്ഞു. ആൾക്കാർക്ക് നല്ല എനർജി പകരുന്ന കുടിവെള്ളം ലഭ്യമാക്കുക എന്നത് മുൻനിർത്തിയാണ് ഇത് തുടങ്ങിയത്. നെല്ലിക്ക രോഗപ്രതിരോധത്തിന് നല്ലതാണ്. ജാതിക്ക വയർ സംബന്ധമായ അസുഖങ്ങൾക്ക് നല്ലതാണ്. വരുന്നവർ ആവശ്യപ്പെടുന്ന ഇനം അച്ചാറിൽ സോഡ, നാരങ്ങ, പഞ്ചസാര എന്നിവ ചേർത്ത് നൽകും.
വരുന്നവർ വീണ്ടും വരുന്നു. സുഹൃത്തുളെയൊക്കെ കൂട്ടി വരുന്നു. നാടൻ കോഴി, മീൻ അച്ചാറുകൾ എന്നിവ ഓർഡർ അനുസരിച്ച് തയാറാക്കി നൽകുന്നുണ്ട്. ചാരിറ്റബിൾ സൊസൈറ്റിയിൽ 150 അംഗങ്ങളുണ്ട്. അതിലെ സ്ത്രീകളാണ് അച്ചാറുകൾ തയാറാക്കുന്നത്. വിൽപനക്ക് പുരുഷന്മാർ നിൽക്കുന്നു. 12 പേർക്ക് ഒരുമാസം കഴിഞ്ഞുപോകാനുള്ള വരുമാനം ഇതിൽനിന്ന് ലഭിക്കുന്നു. സൊസൈറ്റിക്ക് 70 സെന്റ് വയലുണ്ട്.
അവിടെ അപൂർവയിനം ആയുർവേദ മരുന്നുകൾ കൃഷി ചെയ്യുന്നു. പച്ചമരുന്നുകൾ ആവശ്യമായ ആശുപത്രികൾക്ക് നൽകും. അഞ്ചുവർഷം മുമ്പാണ് അച്ചാർ വിൽപന തുടങ്ങിയത്. ആശുപത്രി നിലച്ചതോടെ അച്ചാർ വിൽപന വിപുലീകരിച്ചു. ഇഷ്ടപ്പെട്ട അച്ചാർ പാക്കറ്റിലാക്കിയും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.