റമദാനിലെ രുചികരമായ പാനീയം ‘സൂബിയ അൽ ഖഷ’
text_fieldsമദീന: മതപരമോ സാമൂഹികമോ ആയ സംഭവങ്ങളുമായി ബന്ധപ്പെട്ട പാനീയങ്ങളും ഭക്ഷണങ്ങളും വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും ഉണ്ടാവാറുണ്ട്. അത്തരത്തിൽ മറ്റു മാസങ്ങളിൽനിന്നു വ്യത്യസ്തമായി റമദാനുമായി ബന്ധപ്പെട്ട് മാത്രം മദീനയിലെ സ്വദേശികളിൽ ദീർഘകാലമായി അറിയപ്പെടുന്ന പാനീയമാണ് ‘സൂബിയ അൽ ഖഷ’. മദീനയിലെ ‘അൽ ഖഷ’ കുടുംബം കഴിഞ്ഞ 70 വർഷമായി എല്ലാ റമദാനിലും ഈ പാനീയം നിർമിച്ചു വിൽപന നടത്തുന്നു.
തുടക്കത്തിൽ ചെറിയ തോതിൽ ആരംഭിച്ച പാനീയ കച്ചവടം പിന്നീട് ഒരു ബ്രാൻഡ് ആയി രജിസ്റ്റർ ചെയ്താണ് വിൽപന. കറുവപ്പട്ട, ഏലം, ബാർലി തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കളാണ് സൂബിയ അൽ ഖഷയിൽ അടങ്ങിയിരിക്കുന്നത്. ഈ പാനീയം വൃക്കകളുടെ പ്രവർത്തനത്തിന് ഏറെ ഗുണം ചെയ്യുന്നതാണെന്ന് നിലവിൽ പാനീയത്തിന്റെ നിർമാണത്തിൽ പങ്കുവഹിക്കുന്ന സൗദ് അൽ ഖഷ പറയുന്നു.
‘‘തങ്ങൾ പൂർവികരിൽനിന്നും മാതാപിതാക്കളിൽ നിന്നുമാണ് സൂബിയ വ്യവസായം പാരമ്പര്യമായി സ്വീകരിച്ചത്. അവർ 70 വർഷമായി ഈ പാനീയം ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുന്നു. നേരത്തേ ചെറിയ തോതിൽ വിൽപന നടത്തിയിരുന്ന പാനീയത്തിന് ഇപ്പോൾ ആവശ്യക്കാരേറെയാണ്’’ -സൗദ് അൽ ഖഷ പറഞ്ഞു.പ്രദേശത്ത് ധാരാളം സൂബിയ പ്രേമികൾ ഉള്ളതിനാൽ, റമദാനിൽ സൂബിയ അൽ ഖഷ കഴിക്കാൻ മാത്രമായി നഗരം സന്ദർശിക്കുന്നവരുണ്ട്.
വ്യത്യസ്ത രുചിയിൽ വിവിധ വർണങ്ങളിൽ പാനീയം ലഭ്യമാണ്. ഒരു പ്ലാസ്റ്റിക് ബാഗ് പാനീയത്തിന് ആറു റിയാലും ഒരു ബോട്ടിൽ പാനീയത്തിന് 10 റിയാലുമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.