അറബിക് മസാല ഇനി കടയിൽ നിന്ന് വാങ്ങിക്കേണ്ടാ...
text_fieldsഅറബിക് വിഭവങ്ങളായ മജ്ബൂസും, മന്തിയും, ചിക്കൻ സലോണയും, മദ്ബിയുമെല്ലാം തയ്യാറാക്കാൻ അറബിക് മസാല കൂടിയേ തീരൂ. ഇത് പൊതുവേ എല്ലാവരും കടകളിൽ നിന്ന് വാങ്ങിക്കാറാണ് പതിവ്. എന്നാൽ ആ പതിവ് ഇനി ഉപേക്ഷിച്ചേക്കൂ... ആരോഗ്യത്തിനു ഹാനികരമായ ഒന്നും തന്നെ കൃത്രിമമായി ചേർക്കാതെ അറബിക് മസാല നമ്മുടെ വീടുകളിൽ ഉണ്ടാക്കിയെടുക്കാം, അതും രുചിയും മണവും ഗുണവും ഒട്ടും ചോരാതെ തന്നെ. ഒരിക്കൽ ഉണ്ടാക്കിയാൽ ഒരുപാടുകാലം കേടു കൂടാതെ ഈ മസാലപ്പൊടി നമുക്ക് സൂക്ഷിച്ചു വെച്ച് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. മസാലപ്പൊടി സൂക്ഷിച്ചു വെക്കുന്ന കുപ്പികളിൽ വെള്ളത്തിന്‍റെ അംശം ഒട്ടും ഇല്ലാതെ നോക്കണം. നനവുള്ള കുപ്പികളിൽ പെട്ടെന്ന് പൂപ്പൽ പിടിക്കാനുള്ള സാധ്യതയുണ്ട്.
ചേരുവകൾ:
- കൊത്തമല്ലി -3 ടേബിൾ സ്പൂൺ
- ചെറിയ ജീരകം -2 ടേബിൾ സ്പൂൺ
- കുരുമുളക് -2 ടേബിൾ സ്പൂൺ
- ഏലക്കായ -1 ടേബിൾ സ്പൂൺ
- കറുവപ്പട്ട - 1 ടേബിൾ സ്പൂൺ
- ഉണങ്ങിയ നാരങ്ങ - വലുത് 1 എണ്ണം
- ഗ്രാമ്പൂ -1 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി -1 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം:
ഒരു പാൻ ചൂടാകുമ്പോൾ മഞ്ഞൾപൊടി അല്ലാത്ത എല്ലാ ചേരുവകളും ഓരോന്നോരോന്നായി ഇട്ടു കൊടുക്കുക. ഉണങ്ങിയ നാരങ്ങാ ഒന്ന് പൊട്ടിച്ചു ഇട്ടു കൊടുക്കുക. 2 മിനിറ്റ് ഒന്ന് ചൂടാക്കി എടുക്കുക. തീ ഓഫ് ആക്കിയ ശേഷം മഞ്ഞൾപൊടിയും കൂടെ ചേർത്ത് കൊടുക്കുക. ചൂടാറിയ ശേഷം നന്നായി പൊടിച്ചെടുക്കുക. നമ്മുടെ അറബിക് മസാല റെഡി. ഒരു ബോട്ടിലിലേക്ക് മാറ്റി അടച്ചു സൂക്ഷിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.