പെരുന്നാളിനു വിളമ്പാൻ പുതുപുത്തൻ 'കിനാവിലെ ചോറ്'
text_fieldsവിശേഷ ദിവസങ്ങളിൽ പുതുമ നിറഞ്ഞ വിഭവങ്ങൾ തീൻമേശകളിൽ വിളമ്പാൻ എല്ലാവർക്കും ഇഷ്ടമാണ്. പുതുമയോടൊപ്പം രുചിയിലും മുന്നിട്ടു നിന്നാൽ അതിൽപരം സന്തോഷം വേറെയില്ല അവർക്ക്. ഈ പെരുന്നാളിന് നമ്മുടെ സ്ഥിരം ബിരിയാണിയും മന്തിയും നെയ്ച്ചോറുമൊക്കെ ഒന്നു മാറ്റിപ്പിടിച്ചാലോ? കുറച്ചു ചേരുവകൾ കൊണ്ട് ഏതൊരാൾക്കും പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ റൈസ് ഐറ്റം. ഇത് നമുക്ക് മട്ടനിലും ബീഫിലും ചെയ്യാം. ഇവിടെ ബീഫ് വെച്ചാണ് ചെയ്തിട്ടുള്ളത്. ഇതേ രീതിയിൽ തന്നെയാണ് മട്ടനിലും ചെയ്യണ്ടത്.
ചേരുവകൾ:
- ജീരകശാല അരി: ഒരു കിലോ
- ബീഫ് (എല്ലോടു കൂടിയത്): ഒരു കിലോ
- സവാള: അഞ്ച് എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: രണ്ട് ടേബ്ൾ സ്പൂൺ
- പച്ചമുളക്: നാല്
- ചിക്കൻ ക്യൂബ്: രണ്ട്
- ഉപ്പ്: ആവശ്യത്തിന്
- സൺഫ്ലവർ ഓയിൽ: ഒരു ടേബ്ൾ സ്പൂൺ (അരിക്ക്) ഒന്നര ടേബ്ൾ സ്പൂൺ
മസാല തയാറാക്കാൻ
- ഉരുളക്കിഴങ്ങ്: ഒന്ന്
- മല്ലിയില, പൊതീന: ഒരു കപ്പ്
- മഞ്ഞൾപ്പൊടി: അര ടീ സ്പൂൺ
- കുരുമുളക് പൊടി: -രണ്ട് ടേബ്ൾ സ്പൂൺ
- മല്ലിപ്പൊടി: ഒരു ടേബ്ൾ സ്പൂൺ
- അറബിക് മസാല: രണ്ട് ടേബ്ൾ സ്പൂൺ
- ചെറിയജീരകം പൊടി: അര ടീ സ്പൂൺ
- നെയ്യ്: രണ്ട് ടേബ്ൾ സ്പൂൺ
- പട്ടയില: രണ്ട്
- കറുവപ്പട്ട: ഒന്ന്
- കുരുമുളക്: ഒരു ടീ സ്പൂൺ
- ഗ്രാമ്പൂ: അഞ്ച്
- ഏലക്ക: അഞ്ച്
- അണ്ടിപ്പരിപ്പ്: എട്ട്
- ഉണങ്ങിയ നാരങ്ങ: രണ്ട്
- ചെറുനാരങ്ങാ: അര
തയ്യാറാക്കുന്ന വിധം:
ഒരു പാനിലേക്ക് ഒരു ടേബ്ൾ സ്പൂൺ ഓയിലും ഒരു ടേബ്ൾ സ്പൂൺ നെയ്യും ഒഴിച്ച് കൊടുക്കുക. എല്ലാ ഗരം മസാലകളും ചേർത്ത് കൊടുക്കുക. ഉണങ്ങിയ നാരങ്ങയും കൂടെ. അരച്ചെടുത്ത ഒരു ടേബ്ൾ സ്പൂൺ ഫ്രൈ ചെയ്ത സവാളയും അണ്ടിപ്പരിപ്പും ഈ പാനിലോട്ടു ചേർക്കുക. നന്നായി വഴറ്റി എടുക്കുക. ശേഷം പച്ചമുളക് ചേർക്കണം. മിക്സ് ചെയ്യുക. അതിലേക്കു അരി ഇട്ടു കൊടുത്ത് നന്നായി മിക്സ് ചെയ്യണം. ചിക്കൻ സ്റ്റോക്ക് ഇട്ടു കൊടുക്കാം. ഇനി അരിയെടുത്ത ഗ്ലാസിെൻറ ഇരട്ടി ഗ്ലാസ് ചൂട് വെള്ളം ഒഴിച്ച് കൊടുത്തു 15 മിനിറ്റ് അടച്ചു വേവിക്കുക. അരി മുക്കാൽ വേവ് ആയാൽ നാരങ്ങാ പിഴിഞ്ഞ് കൊടുക്കുക.
ഇനി നമുക്ക് മസാല തയാറാക്കാം
ഒരു ടേബ്ൾ സ്പൂൺ ഇഞ്ചിവെളുത്തുള്ളി പേസ്റ്റും ഒരു ടേബ്ൾ സ്പൂൺ കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ബീഫ് വേവിച്ചെടുക്കുക. സവാളയും ഉരുളക്കിഴങ്ങും വെവ്വേറെ വറുത്തെടുത്തു മാറ്റി വെക്കുക. വറുക്കാൻ ഉപയോഗിച്ച എണ്ണയിൽ നിന്ന് ഒന്നര ടേബ്ൾ സ്പൂൺ എടുത്ത് പാനിൽ ഒരു ടേബ്ൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് വഴറ്റുക. അതിലേക്കു മഞ്ഞൾപ്പൊടിയും കുരുമുളക് പൊടിയും മല്ലിപ്പൊടിയും അറബിക് മസാലയും ചെറിയ ജീരകപ്പൊടിയും ചേർത്ത് ചെറിയ തീയിൽ മിക്സ് ചെയ്യുക. അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ബീഫ് ഇട്ടു കൊടുക്കാം. എല്ലാ മസാലകളും ചേർത്ത് നന്നായി മിക്സ് ചെയ്യുക. വെള്ളം വറ്റി വരുമ്പോൾ ഫ്രൈ ചെയ്തു വെച്ച സവാളയും ഉരുളക്കിഴങ്ങും ചേർക്കുക. നന്നായി ഇളക്കിക്കൊടുത്തു ഉപ്പ് അഡ്ജസ്റ്റ് ചെയ്ത് കൊടുക്കാം. ഇനി മല്ലിയിലയും പൊതീനയും ഇട്ടു കൊടുക്കുക. നമ്മുടെ മസാല റെഡി.
ഇനി ദം ഇടാം
അതിനായി മുകളിലെ ചോറ് മാറ്റിയ ശേഷം മസാല ചേർത്ത ബീഫ് ഇട്ടു കൊടുക്കാം. അതിനു മുകളിൽ ബാക്കി ചോറും. മുകളിൽ ഒരു ടേബ്ൾ സ്പൂൺ അറബിക് മസാലയും ഒരു ടീ സ്പൂൺ കുരുമുളക് പൊടിയും ഒരു ടീ സ്പൂൺ നെയ്യും ഒഴിച്ച് കൊടുക്കുക. അര മണിക്കൂർ ദം ഇടാം. നമ്മുടെ രുചികരമായ ചോറ് റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.