വെട്ടിയിട്ട വാഴപ്പിണ്ടി വെറുതെ കളയണ്ട; ഒന്നാന്തരം വിഭവങ്ങൾ ഉണ്ടാക്കാം
text_fieldsകുലവെട്ടിയാൽ വാഴപ്പിണ്ടി വെറുതെ കളയുന്നവരാണോ നിങ്ങൾ?. എങ്കിൽ ഇനിമുതൽ അത് വേണ്ട. വാഴപ്പിണ്ടികൊണ്ട് നല്ല ഒന്നാന്തരം ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കാം. അതും ഏറ്റവും പോഷക സമൃദ്ധമായും രുചികരമായും. വാഴപ്പിണ്ടി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ നിരവധിയാണ്.
വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയുന്നു. മൂത്രനാളിയിലെ അണുബാധ മൂലമുള്ള വേദന അകറ്റാനും വാഴപ്പിണ്ടി ജ്യൂസ് സഹായിക്കും.
ജീവകം ബി ആറ് ധാരാളം അടങ്ങിയ വാഴപ്പിണ്ടി ഇരുമ്പിന്‍റെയും കലവറ ആണ്. ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടുന്നു. പൊട്ടാസ്യവും ധാരാളം അടങ്ങിയതിനാൽ കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദവും നിയന്ത്രിക്കുന്നു.
വാഴപ്പിണ്ടി ജ്യൂസ് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. നാരുകൾ ധാരാളം അടങ്ങിയതിനാൽ ദഹനത്തിന് ഏറെ സഹായകമാണിത്.
വാഴപ്പിണ്ടി ജ്യൂസ് പതിവായി കഴിക്കുന്നത് ശരീരത്തിന്‍റെ ആസിഡ് നില നിയന്ത്രിക്കാൻ സഹായിക്കും. നെഞ്ചെരിച്ചിൽ, വയറ്റിലെ അസ്വസ്ഥത ഇവയിൽ നിന്ന് ആശ്വാസമേകാനും വാഴപ്പിണ്ടി ജ്യൂസ് സഹായിക്കും. നാരുകൾ ധാരാളം ഉള്ളതിനാൽ മലബന്ധം അകറ്റാനും സഹായകമാണ്.
ഊണിനൊപ്പം ഒരിത്തിരി വാഴപ്പിണ്ടി തോരൻ ആയാലോ. എങ്കിൽ സംഭവം പൊളിക്കും. വാഴപ്പിണ്ടിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വാഴപ്പിണ്ടി തോരൻ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
വേണ്ട സാധനങ്ങൾ
- വാഴപ്പിണ്ടി ചെറുതായി അരിഞ്ഞത് - ഒരു കപ്പ്
- തേങ്ങ - കാൽ കപ്പ്
- പച്ചമുളക് - രണ്ട് എണ്ണം
- ജീരകം - കാൽ സ്പൂൺ
- കറിവേപ്പില - ആവശ്യത്തിന്
- മഞ്ഞൾപൊടി - കാൽ സ്പൂൺ
- എണ്ണ - മൂന്ന് സ്പൂൺ
- ചുവന്ന മുളക് - മൂന്ന് എണ്ണം
- കടുക് - ഒരു സ്പൂൺ
- കറിവേപ്പില - ഒരു തണ്ട്
തയ്യാറാക്കാം:
ചീന ചട്ടി ചൂടായി കഴിഞ്ഞാൽ എണ്ണ ഒഴിക്കുക. അതിലേക്ക് കടുക്, ചുവന്ന മുളക് , കറിവേപ്പില എന്നിവയും ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന വാഴപ്പിണ്ടി ഉപ്പും ചേർത്ത് രണ്ട് മിനിട്ട് അടച്ചു വക്കുക. തേങ്ങ , പച്ചമുളക് , ജീരകം, മഞ്ഞൾ പൊടി എന്നിവ ചതച്ചു എടുക്കുക. ചീനച്ചട്ടിയിലേക്ക് ചതച്ച് വച്ചിരിക്കുന്ന കൂട്ടു രണ്ടു ടീസ്പൂൺ വെള്ളവും കൂടെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. വെന്ത് കഴിയുമ്പോൾ തീ ഓഫ് ചെയ്യുക.
വാഴപ്പിണ്ടി ജ്യൂസ്
വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയില്‍ അടിച്ചെടുത്തു വേണ്ട വെള്ളവും ചേർത്ത് ജ്യൂസായി ഉപയോഗിക്കാം. സ്വാദിന് തേനും ഏലക്കയും വേണണെങ്കില്‍ ഉപയോഗിക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. പ്രമേഹത്തിനുള്ള നല്ലൊരു ഒൗഷധമായും ഈ ജ്യൂസ് ഉപയോഗിക്കുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.