രുചികരമായി വീട്ടിൽ തയാറാക്കാം ശീഖ് കബാബ്
text_fieldsവളരെ രുചികരവും എളുപ്പത്തിലും തയ്യാറാക്കാവുന്ന, എന്നാൽ അതിഥികളുടെ വയറും മനസ്സും നിറക്കാൻ പറ്റിയ വിഭവമാണ് കബാബ്. അരച്ച ഇറച്ചി ഒരു കോലിൽ കുത്തി കനലിൽ ചുട്ടെടുക്കുന്നതാണ് കബാബ്. പല തരം കബാബുകൾ ഉണ്ടെങ്കിലും ശീഖ് കബാബ് എന്നും മുൻപന്തിയിൽ നിൽക്കുന്ന വിഭവമാണ്. വീട്ടിൽ ഓവൻ ഇല്ലാത്തവർക്ക് ഗ്രിൽ പാനിലും സാധാരണ പാനിലും ചെയ്തെടുക്കാവുന്നതാണ്. ഇതിൽ അധികം എണ്ണയൊന്നും ഇല്ലാത്തതു കൊണ്ട് ഏതു പ്രായക്കാർക്കും കഴിക്കാം.
ചേരുവകൾ
- ചിക്കൻ എല്ലില്ലാത്തത്-1/2 കിലോ
- ഉള്ളി ചെറുതായി അരിഞ്ഞത്-1 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
- പച്ചമുളക് ചെറുതായി അരിഞ്ഞത് -2 എണ്ണം
- മല്ലിയില ചെറുതായി അരിഞ്ഞത് -1/4 കപ്പ്
- മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
- കാശ്മീരി ചില്ലി പൗഡർ -1 ടേബിൾ സ്പൂൺ
- ഗരം മസാല -1 ടീസ്പൂൺ
- ചെറിയ ജീരകം പൊടിച്ചത് -1/2 ടീസ്പൂൺ
- കടലപ്പൊടി -2 ടേബിൾ സ്പൂൺ
- നാരങ്ങാ നീര് -ഒരു നാരങ്ങയുടെ
- ഉപ്പ് - ആവശ്യത്തിന്
- മുട്ട -1
- സൺ ഫ്ലവർ ഓയിൽ/ വെജിറ്റബിൾ ഓയിൽ -2 ടേബിൾ സ്പൂൺ
ഉണ്ടാക്കുന്ന വിധം
എല്ലില്ലാത്ത ചിക്കൻ മിക്സിയുടെ ജാറിൽ അരച്ചെടുക്കണം. ശേഷം അതിലേക്ക് എണ്ണ അല്ലാത്ത എല്ലാ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിച്ച് രണ്ട് മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വെക്കണം. ചിക്കൻ കുത്തിക്കൊടുക്കാനുള്ള കോൽ (സ്കുവർ ) കുറച്ചു നേരം വെള്ളത്തിൽ ഇട്ടു വെക്കണം. പൊട്ടിപ്പോകാതിരിക്കാനാണ് വെള്ളത്തിൽ ഇട്ടു വെക്കുന്നത്. ഫ്രിഡ്ജിൽ നിന്നും ചിക്കൻ മിശ്രിതം എടുത്ത് അതിൽ നിന്ന് ഒരു കൈ ചിക്കന്‍റെ മിശ്രിതം എടുത്ത് കോലിൽ പിടിപ്പിക്കണം. ബാക്കിയുള്ളവയും അങ്ങനെ ചെയ്തെടുക്കണം. ചൂടായ ഗ്രിൽ പാനിൽ ഓയിൽ ഒഴിച്ച് ചെറിയ തീയിൽ പൊരിച്ചെടുത്താൽ ശീഖ് കബാബ് റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.