രുചിയൂറും ചെമ്മീൻ കിഴി
text_fieldsചേരുവകൾ
- ചെമ്മീൻ കഴുകി വൃത്തിയാക്കിയത് - 1കിലോ
- വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
- ഇഞ്ചി & വെളുത്തുള്ളി ചോപ്പ് ചെയ്തത് - 4 ടേബിൾ സ്പൂൺ വീതം
- ബ്ലാക്ക് പെപ്പർ - 3 ടേബിൾ സ്പൂൺ
- കടുക് - അര ടീ സ്പൂൺ
- തേങ്ങാക്കൊത്ത് - രണ്ടു ടേബിൾ സ്പൂൺ
- ചെറിയ ഉള്ളി അരിഞ്ഞത് - ഏകദേശം 150 ഗ്രാം
- സവാള അരിഞ്ഞത് - 2 എണ്ണം
- ഉപ്പ് - ആവശ്യത്തിന്
- മഞ്ഞൾപൊടി - കാൽ ടീ സ്പൂൺ
- കറിവേപ്പില - ആവശ്യത്തിന്
- തക്കാളി അരിഞ്ഞത് - ഒരെണ്ണം
- കശ്മീരി മുളകുപൊടി - ഒന്നര ടേബിൾ സ്പൂൺ
- മല്ലിപ്പൊടി - മുക്കാൽ ടേബിൾ സ്പൂൺ
- ഉലുവപ്പൊടി - കാൽ ടീസ്പൂൺ
- കഴുകി എടുത്ത കുടംപുളി - 3/ 4 എണ്ണം
- വാട്ടിയെടുത്ത വാഴയില - 2 എണ്ണം
- വാഴനാര് - ഒരെണ്ണം
തയാറാക്കുന്ന വിധം
ചൂടായ മൺചട്ടിയിലേക്ക് മൂന്ന് സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക, എണ്ണ നന്നായി ചൂടായതിനു ശേഷം ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും കുരുമുളകും ഇട്ടു മൂപ്പിച്ച് എടുത്തതിനു ശേഷം മിക്സിയുടെ ജാറിൽ ഇട്ടു ചെറുതായി പൊടിച്ചു മാറ്റിവെക്കുക.
അതിനുശേഷം ആ എണ്ണയിൽതന്നെ അര സ്പൂൺ കടുക് ഇടുക, കടുക് നന്നായി പൊട്ടിവരുമ്പോൾ ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന തേങ്ങാക്കൊത്ത് ചേർക്കുക, തേങ്ങാക്കൊത്ത് വഴന്നു ചെറിയ ബ്രൗൺനിറമാകുമ്പോഴേക്ക് അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും ചെറിയ ഉള്ളിയും ചേർക്കുക. ഇതിലേക്ക് കുറച്ച് ഉപ്പും മഞ്ഞൾ പൊടിയും ആവശ്യത്തിനുള്ള കറിവേപ്പിലയും ഇട്ടു ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക. ശേഷം ഒരു തക്കാളി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
ഇതിലേക്ക് നമ്മൾ നേരത്തേ മൂപ്പിച്ചു മിക്സിയിൽ പൊടിച്ചുവെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, കുരുമുളക് മിക്സ് ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് കശ്മീരി മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് പൊടികളുടെ ഒരു പച്ചമണം മാറുന്നതുവരെ വഴറ്റുക. ഇതിലേക്ക് കഴുകി വൃത്തിയാക്കിവെച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് ഇളക്കി യോജിപ്പിക്കുക. വെള്ളം ചേർക്കേണ്ടതില്ല. ആവശ്യത്തിന് വെള്ളം ചെമ്മീനിൽനിന്ന് ഇറങ്ങിക്കോളും.
ശേഷം ഉപ്പു നോക്കിയിട്ടു വേണമെങ്കിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാവുന്നതാണ്. ഇതിലേക്ക് കാൽ സ്പൂൺ ഉലുവപ്പൊടി കൂടി ചേർത്തുകൊടുക്കുക. ശേഷം അവസാനമായി കഴുകിെവച്ചിരിക്കുന്ന കുടംപുളി മൂന്നോ നാലോ കഷ്ണം ഇതിലേക്ക് ഇട്ടുകൊടുത്തു ചെറുതീയിൽ അടച്ചുവെച്ചു അഞ്ചോ ആറോ മിനിറ്റ് വേവിച്ചു റോസ്റ്റ് പരുവമാക്കി എടുക്കുക.
ഇനി നമുക്ക് കിഴി തയാറാക്കാനുള്ള വാട്ടിയെടുത്ത രണ്ടു വാഴയിലയും ഒന്നിന് മുകളിൽ ഒന്നായിവെച്ച് അതിലേക്കു നമ്മൾ റോസ്റ്റ് ആക്കിവെച്ച ചെമ്മീൻ ഇട്ടു വാഴനാരുപയോഗിച്ചു കിഴിപോലെ കെട്ടിയെടുക്കുക. ശേഷം ഒരു കുഴിയുള്ള പാത്രത്തിൽ ഇറക്കിവെച്ചു അടപ്പുകൊണ്ട് മൂടി ഒരു അഞ്ചു മിനിറ്റ് ചെറുതീയിൽ ആവി കയറ്റി എടുത്ത് ചൂടോടുകൂടി സെർവ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.