കല്ലുമ്മക്കായ നിറച്ചു പൊരിച്ചത്
text_fieldsകടലിൽ പാറക്കെട്ടുകളിൽ ഒട്ടിപ്പിടിച്ചു കാണപ്പെടുന്ന കല്ലുമ്മക്കായ അല്ലെങ്കിൽ കടുക്ക എന്നറിയപ്പെടുന്നത് മൽസ്യ ഇനത്തിൽ പെട്ട കടൽ ജീവികളാണ്. കക്ക പോലെ തന്നെ കഴിക്കാൻ പറ്റിയ ഒരു ജീവി. കക്കയേക്കാൾ വലുപ്പം കല്ലുമ്മക്കായ്ക്കുണ്ട്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കല്ലുമ്മക്കായ കൃഷി ചെയ്തു വരുന്നുണ്ട്.
കഴിക്കാൻ വളരെയധികം രുചിയുള്ള കല്ലുമ്മക്കായ നമ്മൾ പലതരത്തിൽ പാചകം ചെയ്യാറുണ്ട്. റോസ്റ്റ് ആയും നിറച്ചു പൊരിച്ചും എല്ലാം. കല്ലുമ്മക്കായ കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ മലബാറുകാരുടെ സ്വകാര്യ അഹങ്കാരമാണ്. എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടുന്ന കല്ലുമ്മക്കായ നിറച്ചു പൊരിച്ചതാണ് ഇന്നത്തെ നമ്മുടെ വിഭവം.
ചേരുവകൾ:
- കല്ലുമ്മക്കായ-1 കിലോ
- പച്ചരി-ഒരു കപ്പ്
- പുഴുങ്ങലരി/മട്ട അരി-1 ടീസ്പൂൺ
- ഉള്ളി -2 എണ്ണം
- ചെറിയ ഉള്ളി -3,4 എണ്ണം
- പേരും ജീരകം-1 ടേബിൾ സ്പൂൺ
- നാളികേരം -ഒരെണ്ണത്തിന്റെ പകുതി
- ചെറിയ ജീരകം -1 ടീസ്പൂൺ
- അരിപ്പൊടി-3 മുതൽ 4 ടേബിൾ സ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- കാശ്മീരി ചിലി പൌഡർ-4 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി-1/2 ടീസ്പൂൺ
- ഗരം മസാല -1 ടേബിൾ സ്പൂൺ
- കറി വേപ്പില- ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
അരി 5, 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെച്ചും ഗ്രൈൻഡറിൽ കുതിർത്തി വെച്ചും വെള്ളം കളഞ്ഞ അരിയും കൂടെ ഉള്ളിയും ജീരകവും നാളികേരവും എല്ലാം ഇട്ടു കുറച്ചു കുറച്ചായി അരച്ചെടുക്കുക. ശേഷം ബൗളിലേക്ക് മാറ്റി കൈ കൊണ്ട് നന്നായി യോജിപ്പിച്ചെടുത്തു കുറച്ചു കുറച്ചായി അരിപൊടി ചേർത്ത് ടൈറ്റ് ആക്കി എടുക്കണം. ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കുക. നന്നായി കുഴച്ചെടുത്തു സോഫ്റ്റ് ആക്കി എടുക്കുക. കഴുകി വൃത്തിയാക്കിയ ഓരോ കല്ലുമ്മക്കായയുടെ ഉള്ളിലും ഈ അരിയുടെ കൂട്ട് ഇട്ട് ഫിൽ ചെയ്തു കൊടുക്കുക.
ശേഷം 20 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. ചൂടാറിയ ശേഷം തോട് കളഞ്ഞു അതിലേക്ക് മസാല ചേർത്ത് പിടിപ്പിക്കണം. അതിനായി വലിയ ബൗളിലേക്ക് കാശ്മീരി ചില്ലി പൗഡറും മഞ്ഞൾ പൊടിയും ഉപ്പും ഗരം മസാലയും കറി വേപ്പിലയും കുറച്ചു വെള്ളവും ഒഴിച്ച് മസാല ഉണ്ടാക്കി അതിലേക്ക് ഓരോ കല്ലുമ്മക്കായയും മുക്കി നല്ല ചൂടുള്ള വെളിച്ചെണ്ണയിൽ വറുത്തെടുത്താൽ കല്ലുമ്മക്കായ നിറച്ചു പൊരിച്ചത് റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.