ഇറാനി ചിക്കൻ പോള
text_fieldsചേരുവകൾ
- മുട്ട -2
- മൈദ -1കപ്പ്
- പാൽ -1കപ്പ്
- സൺഫ്ലവർ ഓയിൽ -3/4 കപ്പ്
- സവാള -2
- പച്ചമുളക് -3
- ഇഞ്ചി -ചെറിയ ഒരു ഭാഗം
- വെളുത്തുള്ളി - 5 അല്ലി
- ബോൺലെസ് ചിക്കൻ -350ഗ്രാം
- കുരുമുളക് പൊടി -1 ടീസ്പൂൺ
- മുളകുപൊടി -1 ടീസ്പൂൺ
- മഞ്ഞൾ പൊടി-1/2 ടീസ്പൂൺ
- മല്ലിപ്പൊടി -1/2 ടീസ്പൂൺ
- ചിക്കൻ മസാല -1/2 ടീസ്പൂൺ
- വിനാഗിരി -1/2 ടീസ്പൂൺ
- കറിവേപ്പില -ആവശ്യത്തിന്
- ഉപ്പ്-ആവശ്യത്തിന്
തയാറാക്കേണ്ട വിധം
ചിക്കനിൽ മസാല പുരട്ടി വെക്കുക. അതിനുവേണ്ടി കഴുകി വൃത്തിയാക്കിവെച്ച ചിക്കനിലേക്ക് ആവശ്യത്തിന് ഉപ്പ്, മുളകുപൊടി, മഞ്ഞൾപൊടി, ഇഞ്ചി, വെളുത്തുള്ളി അരച്ചത്, അല്പം ചിക്കൻ മസാലപ്പൊടി, അര ടീസ്പൂൺ വിനാഗിരി എന്നിവ ചേർത്ത് നന്നായി തിരുമ്മി ചേർത്ത ശേഷം കുറഞ്ഞത് അര മണിക്കൂർ എങ്കിലും റെസ്റ്റ് ചെയ്യാൻ വെക്കണം..
പോളയിലേക്ക് ഉള്ള മസാലക്ക് ആവശ്യമായ സവാളയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും കുനുകുനെ മുറിച്ചുവെക്കുക. ശേഷം ഒരു ഫ്രൈ പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച ശേഷം ചിക്കൻ പൊരിച്ചു കോരിയെടുക്കുക. തുടർന്ന് അതിനെ ചെറിയ കഷണങ്ങളായി മുറിച്ച് മാറ്റിവെക്കുക. തുടർന്ന് ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഓയിൽ ചൂടാക്കി അതിലേക്ക് ആദ്യം കുനുകുനെ അരിഞ്ഞുവെച്ചിരുന്ന കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു വഴറ്റുക. പച്ചമണം മാറിവരുന്ന സമയത്ത് പച്ചമുളകും ചേർത്ത് കൊടുക്കുക.
അതിനുശേഷം സവാളയും ചേർത്ത് ഇളക്കി വേവിക്കുക. എല്ലാ ചേരുവകളും നന്നായി മൂത്തു വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മുളക്പൊടി, മല്ലിെപ്പാടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ ചിക്കൻ മസാല പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് നന്നായി മൂത്തുവരുന്ന സമയത്ത് നേരത്തേ തയാറാക്കിവെച്ച ചിക്കൻ കഷണങ്ങൾ ഈ മസാലയിലേക്ക് ചേർത്ത് ഇളക്കിക്കൊടുക്കുക. മസാലയും ചിക്കനും തമ്മിൽ യോജിച്ചു കഴിഞ്ഞാൽ സ്റ്റവ് ഓഫ് ചെയ്യാം. ഇനി പോളയുടെ മാവ് തയാറാക്കാം. അതിനുവേണ്ടി മിക്സിയുടെ ജാറിലേക്ക് 2 മുട്ട പൊട്ടിച്ചൊഴിക്കുക, ഒരു കപ്പ് മൈദ, ഒരു കപ്പ് പാൽ, മുക്കാൽ കപ്പ് ഓയിൽ, അര ടീസ്പൂൺ കുരുമുളക് പൊടി, കാൽ ടീ സ്പൂൺ ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക.
ഇറാനി പോള സമയമെടുത്ത് വേവിക്കുന്ന വിഭവമാണ്. ഇത് ഒന്നുകിൽ ഇഡലി പാത്രത്തിൽ ആവിക്ക് വെച്ചോ രണ്ടു പാനുകൾ ഉപയോഗിച്ച് ഡബിൾ ഹീറ്റിങ് രീതിയിലോ പാകം ചെയ്യാവുന്നതാണ്. രണ്ടു പാനുകൾ ഉപയോഗിക്കുന്നുവെങ്കിൽ ആദ്യത്തെ പാൻവെച്ച് അതിനു മുകളിൽ കുഴിയുള്ള തരത്തിലുള്ള നോൺസ്റ്റിക് പാത്രം വെച്ചുവേണം ചെയ്യാൻ. ഇഡലി പാത്രത്തിലാണ് പാകം ചെയ്യുന്നതെങ്കിൽ ഇഡലി പാത്രത്തിനുള്ളിലേക്ക് അല്പം നെയ്യോ ഓയിലോ പുരട്ടിയതിനു ശേഷം ചൂടായിവരുന്ന സമയത്ത് ഒരു ലയർ മാവ് ഒഴിക്കുക.
അതിനുശേഷം ചെറുതായി കുമിളകൾ പൊട്ടുന്നതുവരെ വെയിറ്റ് ചെയ്യുക. അങ്ങനെ കുമിളകൾ വരുന്ന സമയത്ത് നേരത്തേ തയാറാക്കിവെച്ച ചിക്കൻ മസാല അതിന് മുകളിലേക്ക് സ്പ്രെഡ് ചെയ്തു കൊടുക്കുക. വീണ്ടും അതിനു മുകളിലേക്ക് മാവ് ഒഴിക്കുക. ശേഷം വീണ്ടും മസാല. മുകളിൽ മാവ് എന്ന രീതിയിൽവെച്ച ശേഷം മൂടിവെക്കുക. പകുതി വേവ് ആകുന്ന സമയത്ത് മുകളിൽ മല്ലിയിലയോ കാരറ്റോ തക്കാളിയോ മറ്റോ വെച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ അലങ്കരിക്കാം. വീണ്ടും അടച്ചുവെച്ച് നന്നായി വേവാകുമ്പോൾ ഓയിലോ നെയ്യോ ഒരു പാനിലേക്ക് പുരട്ടിയശേഷം പോള അതിലേക്ക് മറിച്ചിട്ട് ഒരു 5 മിനിറ്റ് വേവിക്കുക. രുചികരമായ ഇറാനി ചിക്കൻ പോള തയാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.