റമദാൻ വിഭവം: ഹണി കോമ്പ് ബ്രഡ്
text_fieldsഗ്ലേസ്/സിറപ്പിനുള്ള ചേരുവകൾ
- പഞ്ചസാര -1 കപ്പ്
- വെള്ളം - 3/4 കപ്പ്
- തേൻ -1 ടീസ്പൂൺ
- ഒരു പിഞ്ച് കുങ്കുമപ്പൂവ്
ഡവ് ഉണ്ടാക്കാനുള്ള ചേരുവകൾ
- ഓൾ പർപ്പസ് ഫ്ലോർ/ മൈദ -3 1/2 കപ്പ്
- പാൽ -1 കപ്പ്
- പാൽപ്പൊടി -2 ടീസ്പൂൺ
- വെള്ളം -1/2 കപ്പ് (കുറച്ചു കുറച്ചായി ഉപയോഗിക്കാം)
- മുട്ട -1
- പഞ്ചസാര- 3 ടീസ്പൂൺ
- ഓയിൽ - 4 ടീസ്പൂൺ
- ഉരുകിയ വെണ്ണ -4 ടീസ്പൂൺ
- ഇൻസ്റ്റൻറ് യീസ്റ്റ് -1 1/2 ടീസ്പൂൺ
- ഉപ്പ് -1/2 ടീസ്പൂൺ
- ട്രയാങ്കിൾ ചീസ് -6-8 (കിരി അല്ലെങ്കിൽ അൽ മറായി മുതലായവ ഉപയോഗിക്കാം)
- മുട്ട -1 (ബേക്ക് ചെയ്യുന്നതിന് മുമ്പ് ഡവിൽ ചേർക്കാൻ)
ഗ്ലേസ്/സിറപ്പിനായി തയാറാക്കുന്ന വിധം
പഞ്ചസാര, വെള്ളം, കുങ്കുമം എന്നിവ അൽപം കുറുകുന്നത് വരെ കുറച്ച് മിനിറ്റ് തിളപ്പിക്കുക. സിറപ്പ് തയാറായാൽ സ്റ്റൗവിൽനിന്ന് മാറ്റി തേൻ ചേർത്ത് ഇളക്കി പൂർണമായും തണുക്കാൻ മാറ്റിവെക്കുക.
ഡവ് തയാറാക്കുന്ന വിധം
ഓൾ പർപ്പസ് ഫ്ലോർ/ മൈദ അരിച്ചെടുക്കുക, തുടർന്ന് പാൽപ്പൊടി, പഞ്ചസാര, യീസ്റ്റ്, ഉപ്പ് എന്നിവ ചേർക്കുക. അതിനുശേഷം ഓയിലും വെണ്ണയും മുട്ടയും ചേർത്ത് യോജിപ്പിക്കുക. പാലും ചേർത്ത് കുഴക്കുക. ക്രമേണ ആവശ്യത്തിനനുസരിച്ചു വെള്ളം ചേർത്തുകുഴക്കുക. 8-10 മിനിറ്റ് വരെ നന്നായി കുഴക്കുക. അപ്പോൾ ഡവ് നല്ല സോഫ്റ്റാവും.
വിരൽത്തുമ്പിൽ അൽപം ഓയിൽ എടുത്ത് കുഴച്ചുവെച്ച ഡവിൽ പുരട്ടുക. ശേഷം ഒരു പാത്രത്തിൽ മൂടുക. അതിന്‍റെ വലിപ്പം ഇരട്ടിയാകാൻ 40 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ മാറ്റിവെക്കുക.
കുഴച്ചുവെച്ച ഡവ് വലുപ്പം ഇരട്ടി ആവുമ്പോൾ ഒന്നുകൂടെ കുഴച്ച് ചെറിയ കഷണങ്ങളാക്കി മാറ്റുക. ഏകദേശം 40 ചെറിയ കഷണങ്ങൾ ലഭിക്കും. ഒരു പാൻ/ഓവനിൽ വെക്കാൻ പറ്റുന്ന പാത്രം വെണ്ണ ഉപയോഗിച്ച് ഗ്രീസ് ചെയ്യുക. ഒരു കഷണം ഡവ് എടുത്ത് വിരലുകൊണ്ട് നീട്ടുക. എന്നിട്ട് അതിന്‍റെ മധ്യഭാഗത്ത് ഒരു ചെറിയ ചീസ് വെച്ച് അരികുകൾ ഒരുമിച്ച് കൊണ്ടുവന്ന് ഒരു പന്തുപോലെ ആക്കുക. അങ്ങനെ എല്ലാ കഷണങ്ങളിലും ഇത് ആവർത്തിക്കുക. അടുത്തടുത്തായി നിരത്തിവെക്കുക. ശേഷം അര മണിക്കൂറോളം അത് ഇരട്ടിയാവാൻ നീക്കിവെക്കുക.
അരമണിക്കൂറിനുശേഷം അതിന്‍റെ മേലെ മുട്ട തടവുക. 180 c- ചൂടിൽ 20-25 മിനിറ്റ് വരെ ഓവനിൽ വെക്കുക അല്ലെങ്കിൽ ഗോൾഡൻ ബ്രൗൺ വരെ. ശേഷം നേരത്തേ തയാറാക്കിവെച്ച സിറപ്പ് ഒഴിച്ച് സർവ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.