ഇടിച്ചക്ക ബിരിയാണി
text_fieldsപൊടിയുള്ള നല്ലയിനം ഇടിച്ചക്ക തൊലി കളഞ്ഞ് അര ഇഞ്ച് കനത്തിൽ 2 ഇഞ്ച് വലിപ്പമുള്ള കഷ്ണങ്ങളാക്കി എടുത്തത് 15 എണ്ണം, മുളക് പൊടി 1 ടേബ്ൾസ്പൂൺ, മഞ്ഞൾപൊടി കാൽ ടീസ്പൂൺ, കുരുമുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഇറച്ചി മസാലപൊടി, ചെറുനാരങ്ങാ നീര് എല്ലാം ഓരോ ടീ സ്പൂൺ വീതം, ഉപ്പ് ആവശ്യത്തിന്.
ഇടിച്ചക്ക കഷണങ്ങൾ ഒന്ന് ആവിയിൽ കയറ്റി കൂടുതൽ വെന്തുപോകാതെ എടുത്തു മസാലകളും മറ്റും നന്നായിപുരട്ടി മാറ്റി വെക്കണം. റോസ് കൈമ അരി രണ്ട് ഗ്ലാസ് അര മണിക്കൂർ കുതിർത്ത് കഴുകിയരിച്ച് വെള്ളംവാരാൻ വെക്കണം. 3 വലിയ സവാള നേർത്ത് അരിഞ്ഞ് കുറച്ചു നെയ്യും വെളിച്ചെണ്ണയും ചേർത്ത് വഴറ്റി നന്നായി മൊരിയുന്നതിനു മുൻമ്പ് പകുതി മാറ്റിവെക്കണം. ബാക്കി കരിയാതെ നന്നായി വറുത്ത് കോരി വെക്കുക.
അതിൽ കുറച്ച് അണ്ടിപ്പരിപ്പും കിസ്മിസും ഇട്ട് വഴറ്റി മൊരിച്ച് വറുത്ത ഉള്ളിക്കൊപ്പം മാറ്റിവെക്കാം. ഒരു പരന്ന നോൺസ്റ്റിക് പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് വറുത്ത എണ്ണ ബാക്കിയുണ്ടെങ്കിൽ അതും ചേർത്ത് മസാല പുരട്ടി വെച്ച ഇടിച്ചക്ക കഷണങ്ങൾ ഓരോന്നായി ഇടത്തരം തീയിൽ ഇരുവശവും ഷാലോഫ്രൈ ചെയ്തെടുക്കണം.
ഇനി റൈസ് പാകപ്പെടുത്താം. കുക്കറിൽ കുറച്ചു നെയ്യൊഴിച്ച് 3 ഏലക്ക, 2 കഷണം പട്ട, 4 ഗ്രാമ്പൂ, ഒരു പകുതി ജാതിപത്രി, അര ടീസ്പൂൺ പെരുംജീരകം എന്നിവയും വറുത്തു വെച്ച സവാളയിൽ കുറച്ചും വഴറ്റി വെള്ളം വാർന്ന അരിയിട്ട് തീരെ അടിയിൽ പിടിക്കാതെ കുറച്ചു നേരം ഇളക്കണം.
അരി അളന്ന ഗ്ലാസിൽ 3 ഗ്ലാസ് തിളച്ച വെള്ളവും 1 ടേബ്ൾ സ്പൂൺ നാരങ്ങാനീരും ഉപ്പും ഇട്ട് കുക്കർ അടക്കണം. കുറഞ്ഞ തീയിൽവെച്ച് ആദ്യ വിസിൽ വരുമ്പോൾതന്നെ തീ ഓഫ് ചെയ്ത് ആവി പോയ ഉടനെ കുക്കർ തുറന്നു ചോറ് കൂടുതൽ വെന്തു പോകാതെ ഇളക്കി കുറച്ചുനേരം തുറന്നു വെക്കണം.
ഇനി ഇടിച്ചക്ക മസാല: ഇഞ്ചി വെളുത്തുള്ളി ചെറുതായരിഞ്ഞത് ഒന്നര ടേബിൾ സ്പൂൺ, തക്കാളി നീളത്തിൽ അരിഞ്ഞത് ഒരു കപ്പ്, പച്ചമുളക് ചെറുതായരിഞ്ഞത് ഒന്നര ടേബിൾ സ്പൂൺ, ഗരം മസാല 1 ടീ സ്പൂൺ, പുതീന അരിഞ്ഞത് മുക്കാൽ കപ്പ്, മല്ലിയില അരിഞ്ഞത് ഒരുകപ്പ് എന്നിവ തയാറാക്കുക.
ശേഷം പാൻ അടുപ്പത്തുവെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി വഴറ്റിമൂപ്പിച്ച് മാറ്റിവെച്ച സവാള ചേർത്തിളക്കി, തക്കാളി അരിഞ്ഞത് ഇട്ട് വഴറ്റണം. തക്കാളി നന്നായി വാടിക്കഴിഞ്ഞാൽ പച്ചമുളക് ചതച്ചതും ഇലകളിൽ പകുതിയും ചേർത്ത് വീണ്ടും ഇളക്കി ഗരം മസാലപ്പൊടിയും ആവശ്യമെങ്കിൽ അൽപ്പം ഉപ്പും ചേർത്ത് വീണ്ടും യോജിപ്പിക്കണം. ഇതിലേക്ക് തയാറാക്കിയ ഇടിച്ചക്കയിട്ട് നന്നായിളക്കി 5 മിനുട്ട് മീഡിയം ഫ്ലയ്മിൽ അടച്ചു വെക്കാം.
മസാല തയാർ. ഇനി വലിയ കടായിയോ, കുക്കറോ എടുത്ത് അടിയിൽ രണ്ടു മൂന്നു കഷണം വാഴയില വിരിച്ച് അതിനുമുകളിൽ അൽപ്പം നെയ്യ് തൂകി അരിഞ്ഞുവെച്ച ഇലകളും വറുത്തുവെച്ച സവാള, കശുവണ്ടി തുടങ്ങിയവ കുറച്ച് വിതറി പകുതി ചോറ് നിരത്തണം.
അതിനു മുകളിൽ മസാല മുഴുവനും പകർന്ന് നിരത്തണം. അതിനു മുകളിൽ ബാക്കിയുള്ള റൈസ് മുഴുവൻ നിരത്താം. ബാക്കിയുള്ള സവാളക്കൂട്ടും ഇലകളും മുകളിൽ നിരത്തി അൽപ്പം നെയ് കൂടി തൂവി കൊടുക്കണം. പാത്രം ടൈറ്റ് ആയി അടച്ച് ഒരു പഴയ നോൺ സ്റ്റിക്ക് പാത്രത്തിനു മുകളിൽ എടുത്തുവെച്ച് 20-25 മിനുട്ട് മീഡിയം ഫ്ളൈമിൽ ദം ചെയ്തെടുക്കാം. ഇടിച്ചക്ക ദം ബിരിയാണി റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.