ഓണത്തിന് എളുപ്പത്തിൽ തയാറാക്കാൻ ഒരു പാലട പ്രഥമൻ
text_fieldsഓണവിഭവങ്ങളിലെ നമ്പർ വൺ താരമാണ് പായസം. സദ്യ കഴിഞ്ഞു വരുന്നവരോട് ഏതായിരുന്നു പായസം എന്നായിരിക്കും ആദ്യ ചോദ്യം. അതിൽ പാലടയോളം തലയെടുപ്പുള്ള മറ്റൊരു വിഭവവും ഇല്ല തന്നെ. ഓണസദ്യക്ക് ഒഴിച്ചുകൂടാനാവാത്ത ഈ വിഭവം പലരും ഓർഡർ ചെയ്യുകയാണ് പതിവ്. ഇത്തവണ പാലട പ്രഥമൻ വീട്ടിൽ തന്നെ ഉണ്ടാക്കാം.
വേണ്ട ചേരുവകൾ
അരി അട - അര കപ്പ്
പാല്‍ - മൂന്നു കപ്പ്
പഞ്ചസാര - അര കപ്പ്
ഏലയ്‌ക്കാ പൊടി- കാല്‍ ടീസ്‌പൂണ്‍
അണ്ടിപ്പരിപ്പ്- 25 ഗ്രാം
കിസ്‌മിസ് - 25 ഗ്രാം
നെയ്യ് - അര ടീ സ്‌പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക് - 1 കപ്പ്
ഉണ്ടാക്കുന്ന വിധം
തിളപ്പിച്ച വെള്ളത്തില്‍ അട 20-30 മിനിറ്റ് നേരം കുതിര്‍ത്തു വെക്കുക. കുതിര്‍ന്ന അട സാദാ വെള്ളത്തില്‍ രണ്ടു മൂന്നു തവണ കഴുകി എടുക്കുക. അട തമ്മില്‍ ഒട്ടിപ്പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അരിപ്പ പോലുള്ള പാത്രത്തിലിട്ട് വെള്ളം ഊറ്റിക്കളയുക.
മൂന്നു കപ്പ് പാല്‍ നന്നായി ചൂടാക്കുക. അതിലേക്ക് കഴുകിവെച്ച അട തീ കുറച്ചുവെച്ച് 25-30 മിനിറ്റ് ഇട്ടു വേവിക്കുക. അട കട്ടിയില്ലാതെ നേർത്തുവരുന്നതുവരെ വേവിക്കണം. ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്തു കുറച്ചുനേരം കൂടി വേവിക്കുക. ഇളംനിറമാകുന്നതുവരെ വേവിക്കണം. പിന്നീട് കമ്ടൻസ്ഡ് മിൽക് ചേർക്കുക. ഇതിലേക്ക് ഏലയ്‌ക്കാപ്പൊടി ചേര്‍ത്തു, ഇളക്കിയ ശേഷം തീ അണയ്‌ക്കണം.
നെയ്യ് ചൂടാക്കി, അതിലേക്ക് അണ്ടിപ്പരിപ്പും കിസ്‌മിസും ചേര്‍ത്തു കുറച്ചുനേരം ഇളക്കിയെടുത്ത് പായസത്തിൽ ചേര്‍ക്കണം. 10-15 മിനുട്ടിന് ശേഷം അര ടീസ്‌പൂണ്‍ നെയ് കൂടി ചേര്‍ത്ത് ഇളക്കുക. സ്വാദേറിയ പാലട പ്രഥമൻ റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.