അറിയാം അടിപൊളി മാഞ്ഞാലി ബിരിയാണി
text_fieldsഎറണാംകുളത്തെ കൊച്ചു ഗ്രാമമായ മാഞ്ഞാലിയിലെ പ്രശസ്തമായ ബിരിയാണിയാണിത്. സ്ഥിരം ഉണ്ടാക്കുന്ന ബിരിയാണിക്കൂട്ടിൽ നിന്നും വ്യത്യസ്തമായിട്ടാണ് മാഞ്ഞാലി ബിരിയാണി ഉണ്ടാക്കുന്നത്. അരിയും ഇറച്ചിയുടെ മസാലയും ഉണ്ടാക്കി എടുക്കുന്നതും വിളമ്പുന്നതും രണ്ടായിട്ടാണ്. ഇതിൽ അരിയും മസാലയും ധം ചെയ്യുന്ന പരിപാടി ഇല്ല.
വിളമ്പുന്ന സമയത്തു പ്ലേറ്റിൽ ആദ്യം ഇറച്ചി മസാല വെച്ചതിനു മുകളിൽ അരി വിളമ്പുകയോ അല്ലെങ്കിൽ അരി ആദ്യം വിളമ്പി സൈഡിൽ മസാല വിളമ്പുകയോ ചെയ്യാം. ഈ ബിരിയാണിയിൽ കാരറ്റ്, പൈനാപ്പിൾ ഇവയൊക്കെ ഗ്രേറ്റ് ചെയ്തിടാറുണ്ട്.
ചേരുവകൾ:
- ചിക്കൻ – ഒരു കിലോ
- മുളകുപൊടി – രണ്ട് ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി – ഒരു ടീ സ്പൂൺ
- ഗരം മസാല – ഒന്നര ടേബിൾ സ്പൂൺ
- മല്ലിപ്പൊടി– രണ്ടര ടേബിൾ സ്പൂൺ
- സവാള– മൂന്നെണ്ണം
- തക്കാളി– രണ്ടെണ്ണം
- ഇഞ്ചി–വെളുത്തുള്ളി പേയ്സ്റ്റ്– ഒന്നര ടേബിൾ സ്പൂൺ
- വെള്ളം– ആവശ്യത്തിന്
- എണ്ണ– അഞ്ച് ടേബിൾ സ്പൂൺ
- നെയ്യ്– ഒരു ടേബിൾ സ്പൂൺ
- ചെറിയ ഉള്ളി– എട്ടെണ്ണം
- നാരങ്ങ നീര്– രണ്ട് ടീ സ്പൂൺ
- പച്ചമുളക്– രണ്ടെണ്ണം
- മല്ലിയില– ഒരു പിടി
- ഉപ്പ്– ആവശ്യത്തിന്
- കറിവേപ്പില– ഒരു പിടി
- ബിരിയാണി ചോറിനു
- ജീരകശാല/കൈമ അരി– മൂന്ന് കപ്പ്
- നെയ്യ്– രണ്ടര ടേബിൾ സ്പൂൺ
- എണ്ണ– മൂന്ന് ടേബിൾ സ്പൂൺ
- സവാള– ഒരെണ്ണം
- കാരറ്റ്– ഒരെണ്ണം(ഗ്രേറ്റ് ചയ്തത് )
- പെരുംജീരകം– ഒരു ടീ സ്പൂൺ
- വെളുത്തുള്ളി– അര ടേബിൾ സ്പൂൺ
- പട്ട– ചെറിയ കഷ്ണം
- ഏലയ്ക്ക– മൂന്നെണ്ണം
- ഗ്രാമ്പു– മൂന്നെണ്ണം
- തക്കോലം– രണ്ടെണ്ണം
- പൈനാപ്പിൾ കഷ്ണം– മൂന്ന് ടേബിൾ സ്പൂൺ
- വെള്ളം – നാലര കപ്പ്
- ഉപ്പ്– ആവശ്യത്തിന്
തയാറാക്കുന്ന വിധം:
1. നന്നായി കഴുകി വൃത്തിയാക്കി െവച്ചിരിക്കുന്ന ചിക്കനിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി, അര ടീ സ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾ സ്പൂൺ ചെറുനാരങ്ങയുടെ നീര്, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചു മാരിനേറ്റ് ചെയ്ത് അര മുതൽ ഒരു മണിക്കൂർ വരെ മാറ്റി വയ്ക്കുക
2. ഒരു മണിക്കൂറിന് ശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ വേവിക്കണം. ഇതിനായി ഒരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ഇട്ടു കൊടുത്തു ഹൈ ഫ്ലെയ്മിൽ നന്നായി ഇളക്കുക. ശേഷം മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് ചിക്കൻ 10 മിനിറ്റ് വേവിക്കുക. ചിക്കൻ കഷ്ണങ്ങൾ ചെറുതായി വറക്കുകയും ചെയ്യേണ്ടതിനാൽ അമിതമായി വെന്ത് ഉടഞ്ഞു പോകാതെ ശ്രദ്ധിക്കണം
3. പത്തുമിനിറ്റിനു ശേഷം വെന്ത ചിക്കനും അതിന്‍റെ ഗ്രേവിയും വേർതിരിക്കുക. ശേഷം അതേ പാത്രത്തിൽ 3–4 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ചു അതിൽ ചിക്കൻ കഷ്ണങ്ങൾ വറുത്തെടുത്തു മാറ്റുക
4. ഇനി ചിക്കൻ വറുത്തെടുത്ത എണ്ണയിൽ ഒരു പിടി കറിവേപ്പില ഇടുക. പിന്നെ മൂന്ന് സവാളയും ചെറിയ ഉള്ളിയും നേരിയതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. രണ്ട് തക്കാളി, ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി–വെളുത്തുള്ളി പേയ്സ്റ്റ്, പച്ചമുളക് അരിഞ്ഞതും, ഉപ്പും ചേർത്ത് വീണ്ടും നന്നായി അഞ്ച് മിനിറ്റോളം വഴറ്റുക
5. ശേഷം ഇതിലേക്ക് രണ്ടര ടേബിൾ സ്പൂൺ മല്ലിപ്പൊടി, അര ടീ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, ഒന്നര ടേബിൾ സ്പൂൺ ഗരം മസാല, അര ടീ സ്പൂൺ നാരങ്ങാ നീര് എന്നിവ ചേർത്തു നന്നായി വഴറ്റുക.
6. കൂട്ട് നന്നായി വഴറ്റിയതിന് ശേഷം ഇതിലേക്ക് ചിക്കൻ വേവിച്ച വെള്ളം ചേർത്ത് ഇളക്കുക(ഈ ചേർത്ത വെള്ളം കുറവാണെന്ന് തോന്നിയാൽ ആവശ്യാനുസരണം വീണ്ടും വെള്ളം ചേർക്കാം)
7.ശേഷം മസാല നന്നായി തിളയ്ക്കാൻ അനുവദിക്കുക. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്തു യോജിപ്പിക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ നെയ്യും മല്ലിയിലയും ചേർത്ത് ഇളക്കി അടുപ്പിൽ നിന്ന് മാറ്റാം.
8. ബിരിയാണി ചോറിന് മൂന്ന് കപ്പ് ജീരകശാല/കൈമ അരിയാണ് സാധാരണ ഉപയോഗിക്കുന്നത്. അത് നന്നായി കഴുകി എടുക്കുക്കുക
9. ബിരിയാണി ഉണ്ടാക്കുന്ന പാത്രത്തിൽ നാല് ടേബിൾ സ്പൂൺ നെയ്യും എണ്ണയും സമാസമം ചേർക്കുക. ശേഷം ഒരു സവാള നേരിയതായി അരിഞ്ഞത് വറുത്തെടുക്കുക. സവാള വറുത്തു മാറ്റിയ എണ്ണയിലേക്ക് പട്ട, ഏലയ്ക്ക, ഗ്രാമ്പു, തക്കോലം എന്നിവ ചേർത്തിളക്കുക. ഇതിലേക്ക് ഒരു ടീ സ്പൂൺ പെരും ജീരകവും അര ടീ സ്പൂൺ വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റുക. ഈ കൂട്ട് വഴറ്റിയതിനു ശേഷം ഇതിലേക്ക് നാലര കപ്പ് വെള്ളം ചേർത്ത് തിളയ്ക്കാൻ അനുവദിക്കുക. ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം എന്നാണ് കണക്ക്
10. വെള്ളം തിളച്ചതിനു ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കഴുകി വെച്ച അരിയും ചേർക്കുക. ശേഷം ലോ ഫ്ലെയ്മിൽ അരി വേവിച്ചെടുക്കുക. അരി പാതി വേവുമ്പോൾ ഇതിലേക്ക് ഗ്രേറ്റ് ചെയ്ത കാരറ്റും പൈനാപ്പിൾ കഷ്ണങ്ങളും വറുത്തു വെച്ച സവാളയും മല്ലിയിലയും ചേർത്ത് അരി വേവിച്ചെടുക്കുക. ശേഷം വിളമ്പുക. മാഞ്ഞാലി ബിരിയാണി റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.