മഴക്കാലത്ത് നമുക്കൊരു മസാല ചായ ഉണ്ടാക്കിയാലോ...?
text_fieldsഏത് നാട്ടിലായാലും ചായ ജീവിതത്തിന്റെ ഒരു ഭാഗമാണ്. വർഷങ്ങൾക്ക് മുൻപ് തന്നെ നമ്മുടെ പൂർവികർ ചായ ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ചായയിൽ പരീക്ഷണങ്ങൾ നടത്തുന്നത് ലോകമെമ്പാടും സർവ്വ സാധാരണമാണ്. വെറും പാനീയം എന്നതിലുപരി പലതരത്തിലും നമ്മൾ ചായയെ ഉപയോഗപ്പെടുത്താറുണ്ട്. ചിലർക്ക് ചായ ശരീരത്തിന് ഉൻമേഷം പകരുന്നതാണെങ്കിൽ മറ്റു ചിലർക്ക് അത് വയറിന്‍റെ അസ്വസ്ഥത മാറ്റാൻ ആയിരിക്കും. അങ്ങനെ ചായയുടെ ഉപയോഗം പലവിധം. സാധാ ചായയേക്കാൾ മസാല ചായക്ക് സ്വാദും ഗുണവും ഏറെയാണ്. ചില മസാല ചായകൾ പ്രതിരോധ ശക്തി വർധിപ്പിക്കാനും ഉപകാരപ്രദമാണ്. ഈ മഴക്കാലത്ത് നമുക്കൊരു മസാല ചായ ഉണ്ടാക്കിയാലോ...?
ചേരുവകൾ:
- വെള്ളം - 2 ഗ്ലാസ്
- ഏലക്കായ - 4 എണ്ണം
- ഗ്രാമ്പൂ - 4 എണ്ണം
- ചായപ്പൊടി - 4 ടീസ്പൂൺ
- പഞ്ചസാര - നാലര ടീസ്പൂൺ
- മുളക് പൊടി - ഒരു നുള്ള്
- പശുവിൻ പാൽ - 2 ഗ്ലാസ്
- ഗരം മസാല പൊടി - ഒരു നുള്ള്
തയാറാക്കുന്ന വിധം:
ആദ്യമായി ചായപ്പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് അതിലേക്ക് ഏലക്കായും ഗ്രാമ്പൂവും ഇട്ടു തിളക്കുമ്പോൾ ചായപ്പൊടിയും പഞ്ചസാരയും ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് ഒരു നുള്ള് മുളക് പൊടിയും കൂടെ ചേർത്ത് തിളച്ചു കഴിഞ്ഞാൽ പാൽ ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഗരംമസാല പൊടിയും ഇട്ട് നന്നായി തിളപ്പിച്ചെടുക്കുക. നാല് ഗ്ലാസ് ചായ മൂന്ന് ഗ്ലാസ് ആയി മാറുന്നത് വരെ ചെറിയ തീയിൽ തിളപ്പിക്കണം. ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്തു നന്നായി ആറ്റി എടുത്താൽ നല്ല രുചിയും കടുപ്പവും മണവും ഉള്ള മസാല ചായ റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.