ചപ്പാത്തിക്കൊപ്പം ഫൂൽ മഖാന കറി കഴിക്കാം
text_fieldsphoto courtesy: tickling palates
ഇരുമ്പ്, കാത്സ്യം, ഫോസ് ഫറസ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുള്ള താമരവിത്തുകളെ (മഖാന) വെജ് പ്രോട്ടീൻ എന്നാണ് അറിയപ്പെടുന്നത്. കലോറി വളരെ കുറവാണ്, എന്നാൽ, ഫൈബർ ധാരാളമുണ്ട്. വണ്ണം കുറക്കാൻ ശ്രമിക്കുന്നവർക്ക് മികച്ചതാണ്. ഉത്തരേന്ത്യൻ വിഭവമായ ഫൂൽ മഖാന കറി ചപ്പാത്തിക്കൊപ്പം കഴിക്കാൻ മികച്ചതാണ്. മഖാന (താമരവിത്ത്) ഉപയോഗിച്ച് ഏറെ ആരോഗ്യ ഗുണമുള്ള വിഭവങ്ങൾ തയാറാക്കാൻ സാധിക്കും.
ചേരുവകൾ:
- താമരവിത്ത് - 100 ഗ്രാം
- പെരുംജീരകം - കാൽ ടീസ്സ്പൂൺ
- ഗ്രാമ്പു - 3 എണ്ണം
- പട്ട - 2 ചെറിയ കഷ്ണം
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -
- സവാള - 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)
- പച്ചമുളക് - 2 എണ്ണം
- തക്കാളി - 1 എണ്ണം (അരിഞ്ഞത്)
- മഞ്ഞൾ പൊടി - 1/4 ടേബിൾസ്പൂൺ
- മുളകുപൊടി - 2 ടേബിൾ സ്പൂൺ
- മല്ലിപൊടി - 1 ടേബിൾ സ്പൂൺ
- ബട്ടർ - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - ആവശ്യത്തിന്
തയാറാക്കുന്നവിധം:
അടുപ്പിൽവച്ച പാൻ ചൂടായ ശേഷം ബട്ടർ ഒഴിച്ച് താമരവിത്തുകൾ ഫ്രൈ ചെയ്ത് മാറ്റിവെക്കുക. ശേഷം പാനിൽ ബട്ടർ ഒഴിച്ച് ഗ്രാമ്പൂ, പട്ട, പെരുംജീരകം എന്നിവ വഴറ്റിയെടുക്കുക. അരിഞ്ഞുവച്ച സവാളയിൽ പകുതി അതിലേക്ക് ചേർക്കുക.
പച്ചമുളക്, വെളുത്തുള്ളി- ഇഞ്ചി പേസ്റ്റ് എന്നിവ യഥാക്രമം സവാളയോടൊപ്പം ചേർത്ത് ഉപ്പ് ചേർത്ത് വഴറ്റുക. ഇവയുടെ പച്ചമണം മാറിയ ശേഷം മഞ്ഞൾ പൊടി, മുളകുപൊടി, മല്ലിപൊടി എന്നിവ ചേർക്കുക. ഇതിലേക്ക് അരിഞ്ഞ തക്കാളി കൂടി ചേർത്ത് വഴറ്റുക. ഇവയെല്ലാം നന്നായി വാടിയ ശേഷം പാനിൽ നിന്നും മാറ്റി ചൂടാറിയ ശേഷം പേസ്റ്റ് പരുവത്തിൽ നന്നായി അരച്ചെടുക്കുക.
മറ്റൊരു പാനിൽ ബട്ടർ ചൂടാക്കി ബാക്കിയുള്ള സവാളയും ചേർത്ത് വഴറ്റിയ ശേഷം അരച്ചുവച്ച പേസ്റ്റ് കൂടി ചേർക്കാം. ആവശ്യത്തിന് വെള്ളം ഒഴിച്ച ശേഷം ഫ്രൈ ചെയ്ത താമര വിത്തുകൾ കൂടി ചേർക്കണം. തുടർന്ന് അടച്ചുവച്ച് തിളപ്പിച്ച ശേഷം മല്ലിയിലയിട്ട് ഫൂൽ മഖാന കറി വിളമ്പാവുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.