ഇത് പൊളിക്കും, പുളിയിലയിട്ട് പൊള്ളിച്ച മീൻ
text_fieldsവാഴയിലയിൽ, കല്ലിൽ തുടങ്ങി പല രീതിയിൽ മീൻ പൊള്ളിക്കാം. ഇതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് പുളിയിലയിട്ട് പൊള്ളിച്ച മീൻ.
ചേരുവകൾ:
(അയലയുടെ വലുപ്പമുള്ള രണ്ട് മീനിലേക്ക്)
1. മീൻ (അയല, മത്തി, കിളിമീൻ തുടങ്ങി ഏതുമാവാം)
2. വെളുത്തുള്ളി- നാല് അല്ലി
3. ഇഞ്ചി- രണ്ട് ഇഞ്ച് നീളത്തിലുള്ള കഷ്ണം
4. പുളിയില- ഒരു പിടി (അല്ലെങ്കിൽ ഒരു സ്പൂൺ വാളൻ പുളി പേസ്റ്റ്)
5. ഉപ്പ്- പാകത്തിന്
6. കുരുമുളകുപൊടി-ഒരു ടീസ്പൂൺ
7. മുളകുപൊടി -ഒരു ടീസ്പൂൺ
8. കാശ്മീരി മുളകുപൊടി -ഒരു ടീസ്പൂൺ
9. ചെറുനാരങ്ങ-ഒരു പകുതി
10. മുരിങ്ങയില- ഒരു പിടി
11. കറിവേപ്പില- നാല് തണ്ട്
തയാറാക്കുന്ന വിധം:
മീൻ ചെതുമ്പല് കളഞ്ഞ് കഴുകി വൃത്തിയാക്കി ഇരുപുറവും കത്തി കൊണ്ട് ആഴത്തിൽ വരഞ്ഞുവെക്കുക. രണ്ടു മുതൽ എട്ടുവരെയുള്ള ചേരുവകൾ അരകല്ലിൽ അരച്ച് (മിക്സിയിലായാലും മതി) ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് മസാല തയാറാക്കി അത് മീനിൽ നന്നായി തേച്ചുപിടിപ്പിച്ച് അരമണിക്കൂർ മാറ്റിവെക്കുക.
തുടർന്ന് ഒാവൻ ഉള്ളവർ അത് 190 ഡിഗ്രി ചൂടാക്കിയ ശേഷം ഒരു ട്രേയിൽ ബേക്കിങ് പേപ്പർ അല്ലെങ്കിൽ ബട്ടർപേപ്പർ വിരിച്ച് അതിനുമുകളിൽ ഗ്രിൽ ചെയ്യാൻ ഉപയോഗിക്കുന്ന സ്റ്റാൻഡിൽ രണ്ടുതണ്ട് കറിവേപ്പിലയിൽ ഒരു മീൻ എന്ന രീതിയിൽ വെച്ച് അര മണിക്കൂർ ബേയ്ക്ക് ചെയ്യുക. തുടർന്ന് ചൂടോടെ പ്ലേറ്റിൽ വിതറിയ മുരിങ്ങയിലയുടെ മുകളിൽ വെച്ച് ഉപയോഗിക്കാം.
ഒാവൻ ഇല്ലാത്തവർ അടപ്പുള്ള പരന്ന നോൺ സ്റ്റിക് പാത്രത്തിൽ ഒരു പ്ലേറ്റിൽ ടിഷ്യൂ പേപ്പർ വെച്ച് അതിനു മുകളിൽ ഗ്രിൽ ചെയ്യാൻ ഉപയോഗിക്കുന്ന സ്റ്റാൻഡിൽ രണ്ടു തണ്ട് കറിവേപ്പിലയിൽ ഒരു മീൻ എന്ന രീതിയിൽവെച്ച് അടപ്പു കൊണ്ട് അടച്ച് അരമണിക്കൂർ വേവിക്കുക. 15 മിനിറ്റ് കഴിയുമ്പോൾ മീൻ തിരിച്ചിടാൻ മറക്കരുത്. പാത്രത്തിൽനിന്ന് നേരിട്ട് മുരിങ്ങയില വിതറിയ പ്ലേറ്റിലേക്ക് മാറ്റണം. മീനിന്‍റെ ചൂടുകൊണ്ട് വാടി മസാലപുരണ്ട മുരിങ്ങയില മീനിന്‍റെ കൂടെ കഴിക്കാം. അത് പ്രത്യേക രുചിയും പോഷകങ്ങൾ ഉള്ളതുമാണ്.
പുളിയില ഒഴികെയുള്ള എല്ലാ വസ്തുക്കളും ഗൾഫ് നാടുകളിൽ മാർക്കറ്റിൽ വാങ്ങാൻ കിട്ടും. വാളൻ പുളിയുടെ കുരു കുഴിച്ചിട്ട് പരിപാലിച്ചാൽ ഗൾഫിലെ മണ്ണിൽ അത് നന്നായി വളരും. ഒരു ചെടിയായി വളർത്തിയാൽ പാചകത്തിന് വ്യത്യസ്തത കിട്ടാനായി പുളിയില ചേർക്കാൻ അത് ഉപകരിക്കും.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.