പത്തു പേർക്കുള്ള ഒരു അവിയലും പായസവുമെല്ലാം തയാറാക്കിയാലോ...
text_fieldsലോകമെമ്പാടുമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഓണത്തിന്റെ ഓർമകൾക്ക് പൂവിളി ഉയരുന്നത് ചിങ്ങം പിറക്കുമ്പോഴാണ്. കുടുംബാംഗങ്ങളോടൊപ്പം നാട്ടിൽ ഓണം കെങ്കേമമാക്കാൻ വെമ്പൽകൊള്ളാത്ത മലയാളികൾ വിരളമായിരിക്കും.
ആഘോഷങ്ങൾക്കു മിഴിവേകുന്നതിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ഓണസദ്യ തന്നെയാണ് അതിന്റെ ഹൈലൈറ്റ്. നാവിൽ കൊതിയൂറുന്ന ഓണസദ്യയിലെ താരങ്ങളാണ് അവിയലും പായസവും എരിശ്ശേരിയും. പത്തു പേർക്കുള്ള ഒരു അവിയലും പായസവുമെല്ലാം തയാറാക്കിയാലോ...
അവിയൽ
ആവശ്യമുള്ള സാധനങ്ങൾ
- ചേന-350 ഗ്രാം
- ഏത്തക്കായ-300 ഗ്രാം
- പടവലം -200 ഗ്രാം
- വെള്ളരിക്ക -200 ഗ്രാം
- വഴുതനങ്ങ -200 ഗ്രാം
- കത്തിരിക്ക -150 ഗ്രാം
- ക്യാരറ്റ് -150 ഗ്രാം
- അച്ചിങ്ങാപ്പയർ - 100 ഗ്രാം
- ഉരുളക്കിഴങ്ങ് - 300 ഗ്രാം
- മുരിങ്ങക്കായ് -രണ്ടെണ്ണം
- വെളിച്ചെണ്ണ- 300 ഗ്രാം
- ചെറിയ ജീരകം- ഒരു ടീസ്പൂൺ
- വെളുത്തുള്ളി- 12 അല്ലി
- ചുവന്നുള്ളി-200 ഗ്രാം
- സവാള- 200 ഗ്രാം
- തേങ്ങ ചിരവിയത്- ഒന്നര മുറി
- പച്ചമുളക്-12 എണ്ണം
- മഞ്ഞൾപൊടി - ഒരു ടീസ്പൂൺ
- കറിവേപ്പില- അഞ്ച് തണ്ട്
- ഉപ്പ്- ആവശ്യത്തിന്
- പച്ച മാങ്ങ -ഒരെണ്ണം (പുളിയുള്ളത്)
തയ്യാറാക്കുന്ന വിധം
പച്ചക്കറികൾ എല്ലാം രണ്ടിഞ്ചു നീളത്തിൽ കനം കുറച്ച് അരിഞ്ഞ് കഴുകി വാരി വെള്ളം പോകാൻ വെക്കുക. സവാള നീളത്തിൽ അരിഞ്ഞതും 50 ഗ്രാം ചുവന്നുള്ളിയും പച്ചമുളക് രണ്ടായി കീറിയതും 100ഗ്രാം വെളിച്ചെണ്ണയും മഞ്ഞൾപ്പൊടിയും അൽപം കറിവേപ്പിലയും കുറച്ചു ഉപ്പും ചേർത്ത് നന്നായി തിരുമ്മിയശേഷം അൽപം വെള്ളം തളിച്ച് ചെറുതീയിൽ ഈ പച്ചക്കറി കഷ്ണങ്ങൾ വേവിക്കുക. മാങ്ങ പൂളി നീളത്തിൽ കഷണങ്ങളാക്കിയതും ഇതോടൊപ്പം ചേർക്കണം.
ചിരവിയ തേങ്ങ, ജീരകം, വെളുത്തുള്ളി, ചുവന്നുള്ളി 50 ഗ്രാം ഇവ അധികം അരഞ്ഞു പോകാതെ ഒതുക്കിയെടുക്കുക. മുക്കാൽവേവാകുമ്പോൾ അരപ്പ് കൂടി ചേർക്കുക. ആവശ്യമെങ്കിൽ അൽപംകൂടി വെള്ളം തളിക്കണം. കഷ്ണങ്ങളെല്ലാം വെന്ത് നന്നായി ആവി വന്നതിനുശേഷം, ബാക്കിയുള്ള ചുവന്നുള്ളി ചതച്ച് കറിവേപ്പിലയോടൊപ്പം വെളിച്ചെണ്ണയിൽ നന്നായി തിരുമ്മി അവിയലിൽ ചേർത്ത് ഇളക്കുക. ഒരു സ്പൂൺ കട്ട തൈര് കൂടി ചേർത്താൽ പുളിയും രുചിയും ഏറും.
പാൽപ്പായസം
ആവശ്യമുള്ള സാധനങ്ങൾ
- ഉണക്കലരി -350 ഗ്രാം
- പശുവിൻ പാൽ - ഒന്നര ലിറ്റർ
- പഞ്ചസാര-700 ഗ്രാം
- ചവ്വരി -50 ഗ്രാം
- തേങ്ങാപ്പാൽ-200 ഗ്രാം
- ഗ്രാമ്പു -5 എണ്ണം
- കശുവണ്ടി പരിപ്പ്-100 ഗ്രാം
- നെയ്യ്-50 ഗ്രാം
തയ്യാറാക്കുന്ന വിധം
അരി നന്നായി കഴുകിയശേഷം ഒരു മണിക്കൂർ വെള്ളത്തിൽ ഇട്ടുവെക്കുക. കുതിർത്ത അരി അര ലിറ്റർ വെള്ളവും അര ലിറ്റർ പാലും ചേർത്ത് ചെറുതീയിൽ കുക്കറിൽ പകുതി വേവിക്കുക. സാമാന്യം വലിപ്പമുള്ള മറ്റൊരു പാത്രത്തിൽ ബാക്കിയുള്ള ഒരു ലിറ്റർ പാലിൽ വെന്തചോറിട്ട് വീണ്ടും അടുപ്പിൽ വെക്കുക. ഇതോടൊപ്പം പഞ്ചസാര, ചതച്ച ഗ്രാമ്പൂ, ചവ്വരി എന്നിവ ചേർത്ത് ഇളക്കിക്കൊണ്ടേയിരിക്കണം. തീ കൂടാതെ പ്രത്യേകം ശ്രദ്ധിക്കണം. കുറുകി വരുമ്പോൾ തേങ്ങാപ്പാൽ ഒഴിച്ചശേഷം അടുപ്പിൽനിന്ന് വാങ്ങി നെയ്യിൽ അണ്ടിപ്പരിപ്പ് വറുത്തു പുറമേ തൂകണം. മധുരം ക്രമീകരിക്കുന്നതിന് ഒരു നുള്ള് ഉപ്പുകൂടി ചേർക്കാം.
ശ്രദ്ധിക്കാൻ: പാൽപ്പായസത്തിന് ശരിക്കും ഉപയോഗിക്കേണ്ടത് ഉണക്കലരി തന്നെയാണെങ്കിലും ജീരകശാല അരിയിലും ചെയ്യാവുന്നതാണ്. വെളുത്ത നിറത്തിൽ ചെയ്യാവുന്ന മറ്റു പായസങ്ങളാണ് സേമിയയും അടയും
അടപ്രഥമൻ
ആവശ്യമുള്ള സാധനങ്ങൾ
- അട-200 ഗ്രാം
- (കനം കുറഞ്ഞ പാളികളായത് )
- നാടൻ നെയ്യ് - 300 ഗ്രാം
- » രണ്ട് തേങ്ങ ചിരവിയതിന്റെ തനിപ്പാൽ
- ഒരു കപ്പും രണ്ടാം പാലും മൂന്നാം പാലും
- ഒന്നിച്ചു പിഴിഞ്ഞ് രണ്ടു ലിറ്റർ വെള്ളത്തിൽ
- കരുതുക
- ശർക്കര- മുക്കാൽ കിലോ (അരക്കപ്പ്
- വെള്ളം ഒഴിച്ച് പാനിയാക്കി അരിച്ചത്)
- കശുവണ്ടിപ്പരിപ്പ് -150 ഗ്രാം
- തേങ്ങാക്കൊത്ത് ചെറുതായി അരിഞ്ഞത് -(രണ്ട് ടേബിൾ സ്പൂൺ)
- ചെറിയ ജീരകം, ഏലക്ക, ചുക്ക് -(ചൂടാക്കി പൊടിച്ചത് ഒന്നര ടേബിൾ സ്പൂൺ)
തയ്യാറാക്കുന്ന വിധം
കൈകൊണ്ട് പൊടിച്ച അട 100 ഗ്രാം നെയ്യിൽ ചൂടാക്കി ഒന്നര ലിറ്റർ വെള്ളത്തിൽ കുക്കറിൽ വേവിച്ച് രണ്ട് വിസിൽ വന്നശേഷം തീ ഓഫ് ചെയ്യുക. 20 മിനിറ്റ് കഴിഞ്ഞ് മറ്റൊരു പാത്രത്തിൽ അടയോടൊപ്പം ശർക്കരപ്പാനി ഒഴിച്ച് ചെറുതീയിൽ വേവിക്കുക. അതിനുശേഷം രണ്ട് ലിറ്റർ പാലിനോടൊപ്പം ചേർത്ത് നന്നായി യോജിപ്പിക്കുക. 10 മിനിറ്റിനുശേഷം തനിപ്പാൽ ഒഴിച്ച് അടുപ്പിൽനിന്ന് വാങ്ങി, അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും ബാക്കി നെയ്യിൽ ബ്രൗൺ നിറത്തിൽ വറുത്ത് പായസത്തിൽ ചേർക്കുക. ഇതോടൊപ്പം തന്നെ പൊടികളും കൂടി ചേർത്താൽ പായസം റെഡി.
എരിശ്ശേരി
ആവശ്യമുള്ള ചേരുവകൾ
- മത്തങ്ങ-500 ഗ്രാം
- ചേന -500 ഗ്രാം
- വൻപയർ -200 ഗ്രാം
- ചുവന്നുള്ളി -100 ഗ്രാം
- ചെറു ജീരകം -ഒരു ടീസ്പൂൺ
- വെളുത്തുള്ളി -10 അല്ലി
- പച്ചമുളക് -10 എണ്ണം (രണ്ടായി പിളർന്നത് )
- വറ്റൽ മുളക് -5 എണ്ണം
- വെളിച്ചെണ്ണ -200 ഗ്രാം
- തേങ്ങചിരവിയത്- 3 കപ്പ്
- മഞ്ഞൾപൊടി -ഒരു ടേബിൾ സ്പൂൺ
- കടുക്, കറിവേപ്പില, ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചേനയും മത്തങ്ങയും മുക്കാൽ ഇഞ്ച് കനത്തിൽ വെവ്വേറെ നുറുക്കി വെക്കുക. ഒരു ലിറ്റർ വെള്ളത്തിൽ ചേന പകുതി വെന്തുകഴിയുമ്പോൾ മത്തങ്ങ, പച്ചമുളക്, കുറച്ച് ചുവന്നുള്ളി പിളർന്നത്, മഞ്ഞൾപൊടി, ഉപ്പ് ഇവ ചേർത്ത് വേവിക്കുന്നതോടൊപ്പം കുതിർത്ത് മുക്കാൽ വേവായ വൻപയറും ചേർക്കണം.
ജീരകം, വെളുത്തുള്ളി, ചുവന്നുള്ളി, രണ്ട് കപ്പ് തേങ്ങ ഇവ അധികം അരയാതെ ഒതുക്കിയെടുക്കുക. ഈ കൂട്ട് അൽപം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ചെറുതീയിൽ തിളപ്പിച്ച് മാറ്റുക. മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് ചുവന്നുള്ളി, വറ്റൽ മുളക്, തേങ്ങ, കറിവേപ്പില ഇവ ബ്രൗൺ നിറത്തിൽ വറുത്തു ചേർക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.