മാവ് കുഴക്കാതെ സ്റ്റഫ്ഡ് ബ്രെഡ് മൂൺസ്
text_fieldsപുതിയ രുചികൾ തേടി അവ പരീക്ഷിച്ചു നോക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് നമ്മൾ മലയാളികൾ. വൈകിട്ടുള്ള ചായ കടിക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു രുചിക്കൂട്ട്, നമ്മുടെ വീട്ടിലെ ചേരുവകൾ വെച്ച് തന്നെ ഉണ്ടാക്കിയാലോ. ചൂട് ചായക്കൊപ്പം നല്ല മുരുമുരുപ്പൊടെ കഴിക്കാൻ പറ്റിയ അടിപൊളി സ്നാക്ക്. ഈ പലഹാരത്തിന്‍റെ ഉള്ളിലെ ഫില്ലിംഗ് നമുക്ക് ചിക്കനിലും ബീഫിലും മുട്ടയിലും എല്ലാം ചെയ്തെടുക്കാം.
ചേരുവകൾ:
- ബീഫ് - 200 gm
- സവാള - ഒരെണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടീ സ്പൂൺ, പച്ചമുളക് - രണ്ടെണ്ണം
- മല്ലിയില അരിഞ്ഞത് - ഒരു ടേബ്ൾ സ്പൂൺ
- മല്ലിപ്പൊടി- ഒരു ടീ സ്പൂൺ, കുരുമുളക്പൊടി - അര ടീ സ്പൂൺ
- മഞ്ഞൾപ്പൊടി - കാൽ ടീ സ്പൂൺ, മുളക്പൊടി - അര ടീ സ്പൂൺ
- കാരറ്റ് - അര കഷ്ണം, ഉരുളക്കിഴങ്ങു - ഒരെണ്ണം ചെറുത്
- വെളിച്ചെണ്ണ - ഒരു ടേബ്ൾ സ്പൂൺ
- ബ്രെഡ് - 10 എണ്ണം, മുട്ട - രണ്ടെണ്ണം
- ബ്രെഡ് ക്രംബ്സ് - ഒരു കപ്പ് (മുകളിൽ പറഞ്ഞ ബ്രെഡിൽ നിന്ന് തന്നെ ഉണ്ടാക്കാം)
- ഓയിൽ - ഫ്രയിങ്ങിന്
തയാറാക്കൽ:
ആദ്യം ബീഫ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും കുരുമുളക് പൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കാം. ഇനി ഉരുളക്കിഴങ്ങും കാരറ്റും ഗ്രേറ്റർ ഉപയോഗിച്ച് ചെറുതായി അരിഞ്ഞെടുക്കാം. ശേഷം ഒരു പാനിൽ ഓയിൽ ചൂടാക്കി സവാളയും പച്ചമുളകും ഇഞ്ചിവെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി വഴറ്റുക. ചെറുതായി അരിഞ്ഞു വെച്ച ഉരുളക്കിഴങ്ങും കാരറ്റും ചേർത്ത് കൊടുക്കുക. നന്നായി വഴറ്റി കൊടുക്കുക. ശേഷം മഞ്ഞൾപ്പൊടിയും മുളക്പൊടിയും ചേർക്കുക. വേവിച്ചു വെച്ച ബീഫ് ചെറുതായി പിച്ചിയെടുത്തു ഇട്ടു കൊടുക്കുക.
നന്നായി മിക്സ് ചെയ്യുക. ഗരം മസാലയും മല്ലിയിലയും ചേർത്ത് കൊടുക്കാം. നമ്മുടെ സ്റ്റഫിങ് റെഡിയായി. ഇനിയൊരു ബ്രഡ് എടുത്ത് വട്ടത്തിൽ മുറിച്ചെടുക്കുക (വട്ടത്തിലുള്ള മൂടി പോലെയുള്ള എന്തെങ്കിലും ഇതിനായി ഉപയോഗിക്കാം). മുറിച്ചു മാറ്റിയ ബ്രഡിന്‍റെ കഷ്ണങ്ങൾ കളയരുത്. വട്ടത്തിൽ മുറിച്ച ബ്രഡ് ചപ്പാത്തി റോളർ ഉപയോഗിച്ച് ചെറുതായി പരത്തിയെടുക്കുക. അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച സ്റ്റഫിങ് വെച്ച് കൊടുത്തു അല്പം വെള്ളം തൊട്ടു അറ്റം ഒട്ടിക്കുക. ശേഷം കലക്കി വെച്ച മുട്ടയിൽ മുക്കി ബാക്കി വന്ന ബ്രെഡ് കഷ്ണങ്ങൾ പൊടിച്ചു തയ്യാറാക്കിയ ബ്രഡ് ക്രംസിൽ മുക്കി ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക. നമ്മുടെ ക്രിസ്പ്പി ബ്രഡ് മൂൺസ് റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.