പുതിയ രുചിയിൽ ഒരു റൈസ് ഐറ്റം, യഖ്‌നി പുലാവ്
text_fieldsചിക്കനിലും മട്ടനിലും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു കശ്മീരി റൈസ് ഐറ്റം ആണ് യഖ്നി പുലാവ്. ബസുമതി അരിയിൽ ഇന്ത്യൻ സ്‌പൈസസ് എല്ലാം കൂട്ടി ഉണ്ടാക്കുന്ന ഒരു വിഭവം. പൊതുവെ യഖ്നി പുലാവ് വെള്ള നിറത്തിലാണ് തയ്യാറാക്കുന്നത്. കൊതിയൂറുന്ന ഫ്ലേവറോടു കൂടി അധികം എണ്ണയൊന്നും ഇല്ലാതെ കഴിക്കാൻ പറ്റിയ സൂപ്പർ റൈസ് വിഭവം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും യഖ്നി പുലാവ്. പൊതുവെ ചിക്കനിലാണ് ഉണ്ടാക്കാറുള്ളതെങ്കിലും മട്ടനിലും തയ്യാറാക്കിയെടുക്കാവുന്നതാണ്. പാചകം ചെയ്യുന്ന സമയവും ഇതിൽ ഉപയോഗിക്കുന്ന മസാലകളുടെ അളവും അല്പം കൂടുതൽ വേണമെന്ന് മാത്രം.
ചേരുവകൾ:
- 1. ബസുമതി റൈസ്: നാല് ഗ്ലാസ്
- 2. ചിക്കൻ: ഒരു കിലോ
- 3. ചെറിയ ജീരകം: ഒരു ടേബ്ൾസ്പൂൺ
- 4. വലിയ ജീരകം: ഒരു ടേബ്ൾസ്പൂൺ
- 5. പച്ചമല്ലി: ഒന്നര ടേബ്ൾസ്പൂൺ
- 6. കറുവപ്പട്ടയില: രണ്ട് എണ്ണം
- 7. കറുവപ്പട്ട: രണ്ട് എണ്ണം
- 8. സ്റ്റാർ ഐൻസ്: രണ്ട് എണ്ണം
- 9. ഏലക്കായ: അഞ്ച് എണ്ണം
- 10. കറുത്ത ഏലക്ക: രണ്ട് എണ്ണം
- 11. കുരുമുളക്: അര ടേബ്ൾ സ്പൂൺ
- 12. ഗ്രാമ്പൂ: ആറ് എണ്ണം
- 13. ഉപ്പ്:- ആവശ്യത്തിന്
- 14. വെള്ളം: എട്ട് ഗ്ലാസ്
- 15. സവാള: ഒരെണ്ണം 16. ഇഞ്ചി:- ചെറിയ കഷ്ണം
- 17. വെളുത്തുള്ളി: മൂന്ന് ഇതൾ
- 18. ഓയിൽ: ഒരു ടേബ്ൾസ്പൂൺ
- 19. വെജിറ്റബിൾ നെയ്യ്: ഒരു ടേബ്ൾസ്പൂൺ
- 20. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: ഒരു ടേബ്ൾസ്പൂൺ
- 21. പച്ചമുളക്: ആറ് എണ്ണം
- 22. ജാതിക്ക പൊടി: ഒരു ടേബ്ൾസ്പൂൺ
- 23. ചെറിയ ജീരകം പൊടി: അര ടീസ്പൂൺ
- 24. കട്ട തൈര് (പുളിയില്ലാത്ത): അര കപ്പ്
- 25. ചെറുനാരങ്ങ: ഒരെ എണ്ണം
തയ്യാറാക്കുന്നവിധം:
വലിയ പാത്രത്തിലേക്ക് മേൽപറഞ്ഞ ഒന്ന് മുതൽ 17 വരെയുള്ള ചേരുവകൾ ചേർത്ത് കൊടുത്തു ഹൈ ഫ്ലയിമിൽ അഞ്ച് മിനിറ്റ് തിളപ്പിക്കുക. ശേഷം തീ മീഡിയം ലെവലിൽ ആക്കി 10 മിനിറ്റ് വെക്കുക. ഇനി വേവിച്ച ചിക്കൻ കഷ്ണങ്ങൾ വേറൊരു പാത്രത്തിലേക്ക് മാറ്റുക. തിളപ്പിച്ച വെള്ളം (ചിക്കൻ സ്റ്റോക്ക്) അരിച്ചെടുത്ത ശേഷം മാറ്റി വെക്കുക.
ഒരു പാനിലേക്ക് ഓയിലും വെജിറ്റബിൾ നെയ്യും ഒഴിച്ച് കൊടുത്തു സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. നന്നായി വഴറ്റുക. ശേഷം വേവിച്ചു മാറ്റിവെച്ച ചിക്കൻ കഷ്ണങ്ങൾ അതിലേക്ക് ചേർക്കുക. പച്ചമുളക് നടുകീറി ഇട്ടു കൊടുക്കുക, വഴറ്റുക. ജാതിക്ക പൊടിയും നല്ല ജീരകത്തിന്‍റെ പൊടിയും തൈരും ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക.
അഞ്ച് മിനിറ്റ് മൂടി വെച്ച ശേഷം നേരത്തെ തയ്യാറാക്കി വെച്ച ചിക്കൻ സ്റ്റോക്കും ഒരു ഗ്ലാസ് വെള്ളവും ചേർക്കുക. വെള്ളം തിളച്ചു വരുമ്പോൾ അരി ഇട്ടു കൊടുക്കാം. അതിലേക്ക് ചെറുനാരങ്ങാ പിഴിഞ്ഞ് കൊടുക്കാം. അടച്ചു വെച്ച് 15 മിനിറ്റ് പാകം ചെയ്തെടുക്കാം. നമ്മുടെ രുചിയൂറും യഖ്നി പുലാവ് റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.