ബംഗാളിലെ വഴിയോര കടയിൽ ഒരു കപ്പ് ചായക്ക് 1,000 രൂപ!!
text_fieldsപത്ത് രൂപക്ക് സ്ഥിരമായി ചായ കുടിക്കുന്നവർ വാർത്തയുടെ തലക്കെട്ട് കണ്ടാൽ ചിലപ്പോൾ ഒന്ന് ഞെട്ടിയെന്ന് വരും. എന്നാലും സംഗതി സത്യമാണ്. കൊൽക്കത്തയിലെ '107 പള്ളിശ്രീ' ഭാഗത്തെ നിർജാഷ് എന്ന വഴിയോര കടയിലാണ് 1000 രൂപ വരെയുള്ള ചായയുടെ സ്വാദ് നുകരാനാവുക.
ലോകമെമ്പാടുമുള്ള വിവിധതരം ചായകൾ ഈ കൊച്ചുകടയിൽ ലഭിക്കുമെന്നതാണ് നിർജാഷിനെ വ്യത്യസ്തമാക്കുന്നത്. കടയുടമ പാർത്ഥപ്രതിം ഗാംഗുലി തെൻറ ഉയർന്ന ജോലി രാജിവെച്ചാണ് ചായക്കട തുടങ്ങുന്നത്. ചായകളോടുള്ള താൽപ്പര്യം തന്നെയാണ് ഇദ്ദേഹത്തെ ഈ മേഖലയിലേക്ക് എത്തിച്ചത്.
ബംഗാളിലെ വഴിയോരങ്ങളിൽ നിരവധി ടീസ്റ്റാളുകൾ കാണാമെങ്കിലും നിർജാഷ് ഇതിൽനിന്നെല്ലാം ഏറെ വ്യത്യസ്തമാണ്. ലോകമെമ്പാടുമുള്ള 115 വ്യത്യസ്ത തരം ചായകളാണ് ഇവിടെ വിൽപ്പനക്ക് വെച്ചിരിക്കുന്നത്.
ഇതിൽ ജപ്പാനിലെ സ്പെഷൻൽ സിൽവർ നീഡിൽ വൈറ്റ് ചായ വരെയുണ്ട്. ഇതിെൻറ ഒരു കിലോ തേയിലക്ക് 2.8 ലക്ഷം രൂപയാണ് വില. ഇത് കൂടാതെ 50,000 രൂപ മുതൽ 32 ലക്ഷം വരെ വിലയുള്ള തേയില ഉപയോഗിച്ച് തയാറാക്കുന്ന ബോ-ലേയ് ചായയും ഇവിടെ കിട്ടും. ഇതിനെല്ലാം പുറമെ കിലോക്ക് 14 രൂപ വിലയുള്ള യെർബ, മുഡാൻ ചായകളും ഇവിടെനിന്ന് നുകരാം.
ചോക്ലേറ്റ് ടീ, വൈറ്റ് ടീ, ചോളം ടീ, ബ്ലൂ ടീ തുടങ്ങിയവയും ലഭ്യമാണ്. ഇത്രയൊക്കെ വിലയുണ്ടെങ്കിലും ചായക്കടയിൽ എപ്പോഴും തിരക്കുതന്നെയാണ്. കടയുടെ മുൻവശത്തുകൂടി കടന്നുപോകുന്ന 1000ൽ 100 പേരെങ്കിലും ഇവിടെ നിർത്തി ചായ കുടിക്കാറുണ്ട്. ഒരുവട്ടം വന്നവർ വീണ്ടും തിരിച്ചുവരാറുമുണ്ടെന്നും കടയുടമ പറയുന്നു.
ഉയർന്ന വിലയുള്ള ചായപ്പൊടികൾ ഉപയോഗിക്കുന്നതിനാലാണ് ചായക്കും വില കൂടുന്നത്. ജാപ്പനീസ് വൈറ്റ് ലീഫ് ചായ ഒരു കപ്പിന് 1000 രൂപക്കാണ് വിൽക്കുന്നത്. ഈ പ്രീമിയം ചായയെ സംബന്ധിച്ചിടത്തോളം ഇതൊരു ഉയർന്ന തുകയല്ലെന്ന് ഗുണഭോക്താക്കൾക്ക് അറിയാമെന്ന് ഉടമ പ്രതികരിച്ചു. ചായയോടൊപ്പം ലോകത്തിെൻറ നാനാഭാഗത്തുനിന്ന് ലഭിക്കുന്ന ചായപ്പൊടികളും ഇവിടെനിന്ന് വാങ്ങാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.